
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലെ ചട്ടവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ നടപടിയില്ല. പൊതുപ്രവർത്തകൻ ലോകേഷ് ബത്രയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥനാണ് കത്ത് നൽകിയത്. സീനിയർ ഡെപ്യൂട്ടി കമ്മിഷണർ മനീഷ് ഗാർഗ് തിരഞ്ഞെടുപ്പ് ഭരണവിഭാഗത്തിന്റെ ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ കമ്മിഷനെ അറിയിക്കാതെ ഉദ്യോഗസ്ഥരുടെ ജോലികൾ വിഭജിച്ച് ഉത്തരവിറക്കിയെന്നായിരുന്നു കമ്മിഷണർമാരുടെ പരാതി. വോട്ടർമാരെ ചേർക്കുന്നതും നീക്കുന്നതുമായ ഡേറ്റാ ബേസ് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർക്ക് അതിനുകഴിയാത്ത സംവിധാനം ഐ.ടി വിഭാഗം കൊണ്ടുവന്നത് വിവാദമായിരുന്നു.
വ്യക്തിപരമായ
അഭിപ്രായങ്ങൾ
കഴിഞ്ഞ ജൂലായ് 29നാണ് കത്തയച്ചത്. ഇക്കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൽ നിന്ന് മറുപടി തേടണമെന്ന് അണ്ടർ സെക്രട്ടറി ആവശ്യപ്പെട്ടെന്നാണ് പുറത്തുവന്ന രേഖകളിലുള്ളത്. എന്നാൽ രണ്ടു കമ്മിഷണർമാർ ഒരേ വിഷയം ഉന്നയിച്ചതിലൂടെ ഭൂരിപക്ഷ അഭിപ്രായമാണെങ്കിലും അവരുടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയിലാണ് ക്യാബിനറ്റ് സെക്രട്ടറി പരിഗണിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണർമാരും തുല്യ അധികാരമുള്ളവരാണ്. ഏതു തീരുമാനവും ഏകകണ്ഠമായോ ഭൂരിപക്ഷമായോ മാത്രമേ എടുക്കാനാകു. കത്തിലെ ഉള്ളടക്കം ഗൗരവമുള്ളതാണെങ്കിലും കമ്മിഷന്റെ ഔപചാരിക ആശയവിനിമയമായി കാണാനാകില്ല. നടപടിയെടുക്കുന്നതിൽ ഔചിത്യക്കുറവുണ്ടെന്നും ക്യാബിനറ്റ് സെക്രട്ടറി ഫയലിൽ കുറിച്ചു. മാത്രമല്ല കത്തുകൾ ഗ്യാനേഷിന് കൈമാറുകയും ചെയ്തു. ഗ്യാനേഷ് മറുപടി നൽകിയോയെന്നത് പുറത്തുവന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |