
ന്യൂഡൽഹി: പൊലീസ് വേട്ടയെ കുറിച്ച് ഇന്നലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, 'കോടതിയുടെ സമയം പാഴാക്കരുത്' എന്നായിരുന്നു അഭിഭാഷകനോടുള്ള മറുപടി. പൊതുതാത്പര്യഹർജിയിൽ അടിയന്തര സ്വഭാവത്തോടെ വാദം കേൾക്കാൻ വിസമ്മതിച്ചു. പൊലീസ് നടപടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അറിയിച്ചപ്പോൾ,അത്തരം വീഡിയോകളിൽ താത്പര്യമില്ലെന്നും കാണാൻ സമയമില്ലെന്നുമായിരുന്നു പ്രതികരണം. കൂടുതൽ വാദിക്കാൻ തുടങ്ങിയപ്പോൾ 'നന്ദി' എന്നു പറഞ്ഞ് അവസാനിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തിന് കളങ്കമാണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ഇത്ര അഹങ്കാരം നല്ലതല്ലെന്ന് കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസിനെ ഉപദേശിക്കണമെന്നും കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കോക്രോച്ച്' പ്രയോഗമാണ് കോക്രോച്ച് ജനത പാർട്ടിയുടെ(സി.ജെ.പി) രൂപീകരണത്തിന് വഴിവച്ചത്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുവെന്ന് ചീഫ് ജസ്റ്റിസിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
അഭിഭാഷക സംഘടനകൾ രംഗത്ത്
പാറ്റകൾക്കെതിരെയുണ്ടായ പൊലീസ് നടപടിയെ അപലപിച്ച് സുപ്രീംകോടതി ബാർ അസോസിയേഷനും, സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷനും പ്രമേയം പാസാക്കി. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും,ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കത്തയച്ചു. സ്വമേധയാ കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് അഡ്വ. ഹിതേന്ദ്ര ഡി. ഗാന്ധി കത്തയച്ചു.
ഒറ്റപ്പെട്ട സംഭവമല്ലെന്ന്
ഡൽഹി ഹൈക്കോടതി
പൊലീസ് നടപടിയെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. പൊതുതാത്പര്യഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. വീഡിയോ,സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കരുതെന്നും സൂക്ഷിച്ചുവയ്‌ക്കണമെന്നും പൊലീസിനോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. നാലാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. സെപ്‌തംബർ 11ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |