
ഇന്ത്യൻ ഹൈക്കമ്മിഷനോട് ഹൈക്കോടതി
കൊച്ചി: ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെക്കുറിച്ച് രണ്ടു വർഷത്തിലധികമായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയിൽ, യുവതിയിൽ നിന്ന് വിവരം തേടി അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളുടെ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ഇംഗ്ലണ്ടിൽ മറ്റൊരാൾക്കൊപ്പം കഴിയുന്ന മകൾ സുരക്ഷിതയാണോ, എവിടെയാണ് താമസം, സ്വന്തം ഇഷ്ടപ്രകാരമാണോ താമസിക്കുന്നത് എന്നീ വിവരങ്ങൾ അറിയണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കളുടെ ഹർജി. ഹർജിക്കാരുടെ മകൾ 2024 ജനുവരി എട്ടിന് ഇംഗ്ലണ്ടിൽ എം.ബി.എ പഠനത്തിന് പോയതാണ്. പിന്നീട് ഒരു വിവരവും മാതാപിതാക്കൾക്കില്ല. ഹർഷ്ദീപ് സിംഗ് എന്നൊരാൾ മകളെ നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന് ഹർഷ്ദീപ് സിംഗ് അറിയിച്ചതായാണ് എംബസി നൽകിയ വിവരം. യുവതിയിൽ നിന്ന് നേരിട്ട് വിവരം തേടാനാണ് ഹൈക്കോടതി നിർദ്ദേശം..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |