
അനന്തമായ ലോകത്ത് സത്യമെന്നു കരുതുന്നതിനുമപ്പുറമൊരു സത്യമുണ്ടെന്ന ബോധോദയം ഡോ. സജികുമാർ വലിയമഠമെന്ന മനഃശാസ്ത്രജ്ഞനെ വ്യത്യസ്തനാക്കുന്നു. ഓരോ സത്യവും തിരിച്ചറിയുമ്പോഴാണ് അതു പൂർണമല്ലെന്ന ബോധോദയമുണ്ടാകുക. ദൈവസങ്കൽപങ്ങളടക്കം വ്യാഖ്യാനങ്ങൾക്ക് അതീതമായ തലങ്ങളിലാണെന്നു മനസിലാക്കുമ്പോഴാണ് അകലങ്ങൾ ഇല്ലാതാകുന്നത്. വ്യാഖ്യാനങ്ങൾക്ക് അതീതമായ തലങ്ങളിലെ അനന്തതയാണ് സത്യം.
മനഃശാസ്ത്രത്തിലടക്കം ഡോക്ടറേറ്റുള്ള ഈ ഗവേഷകൻ കാലം ഒരുക്കിയ വഴികളിൽനിന്നു മാറി സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷണൽ റിലേഷൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, പരമ്പരാഗത വൈദ്യം, ഗണിതശാസ്ത്രം എന്നിങ്ങനെ അറിവുകളുടെ വൈവിദ്ധ്യലോകത്ത് നിറഞ്ഞുനിൽക്കുന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഗ്രന്ഥങ്ങൾ കാലത്തിനു വഴികാട്ടിയാണ്. വിദ്യാഭ്യാസ വിദഗ്ദ്ധരടക്കം ഇവ പിന്തുടരുന്നു. ബഹിരാകാശ മേഖലയിലടക്കം ഇദ്ദേഹത്തിന്റെ ചിന്തകൾക്ക് സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. പോസിറ്റീവ് സീറോ, നെഗറ്റീവ് സീറോ എന്നിവയെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങൾ രാജ്യാന്തര ശ്രദ്ധയാകർഷിച്ചു. ഒരുകുട്ടി ജനിക്കുമ്പോഴുള്ള സമയം നോക്കിയാണ് ജാതകമടക്കം തുടങ്ങുന്നത്. അമ്മയുടെ വയറ്റിൽ നാമ്പിട്ടസമയം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നില്ല. പ്രപഞ്ചത്തിലെ ഓരോ കാര്യത്തിലും കണക്കിന്റെ ഈ അപൂർണതയുണ്ട്. ഉപഗ്രഹവിക്ഷേപണത്തിലടക്കം ഈ തിരിച്ചറിവിന് പ്രാധാന്യമേറെയാണ്. കാലത്തിനു മുന്നിൽ സഞ്ചരിച്ച പഴമകളാണ് ഭാരതത്തിന്റെ പൈതൃകമെന്ന് ഇദ്ദേഹം പറയുന്നു.
വർത്തമാനകാല സത്യങ്ങളിലേക്കും കാലത്തിനു മുന്നിലേക്കും പിന്നിലേക്കുമെല്ലാം തീർത്ഥാടനം നടത്തുന്ന സന്യാസിമാരടക്കം കോതമംഗലം കോളേജ് ജംഗ്ഷനിലെ പ്രണവം മന:ശാസ്ത്ര കേന്ദ്രത്തിലും വാരപ്പെട്ടിയിലെ വസതിയിലും സജികുമാറിനെ തേടിയെത്താറുണ്ട്.
തിരുവനന്തപുരം സ്വദേശിയാണെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇടുക്കിയിലായിരുന്നു പഠനം. 24 വർഷമായി കോതമംഗലത്താണ് താമസം. രജിത കെ. നായരാണ് ഭാര്യ.ഭുവനേശ്വർ എയിംസിൽ എം.ബി.ബി.എസ് നാലാം വർഷ വിദ്യാർത്ഥിനിയായ ശരണ്യ, ചിന്മയയിൽ ബി.ടെക് വിദ്യാർത്ഥിയായ സന്ദീപ് എന്നിവരാണ് മക്കൾ.
മനസെന്ന മാന്ത്രികൻ
മനഃശാസ്ത്രത്തിലെ ബോധമനസ് (Conscious Mind), ഉപബോധമനസ് (Subconscious Mind), അബോധമനസ് (Unconscious Mind) എന്നിവയെക്കുറിച്ച് ആഴത്തിൽ പഠന-ഗവേഷണം നടത്തി പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. പ്രശസ്ത മനഃശാസ്ത്രജ്ഞൻ മർഫിയുടെ വ്യാഖ്യാനങ്ങൾക്ക് അതീതമായ കണ്ടെത്തലുകളാണ് ഇതിലുള്ളത്. സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്നു പറയുന്നതുപോലെയാണ് പല കാര്യങ്ങളും. കാണുന്നതിനും ചിന്തിക്കുന്നതിനും അപ്പുറമാണ് ശരികൾ. പാശ്ചാത്യ ചിന്താധാരകളെ അടിസ്ഥാനമാക്കിയാണ് മനഃശാസ്ത്രത്തിലെ പഠനഗ്രന്ഥങ്ങൾ. അതിൽനിന്ന് മാറിനിന്നു ചിന്തിച്ചാൽ മറ്റൊരു ചിത്രമാകും തെളിയുക. സുഷുപ്തി എന്ന അവസ്ഥയെക്കുറിച്ച് ഉൾപ്പെടെ ഒട്ടേറെ പുതിയ വിവരങ്ങൾ സജികുമാർ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തി എന്നു പറയുമ്പോഴും, ബാക്ടീരിയകൾ ഉൾപ്പെടെയുള്ള ജീവവസ്തുക്കൾ അധിവസിക്കുന്ന ബ്രഹ്മസ്വരൂപമാണ് മനുഷ്യശരീരം. ഓരോ കോശത്തിനും അതിന്റേതായ ദൗത്യമുണ്ട്. പ്രപഞ്ചമെന്ന സത്യം അതുകൊണ്ടുതന്നെ കേവലം ചില വ്യാഖ്യാനങ്ങളിൽ ഒതുങ്ങുന്നില്ല. പലരും ഇതുവരെയെത്താത്ത ഉള്ളറകളിലേക്കു കടന്നുചെന്നിട്ടുണ്ടെന്ന് ഉറപ്പുണ്ടെന്ന് സജികുമാർ പറയുന്നു. വിദേശത്തുനിന്നടക്കം ധാരാളം ഗവേഷകർ വിളിക്കാറുണ്ട്. മനസിനെക്കുറിച്ച് പ്രതിപാദിക്കുന്ന 'മനോവേദ' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ രചനയിലാണ്. അടുത്തമാസം പ്രസിദ്ധീകരിക്കും. തൈത്തിരിയ ഉപനിഷത്തിലെ പഞ്ചകോശസിദ്ധാന്തത്തെക്കുറിച്ച് നടത്തിയ പുതിയ വ്യാഖ്യാനമായ സപ്തകോശസിദ്ധാന്തം രാജ്യാന്തര വേദികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. സീറോ ബഡ്ജറ്റ് സോഷ്യൽ ട്രാൻസഫർമേഷൻ എന്ന പുസ്തകം ഏറെ ചർച്ചചെയ്യിപ്പിട്ടിരുന്നു. ഒന്നുമില്ലായ്മയിൽനിന്ന് വളർച്ചയിലേക്ക് വഴികാട്ടുന്നതാണിത്. വിവിധ വിഷയങ്ങളിൽ 94 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 600-ലേറെ പ്രബന്ധങ്ങളും 2000-ലേറെ നൂതന ശാസ്ത്രീയ കണ്ടെത്തലുകളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. മനസിനെക്കുറിച്ച് കൃത്യമായ പഠനം ആവശ്യമാണ്. ശരീരത്തിനു കഴിയുന്നതിനേക്കാൾ എത്രയോ ഇരട്ടി കാര്യങ്ങൾ മനസിനു ചെയ്യാൻ കഴിയുമെന്നതിനാൽ പല പഠനങ്ങളും ജീവിതത്തിൽ വലിയമാറ്റമുണ്ടാക്കും. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ മുതൽ സന്യാസിമാർ വരെ സജികുമാറിനെ തേടിയെത്തുന്നു. പഴയപഠനങ്ങൾ പിന്തുടരുകയല്ല, പുതിയത് കണ്ടെത്തി മുന്നേറുകയാണ് വേണ്ടതെന്ന് ഇദ്ദേഹം പറയുന്നു.ആത്മയോഗയെക്കുറിച്ചുള്ള സജികുമാറിന്റെ അഷ്ടാത്മയോഗ എന്ന ഗ്രന്ഥം അനിർവചനീയമാണ്. സജികുമാറാണ് ആത്മശാസ്ത്ര പഠന മേഖലയായ സോളോജി (Soulogy)യുടെ ഉപജ്ഞാതാവും ഗ്രന്ഥകാരനും.
അറിയണം, അറിവിന്റെ
പരമാനന്ദം
ഇന്റലിജൻസ് ആൻഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദൈവമെന്നത് സുപ്രീം ഇന്റലിജൻസ് ആണ്. അറിവിന്റെ പരമാനന്ദം അനുഭവിക്കുന്നു എന്ന് ആചാര്യന്മാർ പറഞ്ഞത് ഇതുകൊണ്ടാകാം. ഹ്യൂമൻ സൈക്കോളജി മാത്രമല്ല, അനിമൽ സൈക്കോളജിയും പ്ലാന്റ് സൈക്കോളജിയുമുണ്ട്. ജീവനുള്ളതെല്ലാം ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ഓരോ ജിവിയിലും ചെടിയിലും ഈശ്വരനുണ്ട്. മനസിന്റെ അടരുകളിൽ അനന്തമായ കാര്യങ്ങൾ സ്റ്റോർ ചെയ്യാം. പഴമകളിലൂടെ പുതുമകളിലേക്ക് കുതിക്കുന്നതാണ് യഥാർത്ഥനവോത്ഥാനം. വിശ്വാസത്തിലോ ആചാരങ്ങളിലോ ചിന്തകളിലോ ഈശ്വരസങ്കൽപങ്ങൾ ഒതുങ്ങരുത്. അറിയുംതോറും അനന്തമായി തുടരുന്ന യാഥാർത്ഥ്യമാണത്. എൻലൈറ്റമെന്റ് എന്ന പുസ്തകത്തിൽ ഈശ്വരസങ്കൽപത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. എൻലൈറ്റ്മെന്റ്, വിസ്ഡം തുടങ്ങിയ വിഷയങ്ങൾ അനന്തമാണ്.
തമോഗർത്തങ്ങളെക്കുറിച്ചും (ബ്ലാക് ഹോൾ) ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. മനുഷ്യരെപ്പോലെ വിവിധ പരിണാമദശകളിലൂടെ കടന്നു പോകുന്നവയാണ് നക്ഷത്രങ്ങൾ. ഒടുവിൽ വൻ വിസ്ഫോടനത്തിലൂടെ അവ മരിക്കുകയും ചിലത് തമോഗർത്തമാവുകയും ചെയ്യും. ചുറ്റുമുള്ള വസ്തുക്കളെയും ഊർജത്തെയും പ്രകാശത്തെയും ഇവ വലിച്ചെടുക്കും. ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനുള്ള ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സന്യാസിയും ഗവേഷകനും, മനശാസ്ത്രജ്ഞനും, ആകുലതകൾ അകറ്റുന്നവനും ആകാൻ കഴിയുമ്പോഴാണ് യഥാർത്ഥ വഴികാട്ടിയാകുക. ആത്മീയതയടക്കം ഏതു ടൂളും ഉപയോഗപ്പെടുത്താം.
പ്രകൃതിയെ മറന്നു,
പ്രശ്നങ്ങൾ പെരുകി
പ്രകൃതിയിൽ നിന്ന് മനുഷ്യൻ അകന്നുപോയതാണ് പ്രധാന പ്രശ്നം. പ്രകൃതി മാത്രമല്ല, സ്വന്തം ശരീരം നൽകുന്ന സൂചനകൾ പോലും മനസിലാക്കുന്നില്ല. മനസിലാക്കിയിരുന്നെങ്കിൽ പല രോഗങ്ങളും പിടിപെടില്ലായിരുന്നു. അസ്വാഭാവിക മാറ്റങ്ങൾ ശരീരം പറയുമെങ്കിലും പലരും തിരിച്ചറിയാറില്ല.
കൗൺസലിംഗിന് ധാരാളം പേരെത്തുന്നു. സ്വസ്ഥതയില്ലെന്ന സങ്കടവുമായി വരുന്ന കുടുംബങ്ങളാണ് ഏറെയും. കോടതിയിൽ വർഷങ്ങളായുള്ള കേസുകൾ പരിഹരിച്ചിട്ടുണ്ട്. വർഷങ്ങളായി അകന്നുകഴിയുന്നവർ ഒറ്റ സിറ്റിംഗിൽ ഒത്തുചേർന്നിട്ടുണ്ട്. സ്നേഹത്തിന്റെ കടൽ മനസിലുണ്ടെങ്കിലും പ്രകടിപ്പിക്കാനാവാത്തവരുണ്ട്. ഭാര്യയുടെ കുറ്റങ്ങളും കുറവുകളുമായി വരുന്നവർ സ്വന്തം പോരായ്മകൾ മറച്ചുവയ്ക്കുന്നു. നേരേ തിരിച്ചും. ലഹരിമരുന്നിന് അടിമകളായ ധാരാളം പേർ സഹായം തേടി വരുന്നുണ്ട്. മരുന്നിനല്ല, രക്ഷപ്പെടണമെന്ന ബോധം വളർത്തിയെടുക്കുന്നതാണ് പ്രധാനം. മദ്യം വിഷമാണെന്നു പറഞ്ഞാൽ മദ്യപാനം നിറുത്തില്ല. തിന്നാനും കുടിക്കാനും ആനന്ദിക്കാനും മാത്രമുള്ളതല്ല ജീവിതം. ലക്ഷ്യം പണമോ പ്രശസ്തിയോ അല്ലെങ്കിൽ ഏതു പ്രവൃത്തിക്കും ഫലപ്രാപ്തിയുണ്ടാകും.
ഗവേഷകനായ
മൈൻഡ് സർജൻ
സൈക്കോളജിയും പാരാസൈക്കോളജിയുമെല്ലാം ഉൾപ്പെടുന്ന ഹോളിസ്റ്റിക് മൈൻഡ് സയൻസിലാണ് ഗവേഷണം കേന്ദ്രീകരിക്കുന്നത്. അതിൽ മൈൻഡ് സർജറിയിലാണ് സ്പെഷലൈസ് ചെയ്യുന്നത്.യു.എസിലെയടക്കം ഗവേഷകർ സുഹൃത്തുക്കളായുണ്ട്. ഒട്ടേറെ രാജ്യാന്തര ഓൺലൈൻ പ്രോഗ്രാമുകളിൽ പങ്കെടുത്തു. മൾട്ടി ഡയമെൻഷണൽ മൈൻഡ് സർജറിയിലൂടെ (എം.ഡി.എം.എസ്) പലരെയും ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. സീറോ ബഡ്ജറ്റ് സോഷ്യൽ ട്രാൻസ്ഫർമേഷൻ എന്ന സിദ്ധാന്തത്തിന്റെയും ഉപജ്ഞാതാവാണ്. എത്ര ഫണ്ട് ഉണ്ടെങ്കിലും ഒരു രാജ്യത്തിനു മുന്നോട്ടു പോകാനാവണമെന്നില്ല. ശാസ്ത്രീയമായി കൈകാര്യം ചെയ്യാത്തതാണ് പ്രശ്നം.
സ്വാമി വിവേകാനന്ദന്റെ സംയമം എന്ന സിദ്ധാന്തം പിന്തുടരുന്നു. ഏകാഗ്രതയും ധ്യാനവും തിരിച്ചറിവുകളുമെല്ലാം ഒരുമിക്കുന്ന അവസ്ഥയാണിത്. മനസ് പൂർണമായും നിയന്ത്രണത്തിലാവുകയും അറിവുകൾ വെളിപ്പെടുകയും ചെയ്യും.1985ൽ തുടക്കമിട്ട ഓൾ കേരള ഓർഫൻസ് വെൽഫയർ അസോസിയേഷൻ (അക്കോവ) സ്ഥാപക ചെയർമാനും സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകനും പരിഷ്കർത്താവുമായ സജികുമാർ കുട്ടിക്കാലം മുതൽ 50 വർഷമായി സന്നദ്ധസേവന രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. വിവിധ ജീവകാരുണ്യ-വിദ്യാഭ്യാസ-ആരോഗ്യ ബോധവത്കരണ പരിശീലനങ്ങൾ, പ്രകൃതി സംരക്ഷണം, ജല-പാർപ്പിട സൗകര്യങ്ങൾ, പട്ടിണി വിമുക്ത സംരംഭങ്ങൾ, കൊറോണയ്ക്കെതിരായ ടോട്ടൽ വാക്സിനേഷൻ മെഗാ പ്രോഗ്രാമുകൾ, കുടുംബ മാനസികാരോഗ്യ പദ്ധതിയായ വി ഹെൽപ് യു (WHY), ഡിജിറ്റൽ ഫാമിലി എന്നിങ്ങനെ ഒട്ടേറെ ക്ഷേമ വികസന പ്രവർത്തനങ്ങൾ ഇദ്ദേഹം നേതൃത്വം നൽകുന്ന പ്രൗഡ് ഇന്ത്യാ മിഷന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. ട്രാവൽ & ടൂറിസം പദ്ധതിയായ വിസിറ്റിന് നേതൃത്വം നൽകുന്നതും ഇദ്ദേഹമാണ്. മന:ശാസ്ത്ര-ആത്മീയ പ്രഭാഷണങ്ങളും ശാസ്ത്രീയ പരിശീലനങ്ങളും നൽകുന്ന സജികുമാർ 2023 മുതൽ വിശ്വശരണോപാസന സംഘം ചെയർമാനാണ്. ഒട്ടേറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫുട്ബോൾ ട്രാക്ക് റേസിംഗ്
വെട്ടിച്ചുകയറാം,വിജയത്തിലേക്ക്
ജീവിതമെന്ന കളിക്കളത്തിൽ ലക്ഷ്യങ്ങളുടെ ഗോൾവല കുലുങ്ങാൻ എന്തുചെയ്യണമെന്ന ചോദ്യം പെനാൽറ്റി കിക്ക് പോലെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെങ്കിലും ഡോ. സജികുമാർ വലിയമഠത്തിന്റെ ഉത്തരം ഉടൻ- ഗോളിയില്ലാത്ത ഗോൾപോസ്റ്റ് പോലെ ലളിതം!. വിശ്വാസങ്ങൾക്ക് അപ്പുറമുള്ള യാഥാർത്ഥ്യത്തിന്റെ കാണാപ്പുറങ്ങൾ തേടിയലയുന്ന ഈ മനഃശാസ്ത്രജ്ഞന്റെ ഏറ്റവും പുതിയ കണ്ടെത്തൽ കായികമേഖലയിലടക്കം ചർച്ചയാകുന്നു. ഫുട്ബാൾ ട്രാക്ക് റേസിംഗ് (എഫ്.ടി.ആർ) എന്ന കായികപദ്ധതി രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് ഊർജം പകരുന്നു. തന്ത്രങ്ങളുടെ വിഹാരകേന്ദ്രമാണ് ഫുട്ബാൾ ഗ്രൗണ്ട്. ഒരു പന്തിനു പിന്നാലെ പലർ പായുന്ന കളിയിൽ കൃത്യതയോടെ കുതിക്കാൻ ഈ പരിശീലനം പ്രാപ്തമാക്കുന്നു. കളിക്കളത്തിൽ വെട്ടിച്ചുകയറാൻ പ്രാപ്തമാക്കുന്ന ഡ്രിബ്ലിംഗിൽ ഉൾപ്പെടെ ശാസ്ത്രീയ പരിശീലനം നൽകുന്ന പദ്ധതിയാണിത്. അസാധാരണ വേഗവും പന്തിന്റെ നിയന്ത്രണവും ഇതിൽ സമന്വയിക്കുന്നു. ഡ്രിബ്ലിംഗിന്റെ വേഗം, നിയന്ത്രിക്കുന്നതിലെ സഹിഷ്ണുത, ഏകാഗ്രത, കായികക്ഷമത എന്നിവയെല്ലാം വിലയിരുത്തപ്പെടുന്ന ഈ പരിശീലനം കൃത്യതയിലേക്കുള്ള കുതിപ്പാണെന്ന് ഡോ. സജികുമാർ പറയുന്നു. പല പരിശീലകരും ഇത് അംഗീകരിച്ചിട്ടുണ്ട്. 400, 800, 1200, 1600, 2000 മീറ്റർ മത്സരങ്ങളുണ്ട്. ഓരോ മത്സരാർത്ഥിക്കും പ്രത്യേക നമ്പർ നൽകിയ ഫുട്ബാൾ നൽകും. ഡ്രിബ്ലിംഗ് നിയമങ്ങൾ പാലിച്ച് ട്രാക്കിലൂടെ ഓടി ബാൾ മുന്നോട്ടുകൊണ്ടുപോകണം. ആദ്യം ഫിനിഷിംഗ് ലൈൻ കടക്കുന്ന ഫുട്ബാളിന്റെ ഉടമയായിരിക്കും വിജയി. കളിക്കാരന്റെ ഏകാഗ്രതയും കൃത്യതയും ഉറപ്പാക്കാൻ ഈ പരിശീലനത്തിലൂടെ കഴിയും. അത്ലറ്റിക്സ്, ഫുട്ബാൾ, സ്പോർട്സ് സൈക്കോളജി, ക്ഷമ-സഹിഷ്ണുത തുടങ്ങിയവയുടെ ഈ സമന്വയരൂപം ഓട്ടത്തിന്റെ കാര്യക്ഷമതയും ശ്രദ്ധയും വർദ്ധിപ്പിക്കുകയും, ന്യൂറോ-മസ്കുലാർ ഏകോപനം സാദ്ധ്യമാക്കുകയും ചെയ്യും. കളിക്കാരന്റെ ക്ഷീണവും മാനസികസമ്മർദ്ദവും കുറയ്ക്കാൻ ഈ പരിശീലനം സഹായിക്കുമെന്നതാണ് മറ്റൊരു നേട്ടം. ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിക്കു കുതിപ്പേകാൻ ഇതിനു കഴിയുമെന്ന് ഡോ. സജികുമാർ ഉറപ്പുനൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |