SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

കുത്തിപ്പൊളിക്കലിൽ 'സെഞ്ചറി' പിന്നിട്ട് വടക്കഞ്ചേരി മേൽപ്പാലം

bridge

വടക്കഞ്ചേരി: ദേശീയപാത 544ൽ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേൽപ്പാലം അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾക്കായി അടച്ചു. ഇതേത്തുടർന്ന് തൃശൂർ ദിശയിലേക്കുള്ള മൂന്ന് വരി പാത പൂർണമായും അടച്ചിരിക്കുകയാണ്. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

തകർന്ന ജോയിന്റുകളിൽ ഇരുമ്പുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റിംഗ് നടത്തുന്ന പ്രവൃത്തികൾ ഇന്ന് മുതൽ ആരംഭിക്കും. പണികൾ പൂർത്തിയാക്കി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ഒന്നരമാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

തുടർച്ചയായി പാലം പൊളിച്ചുപണിയുന്ന സാഹചര്യത്തിൽ മേൽപ്പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിദഗ്ധ സമിതി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം പൊതുജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്.

തൃശൂർ ദിശയിലേക്കുള്ള പാത പൂർണമായും അടച്ചു

മേൽപ്പാലം അടച്ചതിനെത്തുടർന്ന് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ വലതു മേൽപാലത്തിന്റെ ഇടതുവശത്തുകൂടിയാണ് ഇപ്പോൾ കടത്തിവിടുന്നത്.

കഴിഞ്ഞ മേയ് 16ന് പാലക്കാട് ദിശയിലേക്കുള്ള മേൽപാലത്തിൽ ആരംഭിച്ച അറ്റകുറ്റപ്പണികൾ ഇന്നലെയാണ് അവസാനിച്ചത്.

ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയതിന് പിന്നാലെയാണ് മറുഭാഗത്തെ പാലം അടച്ചത്.

തുടർച്ചയായ അറ്റകുറ്റപ്പണികളും സുരക്ഷാ ആശങ്കയും

2021 ഫെബ്രുവരിയിലാണ് വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അന്നുമുതൽ ആരംഭിച്ച അറ്റകുറ്റപ്പണികൾ ഇതിനോടകം 110 തവണ പിന്നിട്ടു കഴിഞ്ഞു. പതിവ് അറ്റകുറ്റപ്പണികൾ മാത്രമാണ് നടക്കുന്നതെന്ന് നിർമ്മാണക്കമ്പനി അവകാശപ്പെടുമ്പോഴും ഇത്രയധികം ഭാഗത്ത് ഒരേസമയത്ത് കുത്തിപ്പൊളിക്കുന്നത് അശാസ്ത്രീയമായ നിർമ്മാണം മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ ആവർത്തിച്ചുള്ള പ്രവൃത്തികൾ രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL