SignIn
Kerala Kaumudi Online
Tuesday, 25 August 2026 9.35 PM IST

നാലുലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയെന്ന് പരാതി; ഒടുവിൽ 'കള്ളൻ' നായ

dog-carried-bag-
ആഭരണങ്ങളും പണവുമടങ്ങിയ ബാഗ് കടിച്ചെടുത്ത് നടന്നുപോകുന്ന നായ

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ നിന്ന് നാലുലക്ഷത്തോളം വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസിന് മുന്നിൽ ഒടുവിൽ തെളിഞ്ഞത് അമ്പരപ്പിക്കുന്ന സത്യം. 'കള്ളൻ' മനുഷ്യനായിരുന്നില്ല, ഒരു നായയായിരുന്നു. മദ്ധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ശസ്ത്രക്രിയാ വാർഡിൽ പ്രവേശിച്ച നായ ഒരു സ്ത്രീയുടെ ആഭരണങ്ങളും പണവുമടങ്ങിയ ബാഗ് കടിച്ചെടുത്ത് നടന്നുപോകുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞതോടെയാണ് നായയാണ് ബാഗ് എടുത്തതെന്ന് പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞത്.

നഹർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കായംപുർ സ്വദേശിനി ലതാഭായി വാൽമീകിയുടേതായിരുന്നു ബാഗ്. കൈക്ക് പരിക്കേറ്റ മകന്റെ ചികിത്സയ്ക്കായാണ് ഇവർ ആശുപത്രിയിലെത്തിയത്. ആഭരണങ്ങളും പണവും അടങ്ങിയ ബാഗ് മകന്റെ സമീപത്തെ അലമാരയിൽ സൂക്ഷിച്ചിരുന്നതായി ലതാഭായി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ഒന്നിനും ആറിനുമിടയിലാണ് ബാഗ് കാണാതായതെന്നാണ് പരാതി. വെള്ളിയുടെ അരഞ്ഞാണം, പാദസരം, വെള്ളി കൊലുസ്, സ്വർണ മംഗല്യസൂത്രം, രണ്ട് സ്വർണ മോതിരങ്ങൾ, വെള്ളി കൊലുസിലെ മണികൾ, സ്വർണ മുത്തുകൾ, കമ്മൽ, മൂക്കുത്തി, മോതിരങ്ങൾ എന്നിവയും ഏകദേശം 2,000 രൂപയുമായിരുന്നു ബാഗിലുണ്ടായിരുന്നത്. ആഭരണങ്ങൾക്കും പണത്തിനും കൂടി ഏകദേശം നാലുലക്ഷം രൂപ വിലവരും.


ബാഗ് കാണാതായതോടെ ലതാഭായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിലപിടിപ്പുള്ള ആഭരണങ്ങളായതിനാൽ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഹെഡ് കോൺസ്റ്റബിൾ അജയ് സോളങ്കിക്കായിരുന്നു അന്വേഷണ ചുമതല.ആശുപത്രി വളപ്പിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ അമ്പരന്നത്. പുലർച്ചെ നാലുമണിയോടെ ഒരു നായ ശസ്ത്രക്രിയാ വാർഡിലെത്തുന്നതും ബാഗ് കടിച്ചെടുത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് ആശുപത്രി വളപ്പിലെ മറ്റ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നായയുടെ സഞ്ചാരപാത പൊലീസ് പിന്തുടർന്നു. ഒടുവിൽ ആശുപത്രി വളപ്പിലെ തുറസായ സ്ഥലത്ത് നിന്ന് ബാഗ് കണ്ടെത്തി.


ബാഗിനുള്ളിലെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നില്ലെന്നതാണ് ലതാഭായിക്ക് ആശ്വാസമായത്. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിട്ടോടെ ആഭരണങ്ങളും പണവും പൊലീസ് ഇവർക്ക് കൈമാറി. വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി സുരക്ഷിതമായി തിരികെ നൽകിയതിന് ലതാഭായി പൊലീസിന് നന്ദി അറിയിച്ചു.

ബാഗിൽ ബിസ്‌കറ്റും മറ്റ് ഭക്ഷണസാധനങ്ങളും ഉണ്ടായിരുന്നതായി ലതാഭായി പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെ ഗന്ധം കാരണമാകാം നായ ബാഗ് എടുത്തുകൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. മറ്റ് സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നായയുടെ സഞ്ചാരപാത പിന്തുടർന്നാണ് ബാഗ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.


സംഭവം സാമ്പത്തിക നഷ്ടങ്ങളൊന്നുമില്ലാതെ അവസാനിച്ചെങ്കിലും ജില്ലാ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. തെരുവുനായയ്ക്ക് ആശുപത്രിയിലെ ശസ്ത്രക്രിയാ വാർഡിനുള്ളിൽ കടന്നുകയറാനും രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗ് എടുത്തുകൊണ്ടുപോകാനും കഴിഞ്ഞത് ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പോരായ്‌മയിലേക്കാണ് പലരും വിരൽചൂണ്ടുന്നത്.

English Summary

Police in Mandsaur, Madhya Pradesh, retrieved a bag containing jewellery worth approximately 4 lakh rupees and 2,000 rupees cash after it was stolen from a district hospital. CCTV footage revealed a dog had taken the bag from a patient's attendant. Authorities tracked the dog's movements and recovered the bag with all valuables intact, returning them to the owner.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHOPAL, DOG CARRIED BAG, HOSPITAL, INVESTIGAION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360