2004ല്‍ തുടങ്ങിയ അത്ഭുത ബാലന്റെ തേരോട്ടം 2021വരെയുള്ള നീണ്ട 17 വര്‍ഷക്കാലമാണ് ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബില്‍ തുടര്‍ന്നത്. മെസ്സിയെ മെസ്സിയാക്കിയ ലാ മാസിയയും ബാഴ്സലോണയും വിട്ട് അയാള്‍ മറ്റൊരു കുപ്പായത്തിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല ബാഴ്സ ആരാധകര്‍ക്ക്. എന്തിനേറെ പറയുന്നു എതിര്‍ടീമുകള്‍ക്ക് പോലും അത് വിശ്വസിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. ബാഴ്സയില്‍ നിന്ന് മെസ്സി നേരേ പോയത് ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് പിഎസ്ജിയിലേക്ക് ആയിരുന്നു. എന്നാല്‍ ആ യാത്രയുടെ ആയുസ്സ് വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു.
2021ല്‍ പിഎസ്ജിയില്‍ ചേര്‍ന്ന മെസ്സി 2022 ലോകകപ്പ് ജേതാവായത് (ഫ്രാന്‍സിനെ തോല്‍പ്പിച്ച്) ഫ്രഞ്ചുകാര്‍ക്ക് അത്ര രസിച്ചിരുന്നില്ല. സൗകര്യം കിട്ടിയപ്പോഴെല്ലാം അവര്‍ മെസ്സിയെ കൂകി തോല്‍പ്പിക്കാന്‍ ശ്രമിച്ച് സ്വയം അപഹാസ്യരായി. പിഎസ്ജി വിടുന്നുവെന്ന വാര്‍ത്ത ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. 36പിന്നിട്ട മെസ്സി എങ്ങോട്ടായിരിക്കും അടുത്ത തട്ടകമാക്കി മാറ്റുകയെന്നത് ദിവസങ്ങളോളം ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്തു.
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലും (ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയന്‍ സീരി എ, ജര്‍മന്‍ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗായ ലീഗ് 1) മെസ്സിയുടെ പേര് കേട്ടു. മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍, ബയേണ്‍ മ്യൂണിക് എന്നിവരുടെ പേരുകള്‍ക്കായിരുന്നു മുന്‍തൂക്കം. ഒരുവേള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് മെസ്സി സൗദി പ്രോ ലീഗിലേക്ക് മാറുന്നുവെന്ന വാര്‍ത്തകളും ഉയര്‍ന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ച് മെസ്സി തീരുമാനിച്ചത് ടോപ് ഫൈവ് ലീഗിന് പുറത്തുള്ള അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ കളിക്കാനായിരുന്നു.
മെസ്സി കളിയവസാനിപ്പിക്കുകയാണെന്നും 2026ലെ ലോകകപ്പില്‍ കളിക്കില്ലെന്നും ഈ നീക്കത്തോടെ വിധിയെഴുത്തുണ്ടായി. എന്നാല്‍ മെസ്സിയുടെ പദ്ധതികള്‍ മറിച്ചായിരുന്നു. തന്റെ കളിക്ക് ഒരു കുഴപ്പവും വന്നിട്ടില്ലെന്ന് 39ാം വയസ്സിലും മെസ്സി തെളിയിക്കുമ്പോള്‍ ഇന്റര്‍ മയാമിയിലേക്കുള്ള മാറ്റം അമേരിക്കന്‍ ലോകകപ്പില്‍ കളിക്കുകയെന്ന ഉദ്ദേശത്തോടെ കൂടിയായിരുന്നു എന്ന് വ്യക്തം. യൂറോപ്പിലെ വാശിയും വീറും കൂടുതലുള്ള ലീഗില്‍ കളിക്കുന്നതില്‍ നിന്ന് മാറി സ്വസ്ഥമായി തന്റെ മനസ്സിനേയും ശരീരത്തേയും ലോകകപ്പിന് ഒരുക്കുകയാണ് അയാള്‍ എംഎല്‍എസില്‍ ചെയ്തുകൊണ്ടിരുന്നത്.
കളത്തിലെ മെസ്സിയുടെ ബോഡി ഗാര്‍ഡ് എന്ന വിളിപ്പേരുള്ള അര്‍ജന്റീന സഹതാരം റോഡ്രിഗോ ഡി പോള്‍ കൂടി എംഎല്‍എസില്‍ കളിക്കാനെത്തി. മെസ്സിയുടെ ഇന്റര്‍ മയാമിയിലേക്കുള്ള ഡി പോളിന്റെ വരവ് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അമേരിക്കയിലെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാനും തന്റെ ശരീരത്തെ പരിക്കില്‍ നിന്ന് മുക്തനാക്കി നിര്‍ത്താനുമുള്ള അയാളുടെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തയ്യാറെടുപ്പാണ്. ഒരു ജയത്തിന്റെ മാത്രം ദൂരത്തില്‍ രണ്ടാമതൊരു ലോകകിരീടം അയാളെ മോഹിപ്പിച്ച് കടന്ന് പോയെങ്കിലും 39ാം വയസ്സിലും കരിയറിന്റെ മെച്ചപ്പെടുത്തലിനായി അയാള്‍ സ്വീകരിക്കുന്ന വഴികള്‍ വലിയ പാഠവിഷയം തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |