SignIn
Kerala Kaumudi Online
Saturday, 24 October 2026 10.59 PM IST

ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം രാജ്യദ്രോഹവും പാകിസ്ഥാന് അനുകൂലവും; രൂക്ഷ വിമർശനവുമായി ബിജെപി

READ ENGLISH VERSION
farooq-abdhulla
farooq abdhulla

ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ കാശ്മീരികളെക്കുറിച്ചുള്ള വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. അദ്ദേഹത്തിന്റെ പ്രസ്താവന രാജ്യദ്രോഹത്തിന് തുല്യമാണെന്നും പാകിസ്ഥാന് അനുകൂലവുമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു. ബാരാമുള്ളയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വിവാദ പ്രസ്താവന.

കാശ്മീരികളോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് ശരിയല്ലെന്നും അന്താരാഷ്ട്ര വേദികളിൽ കാശ്മീർ വിഷയം ഉന്നയിക്കുന്ന പാകിസ്ഥാന്റെ നയതന്ത്ര നീക്കങ്ങളാണ് കാശ്മീരികളുടെ ശബ്ദം ലോകശ്രദ്ധയിലെത്തിക്കുന്നതെന്നുമായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം. ജമ്മു കാശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന്റെ അദ്ധ്യക്ഷനാണ് ഫറൂക്ക്.

ലോക രാഷ്‌ട്രങ്ങളുടെ സമ്മർദം കാരണമാണ് ഇന്ത്യ ഇപ്പോൾ മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാശ്മീർ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പാകിസ്ഥാൻ വിവിധ രാജ്യങ്ങളിൽ ചെന്ന് പറയുന്നുണ്ട്. പാകിസ്ഥാനാണ് കാശ്മീരികളെ സംരക്ഷിക്കുന്നതെന്നും അല്ലാത്തപക്ഷം ഇന്ത്യയുടെ ഉദ്ദേശ്യങ്ങൾ ശരിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന നിർഭാഗ്യകരവും അപലപനീയവുമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ രവീന്ദർ റെയ്ന പറഞ്ഞു. കാശ്മീരികളുടെ കൊലയാളിയായ പാകിസ്ഥാൻ എങ്ങനെയാണ് അവരുടെ സംരക്ഷകരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിരപരാധികളായ കാശ്മീരികളെയും സ്ത്രീകളെയും കുട്ടികളെയും പാകിസ്ഥാൻ കൊലപ്പെടുത്തുകയാണെന്നും റെയ്ന ആരോപിച്ചു.

അതിർത്തിക്കപ്പുറത്തെ കാശ്മീരികളുടെ അവസ്ഥ പരിശോധിക്കാനാണ് ഫാറൂഖ് അബ്ദുള്ള തയ്യാറാകേണ്ടതെന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി. സിംഗും പറഞ്ഞു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ കാശ്മീർ ഇന്ത്യയുമായി പൂർണമായി സംയോജിച്ചെന്നും വിനോദസഞ്ചാരികളുടെ വരവും സാമ്പത്തിക പുരോഗതിയും വർദ്ധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന ഇന്ത്യൻ ഭരണഘടനയെയും രാജ്യസ്‌നേഹികളായ കശ്മീരികളെയും അപമാനിക്കുന്നതാണെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം യാമിനി ശർമയും ആരോപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും നാഷണൽ കോൺഫറൻസ് പാകിസ്ഥാന്റെ വക്താവായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

English Summary

Former Jammu and Kashmir Chief Minister Farooq Abdullah faced severe criticism from the BJP for his controversial remarks. Abdullah stated Pakistan's diplomatic efforts amplify Kashmiri voices internationally, implying India's intentions are questionable. BJP leaders called his statement treasonous and pro-Pakistan, with some demanding sedition charges against him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAROOQ ABDHULLA, PAKISTAN REMARKS, BJP, SEDITION, JAMMU AND KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360