കോഴിക്കോട്: സാമ്പത്തികം ജീവിതത്തിൽ വില്ലനാകുമ്പോൾ പണപ്പയറ്റ് നായക വേഷമണിയും. പിന്നെ ആവശ്യക്കാരന്റെ കീശ നിറയ്‌ക്കും. വടകര ഭാഗത്താണ് (പഴയ കടത്തനാട്) പഴമക്കാർ തുടങ്ങിയ 'പണമാചാരം' ന്യൂജെൻ വേഷമണിഞ്ഞത്. വീട് നിർമ്മാണം, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിലാണ് ഈ സ്നേഹ സമ്മാനം.
പഴമക്കാർ അഞ്ച് രൂപ മുതലാണ് പയറ്റിയിരുന്നത്. ഇപ്പോഴത് ആയിരങ്ങൾക്ക് വഴിമാറി. ക്യു.ആർ കോഡിന്റെ പുതുമോടിയണിഞ്ഞാണ് ഇപ്പോഴത്തെ പണപ്പയറ്റ്. പ്രവാസികളടക്കം പങ്കെടുക്കും. ലക്ഷങ്ങൾ വരെ സമാഹരിക്കാം.
പണത്തിന് ആവശ്യമുള്ളവരാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം പണപ്പയറ്രിന് ക്ഷണിക്കുന്നത്. നോട്ടീസ് പതിച്ചോ ചുവരുകളിൽ ചോക്കുകൊണ്ട് എഴുതിയോ ക്ഷണക്കത്ത് നൽകിയോ ആണ് പയറ്റുതീയതി അറിയിക്കുന്നത്.
ചായ സൽക്കാരത്തോടെ വീടുകളോ കടകളോ പയറ്റിന് വേദിയാകും. ആ ദിവസം നാട്ടിലെ മറ്റ് പയറ്റുകളും കല്യാണങ്ങളുമൊന്നും ഉണ്ടാവില്ല. വെെകിട്ട് തുടങ്ങുന്ന പയറ്റ് രാത്രി വെെകിയും തുടരും. പയറ്റുണ്ടെന്ന് അറിയിക്കാൻ സ്ഥലത്ത് പനയോലയോ കുരുത്തോലയോ സ്ഥാപിക്കും. പയറ്റിനെത്തുന്നവർക്ക് ബിരിയാണിയടക്കം നൽകുന്നുണ്ട്.
വടകര, ബാലുശ്ശേരി, നാദാപുരം, കുറ്റ്യാടി, പയ്യോളി, പേരാമ്പ്ര, തലശ്ശേരി, പാനൂർ, പൊയിലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പണപ്പയറ്റുള്ളത്. പണംപയറ്റ്, സതിര്, കുറിക്കല്യാണം, തേയില സൽക്കാരം എന്നീ പേരുകളുമുണ്ട്.
പണം ചൊരിയുന്ന അതിഥികൾ
പയറ്റിനെത്തുന്നവർ നൽകുന്ന തുക കൃത്യമായി 'പയറ്റുപുസ്തകത്തിൽ' എഴുതും. പണം ലഭിച്ചയാൾ പുസ്തകം സൂക്ഷിച്ചുവയ്‌ക്കും. തുടർന്ന് പണം നൽകിയവർ പണപ്പയറ്റ് (തിരിച്ചു പയറ്റ്) നടത്തിയാൽ അതിൽപങ്കെടുത്ത് തുക തിരിച്ചു നൽകും. ജീവകാരുണ്യ പ്രവർത്തനത്തിനുള്ളവയ്‌ക്ക് തിരിച്ചു പയറ്റില്ല. 2018ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലുശ്ശേരിയിൽ ജനകീയ പണപ്പയറ്റ് നടത്തിയിരുന്നു. കിട്ടിയതിനെക്കാൾ കുറച്ചു കൊടുത്താൽ മോശം പയറ്റുകാരനാകും. കൂടുതലാണെങ്കിൽ നല്ല പയറ്റുകാരനാണ്. ഒന്നും കൊടുക്കാത്തയാൾ അപമാനിതനാകും. ഒരിക്കൽ പയറ്റിയയാൾക്ക് രണ്ട് വർഷത്തെ ഇടവേളയിൽ വീണ്ടും പയറ്റാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |