
അർദ്ധരാത്രി പിന്നിട്ടിരിക്കുന്നു, മണിക്കൂറുകൾക്ക് മുൻപുവരെ ഉണ്ടായിരുന്ന കോലാഹലങ്ങളെല്ലാം അടങ്ങി, തീവണ്ടിയുടെ പതിഞ്ഞ ഉലച്ചിലും ഇരുമ്പുപാളങ്ങളിലെ ചെറു ശബ്ദവും മാത്രം ബാക്കി. മുകളിലെ ഫാൻ കറങ്ങുന്നതിനുമുണ്ട് ഇത്തിരി കൂടുതൽ ശബ്ദം. തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്. ഒപ്പമിരുന്ന് വർത്തമാനം പറഞ്ഞിരുന്നവരൊക്കെ ഇപ്പോൾ മൂടിപ്പുതച്ചുറക്കത്തിലുമാണ്.
മഹാരാഷ്ട്രയിലെ ഗംഗനഗറിൽ നിന്ന് എക്സ്പ്രസ് ട്രെയിനിൽ മിന്നൽ വേഗത്തിൽ പായുമ്പോൾ, അതിലും വേഗത്തിലായിരുന്നു ബേബിയുടെ ചിന്തകൾ. ആശിച്ചു കിട്ടിയ പട്ടാളക്കാരന്റെ ജോലിയാണ് സ്വയം ഉപേക്ഷിച്ച് സ്വന്തം മണ്ണിലേക്ക് മടങ്ങുന്നത്. പെട്ടിയിലാക്കിയ പന്ത്രണ്ടര വർഷത്തെ സൈനിക ഓർമ്മകളും തുശ്ചമായൊരു പെൻഷൻ തുകയും മാത്രമാണ് കൈമുതൽ. ഭാവിയെക്കുറിച്ചുള്ള ആകുലതകൾ ആ മനസിനെ ഒന്നുലച്ചെങ്കിലും തോറ്റുകൊടുക്കാൻ ആ പട്ടാളക്കാരന്റെ മനസനുവദിച്ചില്ല. ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിൽ ഹിമസാഗർ എക്സ്പ്രസിൽ ഇരുന്ന് ബേബി പുതിയൊരു ജീവിതത്തിലേക്ക് കണ്ണുനട്ടു. പ്രതിസന്ധികളിൽ തോറ്റുപോകാത്ത വിധം മനസിനെ പാകപ്പെടുത്തിയാണ് ജന്മനാട്ടിലേക്ക് കാൽ ചവിട്ടിയത്. പരീക്ഷണങ്ങൾ ഏറെയുണ്ടായെങ്കിലും കരുനാഗപ്പള്ളി ആലുംകടവ് കോയിത്തറ വീട്ടിൽ കെ.ബേബി പടുത്തുയർത്തിയത് ആറിൽപരം സംസ്ഥാനങ്ങളിൽ മൂവായിരത്തിലധികം പേർക്ക് തണലായ 'ഓംകാർ സെക്യൂരിറ്റി' ഏജൻസി എന്ന വൻ സ്ഥപാനമാണ്!
കനൽവഴികൾ
താണ്ടി....
ആലുംകടവ് കോയിത്തറ വീട്ടിൽ എൻ.കൊച്ചുവേലുവിന്റെയും ദേവകിയുടെയും അഞ്ച് മക്കളിൽ ഇളയവനാണ് കെ.ബേബി. ആദ്യകാല സി.പി.ഐ പ്രവർത്തകനായിരുന്ന കൊച്ചുവേലുവിന് ചീനിക്കച്ചവടവും കയർ വ്യവസായവുമായിരുന്നു. മരുതൂർ കുളങ്ങര എൽ.പി. സ്കൂളിലും തുറവൂർക്കുന്ന് യു. പി സ്കൂളിലും കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് ബേബി സ്കൂൾ പഠനം പൂർത്തിയാക്കിയത്. ചവറ ഗവ.കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ, പോകാനുള്ള സൗകര്യത്തിനായി കുരീപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. 1984 ഒക്ടോബർ 31ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ന്യൂഡൽഹിയിലെ സഫ്തർജംഗ് റോഡിലുള്ള വസതിയിൽ വച്ച് സ്വന്തം അംഗരക്ഷകരായ ബിയാന്ത് സിംഗിന്റെയും, സത്വന്ത് സിംഗിന്റെയും വെടിയേറ്റ് മരിച്ച വാർത്ത ബേബിയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. അതിന് പിന്നാലെ രാജ്യത്ത് നടന്ന കലാപങ്ങൾ ഉള്ളിൽ തികട്ടി. സ്കൂൾ പഠനകാലത്ത് ഉള്ളിലുദിച്ച പട്ടാളക്കാരനാകണമെന്ന ചിന്തയ്ക്ക് ആക്കം കൂടി. പ്രീഡിഗ്രി പഠനത്തിന്റെ ഭാരമിറക്കിവച്ചുകൊണ്ട് കരസേന റിക്രൂട്ട്മെന്റിനെക്കുറിച്ച് അന്വേഷിച്ചു. ബന്ധുവിന്റെ സഹായത്തോടെ പഞ്ചാബിലെ അമൃത്സറിലെ റിക്രൂട്ട്മെന്റ് ക്യാമ്പിലെത്തി. കഠിനമായ റിക്രൂട്ട്മെന്റ് ക്യാമ്പ് കടന്ന് ഇന്ത്യൻ കരസേനയിലെ ആർമ്ഡ് കോറിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ബേബിയ്ക്ക് 19 വയസ് തികയുന്നതേയുള്ളു. പഞ്ചാബിലെ തണുത്തുറഞ്ഞ അതിർത്തികളിലും രാജസ്ഥാനിലെ തീയുതിർക്കുന്ന മണലാരണ്യങ്ങളിലുമായിരുന്നു പ്രധാനമായും സേവനം അനുഷ്ഠിച്ചത്. കടുത്ത കാലാവസ്ഥകളോട് പടവെട്ടിയ ആ സൈനിക ജീവിതമാണ് തോൽക്കാൻ മനസില്ലാത്ത ദൃഢനിശ്ചയം അദ്ദേഹത്തിന് സമ്മാനിച്ചത്.
എന്നാൽ 1997ൽ പട്ടാള ജോലിയിൽ നിന്നും സ്വയം വിരമിച്ചു. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയാമെങ്കിലും നാട്ടിലെത്തി തുടങ്ങിയത് ചിട്ടിക്കമ്പനിയാണ്. പട്ടാള ജീവിതത്തിന്റെ സമ്പാദ്യവും കുടുംബ സമ്പാദ്യവും ചേർത്ത് ആറുവർഷക്കാലം ചിട്ടിക്കമ്പനി നടത്തിയെങ്കിലും വിജയിക്കാനായില്ല. സമ്പാദ്യം നഷ്ടപ്പെട്ട്, മുന്നിൽ ഇരുട്ട് പരന്ന നിമിഷത്തിലാണ് ഒരു സുഹൃത്തിന്റെ ഉപദേശത്താൽ സെക്യൂരിറ്റി ഏജൻസി തുടങ്ങിയത്. കരുനാഗപ്പള്ളി ശുഭാനന്ദ നിലയം ബിൽഡിംഗിൽ 2001 ജൂലൈ 13ന് 'ഓംകാർ സെക്യൂരിറ്റി ഏജൻസീസ്' പ്രവർത്തനം ആരംഭിച്ചു. ഇന്നേ ദിവസം 25 വർഷം പൂർത്തിയായി. പട്ടാളത്തിൽ നിന്നും ലഭിച്ച ഡിസിപ്ലിനും കഠിനാധ്വാനം ചെയ്യാനുള്ള മനസും മാത്രമായിരുന്നു കൈമുതൽ. ഓഫീസ് സ്റ്റാഫിനെ നിയോഗിച്ചുവെങ്കിലും പെൻഷൻ തുകയിൽ നിന്നും ശമ്പളം കൊടുക്കേണ്ടി വന്നു.
ഓംകാർ ശ്രദ്ധ നേടുന്നു
മാൻപവർ ബിസിനസ് മേഖല ചിലർ കുത്തകയായി വച്ചിരുന്ന കാലത്താണ് ബേബി ഈ മേഖലയിൽ കാലൂന്നിയത്. സേവന വാഗ്ദാനവുമായി ബേബി ആകെയുള്ള ഇരുചക്ര വാഹനത്തിൽ കേരളത്തിന്റെ രണ്ടറ്റത്തേക്കും പാഞ്ഞു. നൂറുകണക്കിന് ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഓച്ചിറ സുരേഷ് ടെക്സ്റ്റൈൽസും
കരുനാഗപ്പള്ളി കുറ്റിക്കാട് ഫിനാൻസും 'ഓംകാറി'ന്റെ സെക്യൂരിറ്റികളെ നിയോഗിക്കാൻ തയ്യാറായപ്പോഴാണ് ബേബിക്ക് ചുവടുറപ്പിക്കാനായത്. ബേബിയുടെ ജ്യേഷ്ഠ സഹോദരനും എസ്. എൻ ട്രസ്റ്റ് മുൻ ബോർഡ് മെമ്പർ കോയിത്തറ ബാബുവും അടുത്ത ബന്ധുവും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയുമായ എ.സോമരാജൻ വഴി കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെ സുരക്ഷാ കരാർ ലഭിച്ചതോടെ ഓംകാറിന്റെ ഭാഗ്യം തെളിഞ്ഞു. ശങ്കേഴ്സ് വളപ്പിൽ സിംസ് പ്രവർത്തനം ആരംഭിച്ചപ്പോൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കെ.ബേബിയുടെ ഓംകാറിന്റെ 115 സ്റ്റാഫുകളെയാണ് അവിടേക്ക് നിയോഗിച്ചത്. ലാഭത്തിനപ്പുറം വിശ്വാസ്യതയ്ക്ക് ഊന്നൽ നൽകിയ ബേബി, ജീവനക്കാർ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങുന്നുണ്ടോ എന്ന് നേരിട്ട് നിരീക്ഷിക്കാനിറങ്ങി. അതോടെ ജീവനക്കാർക്കും ഉത്തരവാദിത്തം കൂടി. പതിയെ ഓംകാർ മാൻപവർ ബിസിനസ് രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറുകയായിരുന്നു. പ്രവർത്തനം തുടങ്ങി കാൽ നൂറ്റാണ്ട് തികയ്ക്കുമ്പോൾ കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലടക്കം മൂവായിരത്തിലധികം ജീവനക്കാരുള്ള വൻ പ്രസ്ഥാനമായി ഓംകാർ വികസിച്ചു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, കൊച്ചിൻ എയർപോർട്ട്, ഡിഫൻസ് എസ്റ്റേറ്റ് ഓഫീസ്, ചവറ കെ.എം.എം.എൽ, കിൻഫ്ര, പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ്, ഇ.എസ്.ഐ ആശുപത്രികൾ, കൊല്ലം ബൻസിഗർ ഹോസ്പിറ്റൽ, ഹോളിക്രോസ് ഹോസ്പിറ്റൽ കൊട്ടിയം, അടൂർ, പത്മവാതി ഹോസ്പിറ്റൽ ശാസ്താംകോട്ട, തപാൽ ഓഫീസുകൾ, വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ ഇന്ന് ഓംകാറിന്റെ സുരക്ഷാ കരുത്തിലാണ് വിശ്വസിക്കുന്നത്. ജീവനക്കാർക്ക് തൃപ്തികരമായ സേവന വേതന വ്യവസ്ഥകളും ഇ.എസ്.ഐ, പി.എഫ്, ബോണസ് എന്നീ ആനുകൂല്യങ്ങളുമുണ്ട്. ഏജൻസിയുടെ വിജയത്തിന് കാരണഭുതരായത് ഏജൻസിയുടെ കോൺട്രാറ്റിൽ ജോലിനോക്കിയ ജീവനക്കാരും ഓഫീസിലെ സത്യസന്ധരും അർപ്പണ ബോധത്തോടെ ജോലി ചെയുന്ന ജീവനക്കാരുമാണ്. കേരളത്തിലെ മികച്ച സംരംഭകനായ കോയിത്തറ കെ. ബേബിയെ ബഹുമാനപ്പെട്ട കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കർ കേരളകൗമുദിയുടെ ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. ആദരണീയനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളപ്പള്ളി നടേശന്റെ സാനിദ്ധ്യത്തിലാണ് ഉപഹാരം ഏറ്റുവാങ്ങിയത്.സെക്യൂരിറ്റി ജീവനക്കാർ മാത്രമല്ല,
ഓഫീസ് സ്റ്റാഫുകൾ, നഴ്സിംഗ് സ്റ്റാഫുകൾ, ലാബ് ടെക്നീഷ്യൻസ്, ഐ.ടി മേഖലയിലുള്ളവർ, ക്ലീനിംഗ് സ്റ്റാഫുകളെയുമടക്കം എല്ലാ വിഭാഗം ജീവനക്കാരെയും ഓംകാർ നൽകുന്നുണ്ട്. എന്നാൽ ഹോംനേഴ്സ്, വീട്ടുജോലിക്കാരെ നിയോഗിക്കാറില്ല. കരുനാഗപ്പള്ളിയിലെ ശുഭനന്ദ നിലയത്തിൽ തുടങ്ങിയ സ്ഥാപനത്തിന് കരുനാഗപ്പള്ളിക്ക് പുറമെ ആലുവ, വർക്കല, ചെന്നൈ, ഡൽഹി, ദിണ്ഡിഗൽ, ബംഗളൂരു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ഓംകാർ മാൻപവർ കൺസൾട്ടൻസി, ഓംകാർ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എസ്.ആർ.ബി കൺസൾട്ടൻസി തുടങ്ങിയ സ്ഥാപനങ്ങൾ കെ.ബേബിയുടെ മകൻ ബിനിൽ ബേബിയുടെ നിയന്ത്രണത്തിലാണ്. നിലവിൽ ഓംകാർ സെക്യൂരിറ്റി ഏജൻസി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള പടനായർ കുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിന് എതിർവശത്തുള്ള ബഹുനില മന്ദിരത്തിലാണ് പ്രവർത്തിക്കുന്നത്. ബിസിനസ് സാമ്രാജ്യം കൂടുതൽ വിപുലമാണിപ്പോൾ.
കരുതലും കാരുണ്യവും
ചില മനുഷ്യർ ഭൂമിയിൽ ദൈവത്തിന്റെ പ്രതിരൂപങ്ങളാകുന്നത് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ സ്വന്തം കൈകൾ നീട്ടുമ്പോഴാണ്. കെ.ബേബി എന്ന ബിസിനസുകാരൻ അത്തരത്തിലൊരു കാരുണ്യത്തിന്റെ പ്രതീകമാണ്. അശരണരായ നൂറുകണക്കിന് മനുഷ്യർക്ക് കാരുണ്യത്തിന്റെ കുളിർ തെന്നലാണ് ഈ മുൻ സൈനികൻ. തീരാവ്യാധികളാൽ വീർപ്പുമുട്ടുന്നവർക്ക് കൈത്താങ്ങാകുന്ന ചികിത്സാ സഹായങ്ങൾ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ മാസത്തിലൊരിക്കൽ നടത്തിയിരുന്ന പ്രഭാത ഭക്ഷണ വിതരണം, കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റുകൾ, പ്രതിഭയുണ്ടായിട്ടും സാമ്പത്തികമില്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം, അടച്ചുറപ്പില്ലാത്ത കൂരകളിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട പാർപ്പിടങ്ങൾ, ഓണത്തിന് 300 പേർക്ക് ഭക്ഷ്യധാന്യങ്ങളടങ്ങുന്ന കിറ്റുകൾ കൊറോണ കാലത്ത് പി.പി കിറ്റ്.അങ്ങനെ ബേബിയുടെ കാരുണ്യ പ്രവർത്തനങ്ങൾ നിശബ്ദമായി നീളുകയാണ്. തന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കും നാടിന്റെ കരുതലിനുമായി മാറ്റിവയ്ക്കുന്നത് തന്റെ കർത്തവ്യമായാണ് അദ്ദേഹം കാണുന്നത്. എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം കൂടിയാണ് കോയിത്തറ ബേബിയെന്ന കെ.ബേബി.
വിജയവഴിയിൽ
തണലായി കുടുംബം
ഏതൊരു വലിയ വിജയത്തിന് പിന്നിലും കരുത്തായി നിൽക്കുന്ന ഒരു കുടുംബമുണ്ടാകും. പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ ബേബിക്ക് കരുത്ത് പകർന്നതും ഈ സ്നേഹക്കൂടാണ്. ബിരുദാനന്തര ബിരുദധാരിയായ (എം.എ) ഭാര്യ ജെ.ബീനയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രത്യാശയും പിന്തുണയും. പൊന്മന ആലപ്പുറത്ത് ഭരതൻ മുതലാളിയുടെയും ജഗദമ്മയുടെയും നാലാമത്തെ മകളാണ് ഓംകാറിന്റെ ഡയറക്ടർ കൂടിയായ ബീന.
അച്ഛന്റെ വഴിയിലൂടെ വിജയത്തിന്റെ പുതിയ പാതകൾ വെട്ടിത്തെളിക്കുകയാണ് മകൻ ബിനിൽ ബേബി. എം.സി. എ, എം.ബി.എ ബിരുദധാരിയായ ബിനിൽ, ഓംകാർ മാൻപവർ കൺസൾട്ടൻസി, ഓംകാർ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എസ്.ആർ.ബി കൺസൾട്ടൻസി എന്നീ പ്രമുഖ ബിസിനസ് സംരംഭങ്ങളുടെ മാനേജിംഗ് ഡയറക്ടറാണ്. എം.സി. എ, എം. ടെക്ക് (സോഫ്റ്റവെയർ), എം.ബി.എ ബിരുദാരിയും ഇൻഫോ പാർക്കിൽ ജീവനക്കാരിയായ രശ്മി ബിനിലാണ് മരുമകൾ. ജർമ്മനിയിൽ ദന്തിസ്റ്റായി ജോലി ചെയ്യുന്ന ഡോ.ബബിത ബേബിയാണ് മകൾ. അഞ്ചൽ ഐ.സി.ഐ.സി.ഐ ബാങ്കിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തിരുന്ന എം.ബി.എ ബിരുദധാരിയായ മരുമകൻ അമിത് കുമാറും ഇപ്പോൾ ജർമ്മനിയിൽ ബിസിനസുകാരനാണ്. ശിവേഷ്ട, സ്രവഷ്ട് എന്നിവർ കൊച്ചുമക്കളാണ്.കുടുംബാംഗങ്ങൾ ചേർന്ന് എ.ബി. ഗ്ളോബൽ ട്രേഡേഴ്സ് ആൻഡ് സൊല്യൂഷൻസ് എൽ.എൽ.പി ആരംഭിച്ചു. സാധനങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്. ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തിന്റെ വിദ്യാഭ്യാസ മികവും ഒത്തൊരുമയുമാണ് കോയിത്തറ ബേബിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.
ശിവഭക്തിയിൽ
പിറന്ന ഓംകാർ!
യുക്തി ചിന്തയിൽ നിന്ന് ആഴമേറിയ ഈശ്വര വിശ്വാസത്തിലേക്കും ശിവഭക്തിയിലേക്കുമുള്ള മാറ്റം, അതായിരുന്നു 'ഓംകാർ' എന്ന പേരിന്റെ പിന്നിലെ രഹസ്യം. കുരീപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിൽ താമസിച്ച് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. കടവൂർ ശിവക്ഷേത്രവും കുരീപ്പുഴ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട് നാട്ടിൽ നിലനിന്നിരുന്ന 'പോക്കുവരവ്' ഐതീഹ്യത്തെക്കുറിച്ച് കോളേജ് വിദ്യാർത്ഥിയായ ബേബിയ്ക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നില്ല.പരിഹാസത്തോടെയാണ് ബേബി അതിനെ കണ്ടതും സംസാരിച്ചതും. എന്നാൽ ആ പരിഹാസത്തിന് പിന്നാലെയെത്തിയ രാത്രിയിൽ ബേബിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം ആ മനസിനെ മാറ്റിമറിച്ചു. അന്നത്തെ ആ അനുഭവനം ബേബിയെ തികഞ്ഞ ശിവഭക്തനായി മാറ്റുകയായിരുന്നു.
ഇന്നും എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം കടവൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്താൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. വടക്കേ ഇന്ത്യയിൽ ശിവഭക്തിയുമായി ബന്ധപ്പെട്ട് പരമശിവനെ ആരാധിക്കാൻ ഉപയോഗിക്കുന്ന പവിത്രമായ പദമാണ് 'ഓംകാർ'. തന്റെ ബിസിനസ് സംരംഭത്തിന് മറ്റൊന്നും ആലോചിക്കാതെ 'ഓംകാർ' എന്ന് പേരിട്ടതും ഈ ശിവഭക്തിയുടെ കരുത്തിലാണ്. ഈശ്വര വിശ്വാസവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ ആ പേര് ഇന്ന് വിശ്വാസ്യതയുടെ ഏറ്റവും വലിയ ബ്രാൻഡായി മാറി.
' മൊബൈൽ ഫോണുകളില്ലാത്ത കാലത്താണ് ഓംകാർ തുടങ്ങിയത്. ജോലിക്കാരെ കിട്ടാനും പാടാണ്. കരാറുകൾക്കായി ഓഫീസുകൾ കയറിയിറങ്ങി നിരാശപ്പെട്ടിട്ടുണ്ട്. എന്നാലിന്ന് പ്രമുഖ സ്ഥാപനങ്ങൾ ഓംകാറിനെ തേടിവരുന്നു. ഈ മാറ്റത്തിന് പിന്നിൽ മാന്ത്രിക വിദ്യകളൊന്നുമില്ല. ആത്മാർത്ഥമായ സേവനവും വിശ്വാസ്യതയും മാത്രമാണ് വിജയമന്ത്രം."കോയിത്തറ കെ.ബേബി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |