പുതുക്കാട്: റെയിൽവേയുടെ അനുമതി ലഭിച്ചു, ടെൻഡർ നടപടികളും പൂർത്തിയായി. ഇനി കാത്തിരിപ്പ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ അനുമതിക്ക്. പതിറ്റാണ്ടുകളുടെ മുറവിളിക്കൊടുവിൽ യാഥാർത്ഥ്യത്തിലേക്ക് അടുക്കുമെന്ന് പ്രതീക്ഷിച്ച പുതുക്കാട് റെയിൽവേ മേൽപ്പാലം വീണ്ടും അനിശ്ചിതത്വത്തിൽ. പദ്ധതി നിർവഹണച്ചെലവ് എസ്റ്റിമേറ്റ് തുകയേക്കാൾ ഉയർന്നതോടെയാണ് 43.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 12നാണ് അനുമതിക്കായി സമർപ്പിച്ചത്. പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായ കിറ്റ്‌കോയാണ് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. സംസ്ഥാന റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖയിൽ റെയിൽവേയുടെ മൂന്നാം പാതയുമായി ബന്ധപ്പെട്ട് പലതവണ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. റെയിൽവേയുടെ അനുമതി ലഭിച്ച് ടെൻഡർ നടപടികളിലേക്ക് കടന്നപ്പോഴാണ് അധിക ചെലവിന് സർക്കാരിന്റെ സാമ്പത്തിക അനുമതി ആവശ്യമായി വന്നത്. 2020 മുതൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ നടത്തിയ നിരന്തര ഇടപെടലുകളാണ് പദ്ധതി ടെൻഡർ നടപടികളിലേക്ക് എത്തിച്ചത്.
മേൽപ്പാലം പിന്നിട്ട വഴികൾ
2017: പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ ആയിരിക്കെ 2017ൽ ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാന ബഡ്ജറ്റിൽ പുതുക്കാട് റെയിൽവേ മേൽപ്പാലം പ്രഖ്യാപിച്ചു.
2017 ജൂലൈ : 37.71 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം. ഭൂ ഉടമകൾ കോടതിയെ സമീപിച്ചതോടെ പദ്ധതി തടസപ്പെട്ടു
2022 സെപ്തംബർ: ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി.
2024 നവംബർ: മൂന്നാം പാതയുമായി ബന്ധപ്പെട്ട ഭേദഗതികൾ ഉൾപ്പെടുത്തിയ മാതൃകാപ്ലാനിന് റെയിൽവേ അംഗീകാരം
2025 ജനുവരി: എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി
2025 മേയ് : ടെൻഡർ ക്ഷണിച്ചു.
2025 നവംബർ : റീടെൻഡർ നടത്തി
2026 ഫെബ്രുവരി: പദ്ധതി എസ്റ്റിമേറ്റ് തുകയേക്കാൾ 18.8 ശതമാനവും ലേബർ, മെറ്റീരിയൽ ചെലവ് 10.85 ശതമാനവും കൂടുതലാണെന്ന് കണ്ടെത്തി.
2026 മാർച്ച് 12: അധിക ചെലവിനുള്ള സർക്കാർ അനുമതിക്കായി സമർപ്പിച്ചു.
മേൽപ്പാലം വന്നാൽ നേട്ടങ്ങൾ ഏറെ
പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ നീളം വർദ്ധിപ്പിക്കാനാകും. സ്റ്റേഷന് സമീപത്തെയും തെക്കെ തൊറവിലെയും റെയിൽവേ ഗേറ്റുകൾ ഒഴിവാക്കാം.
നെന്മണിക്കര പഞ്ചായത്തിലെ നാല് വാർഡുകളിലെയും വല്ലച്ചിറ പഞ്ചായത്തിലെയും ജനങ്ങൾക്ക് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എളുപ്പത്തിലെത്താനാകും.
ദേശീയപാത 544, ദേശീയപാത 66 എന്നിവയുമായി എളുപ്പത്തിൽ ബന്ധപ്പെടാം. ദേശീയപാത 544ൽനിന്ന് ഇരിങ്ങാലക്കുടയിലേക്കും തൃപ്രയാറിലേക്കും യാത്ര സുഗമമാകും.
തീരദേശത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വേഗമെത്താം. പാലിയേക്കര ടോൾ ഒഴിവാക്കി യാത്ര ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |