
തിരുവനന്തപുരം: റാഗിംഗിനിടെ വിദ്യാർത്ഥികളെ കൊലപ്പെടുത്തുന്നവർക്ക് വധശിക്ഷ. മരണ കാരണമായേക്കാവുന്ന അതിക്രമം കാട്ടുന്നവർക്ക് ജീവപര്യന്തം. റാഗിംഗിനെത്തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയാൽ 10 വർഷവും ഗുരുതരമായി പരിക്കേൽപ്പിച്ചാൽ ഏഴു വർഷവും തടവ്.
കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സംഘമായാണ് അതിക്രമമെങ്കിൽ എല്ലാവർക്കും തുല്യ ശിക്ഷ. റാഗിംഗ് പരാതി അവഗണിച്ചാലോ ഒതുക്കിയാലോ വിദ്യാലയ അധികൃതർക്ക് പ്രതിക്ക് നൽകുന്ന ശിക്ഷ ലഭിക്കും. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കും.
അതിക്രൂര റാഗിംഗിനെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിലാണ് നിയമം. 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് " എന്നാണ് പേര്. റാഗിംഗ് പൊലീസിലറിയിക്കാൻ 'സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്" എന്ന ആപ്ലിക്കേഷനും തയ്യാറാക്കും. ആർക്കുവേണമെങ്കിലും പരാതിപ്പെടാം. വിവരങ്ങൾ രഹസ്യമായിരിക്കും.
വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏതുപ്രവൃത്തിയും റാഗിംഗാണ്. ഭയപ്പെടുത്തൽ, നാണക്കേടുണ്ടാക്കൽ, അധിക്ഷേപം, മുറിവേൽപ്പിക്കൽ എന്നിവയെല്ലാം റാഗിംഗിന്റെ പരിധിയിൽവരും.
കേരള റാഗിംഗ് നിരോധനനിയമം 1998ൽ നിലവിൽ വന്നെങ്കിലും നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. റാഗിംഗ് ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ പുതിയ നിയമം കൊണ്ടുവരാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ കേസ് 29ന് പരിഗണിക്കുമ്പോൾ മൂന്നു മാസത്തിനകം പുതിയനിയമം പാസാക്കുമെന്ന് സർക്കാർ അറിയിക്കും.
24 മണിക്കൂറിനകം
കേസെടുക്കണം
1 ക്രിമിനൽ കേസ് 24 മണിക്കൂറിനകം എടുത്തിരിക്കണം
2 പ്രതികൾക്ക് 5 വർഷം വരെ മറ്റൊരിടത്തും പ്രവേശനം നൽകില്ല
3 റാഗിംഗ് മറച്ചുവച്ചാൽ കോളേജിന്റെ അംഗീകാരം പോകും
55
യു.ജി.സി കണക്കനുസരിച്ച് സംസ്ഥാനത്ത് പ്രതിവർഷമുണ്ടാകുന്ന റാംഗിംഗ് പരാതികൾ 55. യഥാർത്ഥ കണക്ക് ഇതിലേറെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. പരാതിപ്പെടാൻ ഭയക്കുന്നവരാണേറെയും
പ്രൊഫഷണൽ കോളേജുകളിലടക്കം റാഗിംഗ് വർദ്ധിക്കുകയാണ്. അതുകൊണ്ടാണ് അതിശക്തമായ നിയമം
- വി.ഡി.സതീശൻ
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |