
ഇന്നലെ 9 സ്വർണവും എട്ടുവീതം വെള്ളിയും വെങ്കലവുമായി 25 മെഡലുകൾ
ആകെ 114 മെഡലുകളുമായി ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്നു
ഗെയിംസിന് ഇന്ന് സമാപനം
നഗോയ : അയ്ചി- നഗോയ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. ഇന്നലെ 9 സ്വർണവും എട്ടുവീതം വെള്ളിയും വെങ്കലവുമായി 25 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയെടുത്തത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 114ആയി ഉയർന്നു. 30 സ്വർണങ്ങളും 35 വെള്ളികളും 49 വെങ്കലങ്ങളുമാണ് ഇന്ത്യയുടെ അക്കൗണ്ടിൽ ആകെയുള്ളത്. മെഡൽപ്പട്ടികയിലെ നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. 204 സ്വർണമുൾപ്പടെ 427 മെഡലുകളുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത്. ഗെയിംസ് ഇന്ന് സമാപിക്കും.
ഈ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ സ്വർണ മെഡലുകൾ ലഭിച്ചത് ഇന്നലെയാണ്. അത്ലറ്റിക്സിൽ നാല് സ്വർണവും ബാഡ്മിന്റണിൽ മൂന്ന് സ്വർണവും ആർച്ചറിയിലും ഷൂട്ടിംഗിലും ഓരോ സ്വർണവും ലഭിച്ചു. ടി 64 പുരുഷവിഭാഗം 400 മീറ്ററിൽ സന്ദീപ്,ടി 37/38 വിഭാഗം പുരുഷ ജാവലിനിൽ ഹാനേയ്,എഫ് 42 പുരുഷ ജാവലിനിൽ സുമിത് ആന്റിൽ,എഫ് 51 പുരുഷ ക്ളബ് ത്രോയിൽ പ്രണവ് സൂർമ എന്നിവരാണ് ഇന്നലെ അത്ലറ്റിക്സിൽ സ്വർണം നേടിയത്.
എസ്.എച്ച് വൺ ഷൂട്ടിംഗ് റൈഫിൾ ത്രീ പൊസിഷനിൽ മോന അഗർവാൾ സ്വർണം നേടി. ഈ ഗെയിംസിലെ മോനയുടെ രണ്ടാം സ്വർണമാണിത്. ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണത്തിന് ഉടമയും മോനയാണ്. 10 മീറ്റർ എയർ റൈഫിൾ ഇനത്തിലായിരുന്നു മോനയുടെ ആദ്യ സ്വർണം. ആർച്ചറി മെൻസ് റിക്കർവ് ഡബിൾസിൽ ഹർവീന്ദർ സിംഗ് വിജയ് സുൻദി സഖ്യമാണ് സ്വർണം നേടിയത്. ബാഡ്മിന്റണിൽ മെൻസ് സിംഗിൾസുകളിൽ നിതേഷ് കുമാർ,നവീൻ ശിവകുമാർ എന്നിവരും വനിതാ ഡബിൾസിൽ മാനസി ജോഷി -തുളസിമതി മുരുഗേശൻ സഖ്യവുമാണ് സ്വർണമണിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |