
6 ജില്ലാ സെക്രട്ടേറിയറ്റുകളിൽ തെറ്റ് തിരുത്തലിന് ശുപാർശ
ന്യൂഡൽഹി: കേരളത്തിൽ ഭരണം നഷ്‌ടപ്പെടുത്തിയതും ,പശ്ചിമ ബംഗാളിൽ ദയനീയ പ്രകടനത്തിനിടയാക്കിയതും ജനകീയ അടിത്തറ നഷ്‌ടപ്പെട്ടതിനാലാണെന്നും ,അതു തിരിച്ചു പിടിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്‌ത മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി ഇന്നലെ സമാപിച്ചു. യോഗ തീരുമാനം ജനറൽ സെക്രട്ടറി എം.എ.ബേബി ഇന്ന് വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും. ജനങ്ങളിൽ നിന്ന് അകന്നതു കൊണ്ടാണ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ കനത്തപരാജയം നേരിട്ടത്. അതു തിരിച്ചുപിടിക്കാൻ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണം. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് താഴെത്തട്ടിൽ പ്രക്ഷോഭങ്ങളിലൂടെ പാർട്ടിയെ സജീവമാക്കണം. കണ്ണൂർ, കൊല്ലം, കോഴിക്കോട്, ആലപ്പുഴ അടക്കം 6 ജില്ലാ സെക്രട്ടേറിയറ്റുകളിൽ തെറ്റ് തിരുത്തൽ നടപടികൾക്ക് ശുപാർശ ചെയ്‌തതായും സൂചനയുണ്ട്. ജില്ലാ കമ്മിറ്റികൾ നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ വെട്ടി മാറ്റിയതും വിമർശനത്തിനിടയാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ പരോക്ഷ വിമർശനമുയർന്നു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് തോൽവിയും അവലോകനം ചെയ്‌തു.
പിന്നോട്ടില്ലെന്ന് സി.പി.ഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സി.പി.എം -സി.പി.ഐ ചർച്ച ഇന്ന് നടക്കാനിരിക്കെ, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.രാവിലെ എം.എൻ സ്മാരകത്തിലാണ് ചർച്ച.
ഉപ നേതൃ സ്ഥാനം വേണമെന്ന ആവശ്യം ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ സി.പി.എമ്മിന് വഴങ്ങിയാൽ അണികൾ അംഗീകരിക്കില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അവകാശപ്പെട്ട സ്ഥാനം ലഭിക്കാതിരുന്നാൽ പാർട്ടിക്ക് അവമതിപ്പുണ്ടാവും. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി നൽകുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് അന്തിമ തീരുമാനമെടുക്കും.
സെപ്തംബർ 1ന് ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രക്ഷോഭ റാലിയിൽ പങ്കെടുക്കാൻ സി.പി.ഐ സ്പെഷ്യൽ ട്രെയിൻ ബുക്ക് ചെയ്‌തു. 1700 പ്രതിനിധികളെ കൊണ്ടു പോകും. നേതാക്കളടക്കം ട്രെയിനിൽ പോകാനാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയാണ് ഡൽഹിയിലെ രാംലീലാ മൈതാനിയിൽ സി.പി.ഐ റാലി സംഘടിപ്പിക്കും. ആഗസ്റ്റ് 28ന് തിരുവനന്തപുരത്തു നിന്ന് സ്പെഷ്യൽ ട്രെയിൻ തിരിക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |