SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

 എ.എ.വൈ കാർഡുകൾക്കുള്ള റേഷൻ വെട്ടിച്ചുരുക്കാൻ കേന്ദ്രം; പാലക്കാട്ടെ അര ലക്ഷത്തിലധികം കുടുംബങ്ങളുടെ അന്നം മുടങ്ങും

ration-card

പാലക്കാട്: അന്ത്യോദയ അന്നയോജന പദ്ധതി ഗുണഭോക്താക്കൾക്ക് നൽകിവരുന്ന റേഷൻ വിഹിതത്തിൽ കേന്ദ്ര സർക്കാർ കടുംവെട്ടിനൊരുങ്ങുമ്പോൾ അർഹിച്ച റേഷൻ ലഭിക്കാതെ പോകുമോയെന്ന ആശങ്കയിൽ ജില്ലയിൽ 50,122 കുടുംബങ്ങൾ. നിലവിൽ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ കാർഡ് ഒന്നിന് 35 കിലോവീതം സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യമാണ് വെട്ടിക്കുറയ്ക്കാൻ തയ്യാറെടുക്കുന്നത്. ഒരംഗത്തിന് ഏഴ് കിലോയായി കുറയ്ക്കാനാണ് നീക്കം. ഇതോടെ മൂന്നംഗ കുടുംബത്തിന് കിട്ടിയിരുന്ന 35 കിലോ ഭക്ഷ്യധാന്യം 21 കിലോയാകും. ഒരു മാസം 14 കിലോ അരിയാണ് ഇത്തരം കുടുംബങ്ങൾക്ക് നഷ്ടമാകുക. അഞ്ച് അംഗങ്ങളിൽ അധികമുള്ള കുടുംബത്തിനും പരമാവധി 35 കിലോ ഭക്ഷ്യധാന്യമേ ലഭിക്കൂ. എ.എ.വൈ കാർഡ് ഉടമകൾക്ക് റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന 35 കിലോ അരി മാത്രമാണ് ഏകെ ആശ്വാസം. കേന്ദ്രസർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണം. പ്രതിമാസം കുടുംബത്തിലെ ഒരാൾക്ക് കുറഞ്ഞത് 10 കിലോവീതം അരി നൽകാനെങ്കിലും കേന്ദ്രം തയ്യാറാകണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

മൂന്നംഗ കുടുംബത്തിന് 21 കിലോഗ്രാം അരിയായി ചുരുങ്ങും

പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇവർക്കെല്ലാം നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അരിയുടെ അളവ് കുറയും. മാത്രമല്ല, കൂട്ടുകുടുംബങ്ങളിൽ നിന്ന് വേർപെട്ട് അണു കുടുംബങ്ങളായി ജീവിക്കുന്നവരും നിരവധിയാണ്. ഒരു വീട്ടിൽ മൂന്നംഗങ്ങൾ മാത്രമുള്ള വീടുകളും ഒരുപാടുണ്ട്. ഇവർക്ക് 21 കിലോഗ്രാം അരിയായി ചുരുങ്ങും. വ്യക്തിഗതമായി നൽകുന്ന അരി 35 കിലോഗ്രാമിൽ കൂടില്ലെന്നിരിക്കെ നാലുപേരുള്ള കുടുംബങ്ങൾക്ക് ഭാവിയിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അധികമുള്ള ഏഴ് കിലോഗ്രാം അരിയും നഷ്ടമാകും.

ജില്ലയിലെ 936 റേഷൻ വിതരണക്കാർ പ്രതിസന്ധിയിലാകും

അരി വിഹിതം വെട്ടിക്കുറയ്ക്കുമ്പോൾ ഗുണഭോക്താക്കൾ മാത്രമല്ല, ജില്ലയിലെ 936 റേഷൻ വിതരണക്കാരും പ്രതിസന്ധിയിലാകും. താരതമ്യേന അവർക്ക് ലഭിക്കുന്ന കമ്മീഷൻ തുക കുറയുമെന്നാണ് വിതരണക്കാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RATION CARDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL