ന്യൂഡൽഹി: ഈ മാസം 30ന് നടക്കാനിരിക്കുന്ന നീറ്റ് പിജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ്. ടെലിഗ്രാം, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയും അക്കൗണ്ടുകൾക്കെതിരെയും പരീക്ഷാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.
കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദ പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. ഇത്തവണ പരീക്ഷാ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ അനുസരിച്ച് ആകെ ചോദ്യങ്ങളുടെ എണ്ണം 180 ആയി കുറച്ചിട്ടുണ്ട്. 210 മിനിട്ടാണ് പരീക്ഷാ സമയം - അതായത് മൂന്നര മണിക്കൂർ. രാജ്യത്തുടനീളം 340 നഗരങ്ങളിലെ 1300ഓളം കേന്ദ്രങ്ങളിലായി ഒരൊറ്റ ഷിഫ്‌റ്റിലാണ് പരീക്ഷ നടക്കുന്നത്.
നീറ്റ് പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്‌മിറ്റ് കാർഡ് വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് നാഷണൽ മെഡിക്കൽ സയൻസസ് എജ്യൂക്കേഷൻ ബോർഡ് അറിയിച്ചു. ഔദ്യോഗിക പോർട്ടലായ nbe.edu.in വഴി ഡൗൺലോഡ് ചെയ്യാം. 27ന് വിതരണം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് 24ലേക്ക് മാറ്റിയിരുന്നു. എന്നാൽ, പ്രളയക്കെടുതി നേരിടുന്ന അസാമിലെയും മേഘാലയയിലെയും സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ന് തുടങ്ങുന്നത്.
രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് എടുത്തുവേണം പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ. പരീക്ഷാ കേന്ദ്രം, സമയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും മറ്റു മാർഗനിർദ്ദേശങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടാകും.
Authorities have dismissed social media claims of a NEET PG 2026 question paper leak as fake. Candidates are advised to avoid fraudulent Telegram, WhatsApp and Instagram messages. Admit card distribution has begun, while the exam will be held on August 30 in a single shift across 340 cities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |