ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ റെക്കോർഡ് വിജയം സ്വന്തമാക്കിയത് ടീമിന്റെ വ്യക്തമായ തന്ത്രങ്ങളിലൂടെയെന്ന് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിന്റെ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയും പവർപ്ലേയിലെ മികവുമാണ് ന്യൂസിലാൻഡിനെതിരായ റെക്കോർഡ് വിജയത്തിന് വഴിയൊരുക്കിയതെന്ന് സഞ്ജു വ്യക്തമാക്കി. മികച്ച തുടക്കം ലഭിക്കുമ്പോൾ പവർപ്ലേയിൽ തന്നെ മത്സരം എതിരാളികളിൽനിന്ന് അകറ്റുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ഓരോ ഘട്ടത്തിനും അനുയോജ്യമായ വ്യത്യസ്ത ബാറ്റിംഗ് തന്ത്രങ്ങളാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് സഞ്ജു വിശദീകരിച്ചു. 'പവർപ്ളേ, മദ്ധ്യ ഓവറുകൾ അവസാന ഓവറുകൾ എന്നിവയെ വ്യത്യസ്തമായാണ് ഞങ്ങൾ കാണുന്നത്. പവർപ്ലേയിൽ മികച്ച തുടക്കം ലഭിച്ചാൽ അവിടെത്തന്നെ മത്സരത്തിന്റെ ഗതി നമുക്ക് അനുകൂലമാക്കാൻ ശ്രമിക്കും. വിജയലക്ഷ്യം വലുതാണെങ്കിലും മികച്ച തുടക്കം ലഭിച്ചാൽ അതേ ആക്രമണോത്സുകത തുടരുകയാണ് ഞങ്ങളുടെ രീതി.'- സഞ്ജു പറഞ്ഞു.
രണ്ട് വർഷമായി ഇന്ത്യ ഈ ശൈലി ഫലപ്രദമായി പിന്തുടരുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. 2024ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യൻ ടീം പിന്തുടരുന്ന സമീപനം ഇതാണെന്നും വ്യക്തിഗത പ്രകടനങ്ങളെക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും സഞ്ജു വ്യക്തമാക്കി. എല്ലാ മത്സരങ്ങളിലും ഈ തന്ത്രം വിജയിക്കണമെന്നില്ലെന്നും ചിലപ്പോൾ പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ടീമിന്റെ കഴിവിലും തങ്ങൾ പിന്തുടരുന്ന ശൈലിയിലും വിശ്വാസം നിലനിർത്തി മുന്നോട്ടുപോകുകയാണ് പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസിന് ടീം പ്രത്യേക പ്രാധാന്യം നൽകിയിരുന്നുവെന്നും സഞ്ജു പറഞ്ഞു. തുടർച്ചയായ മത്സരങ്ങളും യാത്രകളും ഉണ്ടായിരുന്നിട്ടും ശാരീരികമായും മാനസികമായും മികച്ച നിലയിൽ തുടരാൻ ടീം കൂട്ടായ പരിശ്രമം നടത്തിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങുന്നത് പ്രധാനമാണെന്നും പരിശീലനത്തിന് കുറഞ്ഞ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂവെങ്കിലും എല്ലാ താരങ്ങളും മത്സരത്തിനായി പരമാവധി തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Sanju Samson attributed India's record T20 win against New Zealand to the team's aggressive batting and powerplay dominance. He highlighted India's clear strategies for different match phases, aiming to seize control early. This team-focused approach, prioritizing collective victory over individual performance, has been consistently followed for two years, despite acknowledging potential setbacks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |