പന്തളം : ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പന്തളത്ത് ഇത്തവണയും ഒരുക്കങ്ങൾ മന്ദഗതിയിൽ. യോഗങ്ങൾ കൂടുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലതും നടപ്പിലാക്കുന്നില്ല. പ്രധാന പ്രശ്‌നം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഫണ്ടിന്റെ അപര്യാപ്തതയാണ്. മുൻവർഷങ്ങളിലെ കുടിശിക വകയിൽ പന്തളം നഗരസഭയ്ക്ക് 89 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. ദേവസ്വം ബോർഡിന്റെയും എം.എൽ.എയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നെങ്കിലും നഗരസഭയ്ക്കുള്ള തീർത്ഥാടന ഫണ്ടും കുടിശികയും കിട്ടാത്തത് വലിയ കോയിക്കൽ ക്ഷേത്രത്തിലെ നഗരസഭ നടത്തേണ്ട മുന്നൊരുക്കങ്ങൾക്ക് പ്രതിസന്ധിയാക്കുന്നു. ഇക്കാര്യത്തിൽ ഭരണസമിതിയും പ്രതിപക്ഷവും മാറി മന്ത്രിമാരെയും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും കണ്ട് നിവേദനം നൽകി. അനുഭാവപൂർവമായ മറുപടിയാണ് ഇരുപക്ഷത്തിനും ലഭിച്ചതെങ്കിലും ഫലം ഉണ്ടായിട്ടില്ല.
കുടിശിക കിട്ടാൻ ഇനി ഏറെ
മണ്ഡലകാലം തുടങ്ങാൻ ഇനി മൂന്നാഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. ഫണ്ട് വൈകിയാൽ പ്രതിസന്ധിയാകുമെന്ന് നഗരസഭാ അധികൃതരും പറയുന്നു. ക്ഷേത്രത്തിൽ സേവനത്തിനെത്തുന്ന വിവിധ വകുപ്പുദ്യോഗസ്ഥർക്കും ശുചീകരണ വിഭാഗത്തിനും താമസസൗകര്യം ഒരുക്കുന്നത് നഗരസഭയാണ്. ദേവസ്വം ബോർഡ് കെട്ടിടം മൂന്ന് ലക്ഷം രൂപയ്ക്ക് വാടകയ്‌ക്കെടുത്താണ് നഗരസഭ സൗകര്യങ്ങളൊരുക്കിയത്. പഴയ അന്നദാനമണ്ഡപത്തിൽ മെഡിക്കൽ യൂണിറ്റുകളും സജ്ജമാക്കണം.
........................................................................................
1.തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി ക്ഷേത്രത്തിനും പഴയ അന്നദാനമണ്ഡപത്തിനും ഇടയിലുള്ള ടാങ്കും അതിന് താഴെയുള്ള സ്റ്റോർമുറിയും പൊളിച്ചു നീക്കി. ഇവിടെ കലാപരിപാടികൾ നടത്താനായി താത്കാലിക സ്റ്റേജ് പണിയാനാണ് തീരുമാനം.
2. ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്ന പഴയ ഊട്ടുപുരക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അപ്പം - അരവണ നിർമ്മാണ യൂണിറ്റ് പഴയ തീർത്ഥാടക വിശ്രമ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റുന്നതിനും തീരുമാനമായി
...............................................
നഗരസഭയുടെ കാത്തിരിപ്പ്
...............................................
മുൻ വർഷത്തെ വാടക നൽകാത്തതിനാൽ ഇത്തവണ കെട്ടിടം നൽകുന്നതിനു ബോർഡിനു താൽപ്പര്യമില്ല. വാടക കിട്ടിയില്ലെങ്കിൽ കെട്ടിടം ടെൻഡർ ക്ഷണിച്ചു കരാറുകാർക്ക് നൽകാനാണ് ബോർഡിന്റെ ആലോചന. ഇതിനുള്ള നടപടികൾ തുടങ്ങിയതായും സൂചനയുണ്ട്. മന്ത്രിക്കടക്കം നൽകിയ നിവേദനത്തിൽ അനുകൂല നടപടി കാത്തിരിക്കുകയാണ്.
(നഗരസഭാ അധികൃതർ)
....................................................
അയ്യപ്പന്റെ മൂല സ്ഥാനമായ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. എന്നാൽ മണ്ഡലകാലത്ത് മാത്രമായി ഒരുക്കുന്ന താത്കാലിക സംവിധാനം അല്ല വേണ്ടത്. സ്ഥിരമായി ഇവിടെ വിപുലമായ ക്രമീകരണം ഒരുക്കേണ്ടത് അത്യാവശ്യമാണ്.അതിന് അധികൃതർ തയാറാകണം.
സണ്ണി ശ്രീധർ
(ആലുംമൂട്ടിൽ പന്തളം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |