
എരുമേലി: സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരുന്നതിനിടയിൽ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് 12 കന്നുകാലികൾ കൂട്ടത്തോടെ ചത്തു. ബുധനാഴ്ച പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് കന്നുകാലികൾ ചത്തത്. പശുക്കൾ കൂട്ടത്തോടെ ചത്തുകിടന്നതിന് സമീപം ഒരു മരത്തിലും തറയിലും ഇടിവെട്ടേറ്റതിന്റെ ലക്ഷണങ്ങളുണ്ട്.
എസ്റ്റേറ്റ് മേഖലയിൽ അഴിച്ചുവിട്ട് വളർത്തിയിരുന്ന 8 പശുക്കളും 4 മൂരികളുമാണ് ചത്തത്. പശുക്കളിൽ നാലെണ്ണം ഗർഭിണികളായിരുന്നു. മൂരികളിൽ രണ്ടെണ്ണം കിടാരികളുമാണ്. രണ്ട് കർഷകരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കന്നുകാലികൾ. അഴിച്ചുവിട്ടിരുന്ന കന്നുകാലികൾ കൂട്ടത്തോടെ റബർ തോട്ടത്തിൽ നിൽക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നുവെന്നാണ് നിഗമനം. നൂറുകണക്കിന് പശുക്കളെയാണ് ചെറുവള്ളി എസ്റ്റേറ്റിൽ അഴിച്ച് വിട്ട് വളർത്തുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എരുമേലി സർക്കാർ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് കന്നുകാലികളെ തോട്ടത്തിൽ തന്നെ സംസ്കരിച്ചു. ഈ മേഖലയിൽ ആദ്യമായിട്ടാണ് ഇത്രയധികം കന്നുകാലികൾ മിന്നലേറ്റ് ചാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |