SignIn
Kerala Kaumudi Online
Thursday, 23 July 2026 1.25 AM IST

30 വർഷം മുമ്പ്  ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥി നേതാവ്,​  ഇന്ന് അതേ നേതാവിനെതിരെ വിദ്യാർത്ഥികൾ

dharmendra-pradhan
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വർഷങ്ങൾക്ക് മുൻപുള്ള ഒരു പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 30 വ‌ർഷങ്ങൾക്ക് മുൻപ് ഒരു ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരമാണ് വീണ്ടും ചർച്ചയാകുന്നത്.


1997-ൽ ഒഡീഷയിൽ ജാനകി ബല്ലഭ് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലത്താണ് സംഭവം. ഭുവനേശ്വറിലെ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിക്കാനായി 1500ൽ അധികം വിദ്യാർത്ഥികളാണ് അന്ന് അണിനിരന്നത്. അന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) ദേശീയ സെക്രട്ടറിയായിരുന്ന ധർമേന്ദ്ര പ്രധാൻ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.

സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തിന് നേരെ ഒടുവിൽ പൊലീസ് ലാത്തിവീശി. അന്ന് പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ധർമേന്ദ്ര പ്രധാൻ ഇരയായിരുന്നു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ എല്ലിന് പൊട്ടലേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്കിപ്പുറം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഷ്ട്രീയ ആയുധമാവുകയാണ് ഈ പഴയ സംഭവം.

കഴിഞ്ഞ മൂന്നുദിവസമായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുകയാണ്. ധർമേന്ദ്ര പ്രധാന്റെ രാജിയ്ക്ക് ശേഷമേ ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ ചർച്ച നടത്താൻ അനുവദിക്കൂ എന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

A 30-year-old protest by Dharmendra Pradhan against a question paper leak has resurfaced online. The incident, in which he alleged severe police assault during the demonstration, is drawing renewed attention amid ongoing debates over exam paper leaks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMENDRA PRADHAN, NEET QUESTION PAPER LEAK, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360