SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

ഹണി ട്രാപ്പും ക്രോസ് മസാജിംഗും വ്യാപകം

spa
സ്പാ

'എട്ട് വർഷത്തിലധികമായി കോഴിക്കോട്ട് അനധികൃത സ്പാകൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞയാഴ്ച പോലും കോർപ്പറേഷനിൽ പുതിയ സ്പാ തുടങ്ങാനുള്ള അപേക്ഷ ലഭിച്ചു. പൊലീസിന്റെ എൻ.ഒ.സി ലഭിച്ചിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദമില്ലാതെ ഇതൊന്നും നടക്കില്ല. ബിനാമികളുടെ പേരിൽ പ്രമുഖരുടെ സ്പാകൾ പ്രവർത്തിക്കുന്നുണ്ട്.'

- കോഴിക്കോട് കോർപ്പറേഷനിലെ ജനപ്രതിനിധിയുടെ വാക്കുകളാണിവ.

തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഷോപ്സ് ആക്ട് പ്രകാരം ലെെസൻസെടുത്താണ് സ്പാകൾ തുടങ്ങുന്നത്. ഇത് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാനുള്ള ലെെസൻസാണ്. സ്പാകൾക്ക് കൃത്യമായ ലെെൻസൻസിംഗ് സംവിധാനമില്ല. ഇത് അവസരമാക്കിയെടുത്താണ് സ്പാകൾ മുളച്ചുപൊന്തുന്നത്.

എലത്തൂർ, കസബ പൊലീസ് സ്റ്റേഷൻ പരിധികളിൽ അനാശാസ്യ പ്രവർത്തനം നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മിക്ക സ്പാകളിലും അനാശാസ്യ പ്രവർത്തനം നടന്നിട്ടുണ്ടെന്നും പൊലീസ് സമ്മതിക്കുന്നു. അന്യസംസ്ഥാനങ്ങളിലെ യുവതികൾ ലെെംഗിക ചൂഷണത്തിന് ഇരയായിട്ടുമുണ്ട്. തുച്ഛമായ വേതനത്തിനാണ് അവർ ജോലി ചെയ്യുന്നത്.

തെക്കൻ ജില്ലകളിലെ യുവാക്കളടക്കം കോഴിക്കോട്ടെ സ്പാകളിലെത്തുന്നുണ്ട്. ചിലയിടങ്ങളിൽ ഹണി ട്രാപ്പും നടന്നതായി പറയുന്നു. വലിയ ബിസിനസുകാരെ ലക്ഷ്യമിട്ടാണിത്. മാനം പോകാതിരിക്കാൻ പറഞ്ഞ പണം കൊടുത്ത് കേസൊതുക്കിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പലയിടത്തും ക്രോസ് മസാജിംഗും നടക്കുന്നുണ്ട്.

ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം അനുമതിയില്ലാതെയാണ് പലതും പ്രവർത്തിക്കുന്നത്. ഡി.എം.ഒ, ഡി.ടി.പി.സി എന്നിവയുടെയും അനുമതിയില്ല. പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റുമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ കൊടുത്ത് ലെെസൻസ് ലഭിക്കും മുൻപേ പ്രവർത്തനം തുടങ്ങിയവയുമുണ്ട്.

ക്രമക്കേട് കോർപ്പറേഷനും കണ്ടെത്തി

കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് പല സ്ഥാപനങ്ങളും പ്രവർത്തിച്ചത്. തെറാപ്പിസ്റ്റുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റും ജീവനക്കാർക്ക് ഹെൽത്ത് കാർഡുമുണ്ടായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകിയിരുന്നു. കടുത്ത നടപടിയുണ്ടാകുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. കോഴിക്കോട്ട് സ്പാകൾ തഴച്ചുവളരാൻ ഇതുമൊരു കാരണമാണ്. അധികൃതരുടെ മൗനാനുവാദം ഇവയ്ക്കുണ്ടായിരുന്നുവെന്നാണ് ആക്ഷേപം.

പൊലീസ് റെയ്ഡിൽ കണ്ടെത്തിയത്

അനധികൃത സ്പാകൾ-89

അടപ്പിച്ചത്- 20

നോട്ടീസ് നൽകിയത്- 6

അറസ്റ്റിലായത്- 4 പേർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL