SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

മാറ്റങ്ങൾ ഇനിയും ഏറെ വേണം നിളയോര പാതയിൽ

d
നിളയോര പാത

പൊന്നാനി : പൊന്നാനിയെ ടൂറിസത്തിന്റെ നെറുകയിൽ എത്തിച്ച ഇടമെന്ന് വിശേഷിപ്പിക്കാമെങ്കിലും പരിമിതികൾ ഒരുപാടുണ്ട് ഇന്നും നിളയോരപാതയിൽ.

ചമ്രവട്ടം കടവ് മുതൽ പൊന്നാനി ഹാർബർ വരെ ഏഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ പാതയിലേക്ക് സഞ്ചാരികളേറെയെത്തുന്നുണ്ട്. ഭാരതപ്പുഴ അറബികടലിൽ പതിയുന്ന അഴിമുഖ സൗന്ദര്യമാസ്വദിക്കാൻ കുടുംബസമേതമാണ് ആളുകളെത്തുന്നത്.

ബോട്ട് സവാരിക്കടക്കമുള്ള സൗകര്യങ്ങളിവിടെയുണ്ട്.

രാത്രി വേണ്ടത്ര വെളിച്ച സംവിധാനങ്ങളൊരുക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പലഭാഗത്തും ആവശ്യത്തിന് തെരുവ് വിളക്കുകളില്ല. പുഴയുടെ സമീപത്ത് സുരക്ഷാഭിത്തിയില്ലാത്തത് പലപ്പോഴും വാഹനങ്ങൾ പുഴയിലേക്ക് വീഴുന്ന സാഹചര്യമുണ്ടാക്കുന്നു. മഴക്കാലത്ത് ഇരുട്ടിലൂടെയുള്ള യാത്ര അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്.

നിലവിൽ സർവീസ് നിറുത്തിവച്ച പൊന്നാനി-പടിഞ്ഞാറേക്കര ജങ്കാർ സർവീസ് തിരൂർ-കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് ഒരുപാട് സഞ്ചാരികളെ ആകർഷിച്ചിരുന്നു.

അപ്പങ്ങളുടെയും പലഹാരങ്ങളുടെ രുചിക്ക് പേരുകേട്ടയിടമാണ് പൊന്നാനി. എങ്കിലും പൊന്നാനിയുടെ രുചികൾക്ക് പ്രാധാന്യം നൽകുന്ന കടകളൊന്നും നിളയോരപാതയിലില്ല. ഇക്കാര്യത്തിൽ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വേണം കൂടുതൽ ഇരിപ്പിടങ്ങൾ

ഒരുപാട് സഞ്ചാരികളെത്തുന്നുണ്ടെങ്കിലും ഇരിപ്പിടസൗകര്യങ്ങളും മറ്റും കുറവാണ്. പലരും പുഴയുടെ അരികത്തായാണ് ഇരിക്കുന്നത്. ചിലർ സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നു. പുഴയുടെ അരികിൽ വിഷപാമ്പുകളുള്ളതിനാൽ സഞ്ചാരികൾക്ക് കടിയേൽക്കാം. അതിനാൽ മതിയായ ഇരിപ്പിടസൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ നഗരസഭ നിർമ്മിച്ച പുഴമുറ്റം പാർക്ക് മാത്രമാണ് ഇവിടെ സഞ്ചാരികൾക്ക് ഇരിക്കുന്നതിനുള്ള ഏക ആശ്രയം. ഇവിടെയും മഴ പെയ്താൽ നനയുകയല്ലാതെ മാർഗ്ഗമില്ല. ടോയ്ലറ്റ് കോംപ്ലക്സ് പകൽ സമയത്ത് പ്രവർത്തിക്കാത്ത അവസ്ഥയുണ്ട്.


സോളാർ ബോട്ടും കനോലി കനാലും


പ്രഖ്യാപിക്കപ്പെട്ട് നടപ്പിലാവാത്ത മറ്റൊരു പദ്ധതിയാണ് പൊന്നാനിയിലെ കനോലി കനാൽ വഴി അണ്ടത്തോട് മുതൽ ഹാർബർ വരെയുള്ള 11 കിലോമീറ്റർ നീളുന്ന സോളാർ ബോട്ട് പദ്ധതി.

ഇതിനായി കനോലി കനാലിലെ മണ്ണ് നീക്കി ആഴം കൂട്ടിയെങ്കിലും പിന്നെ അനക്കമൊന്നുമുണ്ടായില്ല.

പദ്ധതി നടപ്പിലായാൽ പുന്നയൂർക്കുളം,​ആൽത്തറ,​ കുന്നംകുളം തുടങ്ങിയയിടങ്ങളിൽ നിന്നും സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

സോളാർ ബോട്ട് സർവീസ് നിളയോര പാതയിലേക്ക് കൂടി നീട്ടിയാൽ ടൂറിസം രംഗത്ത് വലിയ കുതിപ്പുണ്ടാവും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL