SignIn
Kerala Kaumudi Online
Sunday, 12 July 2026 5.15 AM IST

ആരാണ് യഥാർത്ഥ വിജയി ?

as

''വിജയിച്ചവരിൽ, തോൽവികളെ അഭിമുഖീകരിച്ചിട്ടില്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ? ചിലർ പരാജയങ്ങളെ സമചിത്തതയോടെ നേരിടും. കാരണം, അപ്രകാരമുള്ള മുന്നേറ്റം അവർക്ക് വളരെ പ്രധാനപ്പെട്ടതാണ്. അകലെയല്ലാതെ വിജയം കാത്തുനിൽപ്പുണ്ട് എന്ന സത്യം മനസിലാക്കിയാണ് നിശ്ചയദാർഢ്യത്തോടെയും അർപ്പണബോധത്തോടെയും അച്ചടക്കത്തോടെയും അവർ വിജയക്കൊടി പാറിക്കുന്നത്. എന്നാൽ, ചിലർ ചെറിയ പരാജയങ്ങളിൽ തളർന്നുപോകുന്നു. അപ്പോൾ, വിജയം ഒരിക്കലും അത്തരക്കാരോട് ഒത്തുചേരില്ല. എന്നാൽ, തോൽവിയും നഷ്ടവും നിരാശയും വിജയവും പോലും എല്ലാത്തിന്റേയും അവസാനമല്ലെന്ന് കാഴ്ചപ്പാടാണ് വിവേകമെന്ന് ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്. ഓരോ അവസാനവും മറ്റൊരു തുടക്കത്തിന്റെ വാതിലാണ്. സൂര്യൻ അസ്തമിക്കുമ്പോൾ, ദിവസം അവസാനിച്ചെന്ന് തോന്നാം. എന്നാൽ, അതേസമയം ലോകത്തിന്റെ മറ്റൊരിടത്ത് പുതിയ പ്രഭാതം വിരിയുകയാണ്. അതുപോലെ, നമ്മുടെ ജീവിതത്തിലും ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കാൻ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിയണം. എന്ത് സംഭവിച്ചാലും എല്ലാം കഴിഞ്ഞെന്ന് ഒരിക്കലും ചിന്തിക്കരുത്. പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകുന്നവർക്കാണ് അവസരങ്ങൾ തുറന്നുകിട്ടുന്നത്.

ഒരു കർഷകന് രണ്ട് വിത്തുകൾ ഉണ്ടായിരുന്നു. ഒന്ന് നല്ല വളക്കൂറുള്ള മണ്ണിലും മറ്റൊന്ന് പാറക്കല്ലുകൾക്കിടയിലുമാണ് വിതച്ചത്. നല്ല മണ്ണിലുണ്ടായിരുന്ന വിത്ത് പെട്ടെന്ന് മുളച്ചു വളർന്നു. പാറക്കല്ലുകൾക്കിടയിലുണ്ടായിരുന്ന വിത്ത് മുളയ്ക്കാൻ ഏറെ പ്രയാസപ്പെട്ടു. മഴയും വെയിലും അതിനെ തളർത്തി. അത് സ്വയം പറഞ്ഞു, ''എന്റെ ജീവിതം ഇവിടെ അവസാനിച്ചു. ഇനി എനിക്ക് വളരാൻ കഴിയില്ല''. എന്നാൽ ഭൂമിക്കടിയിലൂടെ വേരുകൾ പതിയെ പാറയിൽ ചെറിയ വിള്ളലുകളിലൂടിറങ്ങി. വെള്ളവും പോഷകങ്ങളും കണ്ടെത്തി. ആ വിത്തും മുളച്ചു, വലിയ വൃക്ഷമായി. ഒരു ദിവസം യാത്രക്കാർ ആ വൃക്ഷത്തിന്റെ തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ നല്ല മണ്ണിൽ വളർന്ന വൃക്ഷം ചോദിച്ചു- ''ഇത്രയും കഷ്ടത സഹിച്ചിട്ടും നീ എങ്ങനെയാണ് ശക്തനായത്?' പാറക്കല്ലുകൾക്കിടയിൽ വളർന്നവൃക്ഷം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ''നേരിട്ട ഓരോ തടസവും എന്റെ വളർച്ചയെ തടഞ്ഞില്ല; മറിച്ച് കൂടുതൽ ശക്തനാക്കി. അവസാനമെന്ന് കരുതിയത്, പുതിയ തുടക്കമായിരുന്നു''. ജീവിതത്തിൽ ചിലപ്പോൾ എല്ലാവഴികളും അടഞ്ഞെന്ന് തോന്നാം. എന്നാൽ അവസാനമാകണമെന്നില്ല'' - പ്രഭാഷകൻ, നോക്കുമ്പോൾ വിജയത്തെ വരവേൽക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു സദസ്യർ.

''വിജയം നമ്മെ സന്തോഷിപ്പിക്കും; പരാജയം പഠിപ്പിക്കും. ജീവിതത്തിൽ ജയവും പരാജയവും നാണയത്തിന്റെ വശങ്ങളാണ്. എത്ര പ്രതിഭയുള്ളവനായാലും ഒരിക്കലെങ്കിലും പരാജയം നേരിടേണ്ടിവരും. വിജയിക്കുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കും. പക്ഷേ, വിജയത്തോടൊപ്പം വിനയവും ഉണ്ടായിരിക്കണം. കാരണം, അഹങ്കാരം വിജയത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അതുപോലെ, പരാജയപ്പെടുമ്പോൾ നിരാശപ്പെടാതെ പാഠങ്ങൾ ഉൾക്കൊള്ളുകയാണ് യഥാർത്ഥ വിജയിയുടെ ലക്ഷണം. ഒരു വിത്ത് മണ്ണിനടിയിൽ മറഞ്ഞു കിടക്കുമ്പോൾ നശിച്ചെന്ന് തോന്നാം. എന്നാൽ അതുതന്നെയാണ് പിന്നീട് വലിയ വൃക്ഷമായി വളരുന്നത്. ജയപരാജയങ്ങൾ ഒരുപോലെ സ്വീകരിക്കുന്നവനാണ് യഥാർത്ഥ വിജയി''- പ്രഭാഷകൻ നിറുത്തിയപ്പോൾ സദസ്യർ അത്രഅകലെയല്ലാത്ത വിജയത്തിന് കൈകൊടുക്കാനുള്ള ഒരുക്കത്തിലായിരുന്നു!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION