വാളയാർ: പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറിയിലെ കോടികൾ വില വരുന്ന യന്ത്രങ്ങൾ വെറുതെ കിടന്ന് നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മദ്യം ഉത്പാദനം ആരംഭിക്കാത്തതാണ് കാരണം. മെഷിനറികൾ പലതിന്റെയും വാറണ്ടി പിരിയഡ് കഴിയാറായി. അസംസ്കൃത വസ്തുക്കളായ രണ്ടരലക്ഷം ലിറ്റർ സ്പിരിറ്റും ബ്ലെന്റ് ചെയ്യാനുള്ള മറ്റ് ഘടകങ്ങളും സജ്ജമാണ്. ഇതെല്ലാം കെട്ടിക്കിടന്ന് നശിക്കുകയാണ്. പ്ലാന്റ് നവീകരണത്തിനായി 29.5 കോടി രൂപയാണ് ചെലവഴിച്ചത്. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന മൂന്ന് ബോട്ട് ലിംഗ് യൂണിറ്റിനായി മാത്രം 15 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ സ്വന്തം ബ്രാൻഡ് മദ്യം, ധാന്യങ്ങൾ, പഴം,പച്ചക്കറികൾ എന്നിവയിൽ നിന്ന് മദ്യം ഉത്പാദിപ്പിച്ച് കാർഷികോൽപ്പന്നങ്ങളുടെ വില ഉയർത്തൽ, നിരവധി പേർക്ക് തൊഴിൽ അവസരങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ഉദ്ഘാടനം ചെയ്ത സ്ഥാപനമാണ് ഇപ്പോഴും തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്നത്. റിപ്പോർട്ട് ഉണ്ടാക്കലും സമർപ്പിക്കലും തകൃതിയായി നടക്കുമ്പോഴും പ്ലാന്റിലെ മെഷിനറികൾ എന്ന് ചലിച്ച് തുടങ്ങുന്ന കാര്യത്തിൽ ആർക്കും ഒരു വ്യക്തതയും ഇല്ല. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് അന്നത്തെ എക്സൈസ് മന്ത്രി എം.ബി.രാജേഷ് മലബാർ ഡിസ്റ്റിലറി ഉദ്ഘാടനം നിർവഹിച്ചത്. പിന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. ഭരണമാറ്റവും ഉണ്ടായി. അധികാരമേറ്റ യു.ഡി.എഫ് സർക്കാർ പ്ലാന്റിൽ ഉത്പാദനം തുടങ്ങാൻ തയ്യാറായില്ല. പകരം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുയാണ് ചെയ്തത്. മലബാർ ഡിസ്റ്റിലറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. പക്ഷെ എക്സൈസ് മന്ത്രി ലിജു പ്ലാന്റ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷം മാത്രമെ ഉത്പാദനം തുടങ്ങാൻ കഴിയുകയുള്ളുവെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ മന്ത്രിയുടെ സന്ദർശനം ഉണ്ടായില്ല. ഇനി ഉത്പാദനത്തിന് അനുമതി കിട്ടുമ്പോഴേക്കും വെറുതെ കിടന്ന് തുരുമ്പിച്ച മെഷിനറികൾ നന്നാക്കേണ്ടിവരുമെന്ന സ്ഥിതിയാണ്. സൂക്ഷിച്ച് വെച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെ സ്ഥിതി എന്താകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |