SignIn
Kerala Kaumudi Online
Friday, 23 October 2026 5.17 AM IST

ഞങ്ങൾ വരില്ല; ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും പിന്മാറി പാകിസ്ഥാൻ

mohsin-naqvi-
മൊഹ്‌സിൻ നഖ്‌വി

ഇസ്‌ലമാബാദ്: ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലോകകപ്പിൽ പങ്കെടുക്കാനുള്ള പാകിസ്ഥാൻ ടീമിന്റെ അപേക്ഷ തള്ളി‌ പാക് ക്രിക്കറ്റ് ബോർഡ്. 2027 ജനുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ കളിക്കാൻ ടീമിന് അനുമതി നൽകാനാകില്ലെന്ന് ബോർഡ് അറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം ശ്രീലങ്കയിൽ നടന്ന ടൂർണമെന്റിൽ കിരീടം നേടിയ പാകിസ്ഥാനാണ് ഇത്തവണ ലോകകപ്പിൽ നിന്ന് പിന്മാറുന്നത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്ത് മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് പാക് വെറ്ററൻസ് ക്രിക്കറ്റ് അസോസിയേഷനെ (പി.വി.സി.എ) പി.സി.ബി അറിയിക്കുകയായിരുന്നു. ലോകകപ്പിൽ നിന്നും പിന്മാറുന്ന വിവരം സംഘാടകരെ അറിയിച്ചതായും പകരം ടീമിനെ കണ്ടെത്താൻ അവരോട് ആവശ്യപ്പെട്ടതായും പിവിസിഎ മേധാവി ഫവാദ് ഇജാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ മത്സരങ്ങൾക്കായി ടീമിന് വിസ അനുവദിക്കുമെന്നും കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും ടൂർണമെന്റ് സംഘാടകരും ആതിഥേയ രാജ്യവും ഉറപ്പുനൽകിയിരുന്നതായി ഇജാസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ പിസിബിയുടെയും പാക് വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും അനുമതി തേടിയിരുന്നു. എന്നാൽ പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി ഇന്ത്യയിൽ കളിക്കാൻ ടീമിന് അനുമതിയില്ലെന്ന് അറിയിച്ചതായി ഇജാസ് വെളിപ്പെടുത്തി.

അതേസമയം,​ ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ പങ്കെടുക്കാൻ പാക് ഹോക്കി ഫെഡറേഷനും നേരത്തേ വിസമ്മതിച്ചിരുന്നു. തുടർന്ന് പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയബന്ധം വഷളായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളിലും പങ്കെടുക്കാറില്ല. ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. അതും നിഷ്പക്ഷ വേദികളിലാണ് സാധാരണയായി നടക്കുന്നത്.

English Summary

Pakistan has pulled out of the International Masters World Cup (for players over 50) scheduled to be held in India in January 2027.The Pakistan Cricket Board (PCB) denied permission for the Pakistan Veterans team to travel to India. PCB Chairman and Pakistan Interior Minister Mohsin Naqvi reportedly informed the Pakistan Veterans Cricket Association (PVCA) that the team cannot participate.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN, PCB, MOHSIN NAQVI, MASTERS WORLDCUP, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360