
പാരീസ്: വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ഉയർന്ന ജീവിതച്ചെലവ് എന്നിവയുടെ പേരിൽ തുടരുന്ന പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫ്രാൻസ്. അംഗീകാരമില്ലാത്ത സംഘടനകളുടെ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്തുണ്ടായ കലാപത്തിനും അക്രമങ്ങൾക്കും പിന്നിൽ ദേശവിരുദ്ധരായ തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ പ്രകടനങ്ങൾ അനുവദിക്കുമെന്നും എന്നാൽ, ആക്രമണങ്ങളിൽ നിന്ന് കച്ചവടക്കാരെയും മറ്റും സംരക്ഷിക്കാൻ നിശ്ചിത റൂട്ടുകളിലേക്ക് തിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. നാളെ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. അതേ സമയം, പ്രതിഷേധിക്കാനുള്ള അവകാശം സർക്കാരിന് നിഷേധിക്കാനാകില്ലെന്ന് കാട്ടി സമരക്കാർ രംഗത്തെത്തി. സർക്കാരിനെ വകവയ്ക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പാരീസിൽ അണിനിരന്നു. അതേ സമയം, ലിയോൺ നഗരത്തിൽ നാളത്തെ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |