
ജോലിക്കായി ഇന്റർവ്യൂ ബോർഡിനു മുമ്പിൽ ഹാജരായ ഉദ്യോഗാർത്ഥിയോട് ചെയർമാൻ ചോദിച്ചു,''നിങ്ങൾ കാർ ഓടിച്ചുപോകുമ്പോൾ മുമ്പിൽ ഒരു പന്ത് വന്നു വീണന്നിരിക്കട്ടെ, എന്തുചെയ്യും?'' ഉദ്യോഗാർത്ഥി പറഞ്ഞു, ''ആ പന്തിനെ തട്ടാതെ വണ്ടി ഓടിച്ചുപോകും.'' മറ്റൊരു ഉദ്യോഗാർത്ഥി പറഞ്ഞു,''ഞാൻ വണ്ടിയിൽ നിന്നിറങ്ങി പന്ത് റോഡിൽനിന്ന് മാറ്റും''.എന്നാൽ മൂന്നാമതൊരു ഉദ്യോഗാർത്ഥി പറഞ്ഞത് ഇങ്ങനെയാണ് ''വണ്ടിയുടെ മുമ്പിൽ പന്തു വന്നുവീണ സ്ഥിതിയ്ക്ക് അടുത്തെവിടെയെങ്കിലും കുട്ടികൾ കളിക്കുന്നുണ്ടാകും. കുട്ടികളിലാരെങ്കിലും പന്തെടുക്കാനായി ഓടി വരാനിടയുണ്ട്. വണ്ടി കുട്ടികളെ ഇടിക്കാൻ സാദ്ധ്യതയുണ്ട് എന്ന് മനസിലാക്കി ഞാൻ ശ്രദ്ധാപൂർവ്വം ഓടിക്കും''. മൂന്നാമത്തെയാൾ തെരഞ്ഞെടുക്കപ്പെട്ടെന്ന് പറയേണ്ടതില്ലല്ലോ?
സാഹചര്യങ്ങളെ സമഗ്രതയോടെ കാണുകയും ഓരോ പ്രവൃത്തിയിലും ശ്രദ്ധ പുലർത്തുകയും ചെയ്യുന്നൊരുവന് എത് രംഗത്തും വിജയിക്കാൻ കഴിയും. ജീവിത പുരോഗതിയുടെ അടിസ്ഥാനം വിവേകപൂർവമായ ശ്രദ്ധയാണ്. ഏതൊരു കർമ്മത്തിലും നമ്മൾ പുലർത്തുന്ന ശ്രദ്ധയാണ് ആ കർമ്മത്തിന് പൂർണ്ണതയേകുന്നത്. ഒരു വ്യക്തിയുടെ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ശ്രദ്ധ വന്നുകഴിഞ്ഞാൽ, പിന്നെ അയാൾ നല്ലതേ ചിന്തിക്കുകയുള്ളൂ. പറയുകയുള്ളൂ, പ്രവർത്തിക്കുകയുള്ളൂ.
ശ്രദ്ധ നമ്മളെ ജീവിതത്തിൽ നിരന്തരം മുന്നോട്ടു നയിക്കുന്നു. നേരെമറിച്ച് അശ്രദ്ധയോടെ ചെയ്യുന്ന കർമ്മം ഓട്ടപ്പാത്രത്തിൽ വെള്ളം നിറയ്ക്കാൻ ശ്രമിക്കുന്നതുപോലെയാണ്. അത് നമ്മളെ പരാജയത്തിലും അപകടത്തിലും എത്തിക്കും.
നിരന്തരമായ ശ്രദ്ധയ്ക്ക് നല്ലൊരു ഉദാഹരണമാണ് മഹാഭാരതത്തിലെ ഭീമസേനൻ. കുട്ടിക്കാലം മുതലേ കൗരവരുടെ ഭാഗത്തുനിന്ന് ഭീമൻ നിരവധി ആപത്തുകളെ നേരിട്ടു. അതു ഭീമനെ ജാഗരൂകനാക്കി. ഓരോ നിമിഷവും ജാഗ്രതയോടെയിരിക്കാനും, നിസ്സാര പ്രവൃത്തികൾ പോലും ശ്രദ്ധാപൂർവ്വം ചെയ്യാനും ഭീമൻ പഠിച്ചു. ആനക്കൂട്ടത്തിന്റെ തലവനായ കൊമ്പനാനയുടെ തുമ്പിക്കൈയിൽ ഒരു തടിക്കഷ്ണമുണ്ടാകും. ഓരോ ചുവടും വയ്ക്കും മുമ്പ് ആ കൊമ്പൻ ആ തടികൊണ്ട് തറയിൽ ഇടിക്കും. അപകടമൊന്നുമില്ല എന്ന് ഉറപ്പു വരുത്തിയശേഷമേ അടുത്ത ചുവടു വയ്ക്കൂ. ഭീമനും അതുപോലെ ഓരോ ചുവടിലും ശ്രദ്ധാലുവായിരുന്നു. ഈ ശ്രദ്ധ കാരണം, പാണ്ഡവർക്ക് ദുര്യോധനൻ സമ്മാനിച്ച മനോഹരമായ കൊട്ടാരം അരക്കില്ലമാണെന്ന വാസ്തവം മനസ്സിലാക്കാൻ ഭീമനു കഴിഞ്ഞു. അങ്ങനെ കുടുംബത്തെ മുഴുവൻ മരണത്തിൽനിന്ന് രക്ഷിക്കാൻ ഭീമനു സാധിച്ചു. ഇതുപോലെയുള്ള ശ്രദ്ധയാണ് നമുക്കാവശ്യം.
യുദ്ധമുഖത്തള്ള പട്ടാളക്കാരൻ സദാസമയം ജാഗ്രതയോടെയിരിക്കും. അയാളുടെ ഓരോ പ്രവൃത്തിയും പൂർണ്ണ ശ്രദ്ധയോടെ ആയിരിക്കും. തന്റെ ചെറിയൊരു അശ്രദ്ധ പോലും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെ ബാധിക്കുമെന്നും തന്റെതന്നെ മരണത്തിനു കാരണമാകുമെന്നും അയാൾക്കറിയാം. വിവേകബുദ്ധി ഉണർന്നുകഴിഞ്ഞാൽ നമ്മുടെ ഓരോ ചിന്തയിലും വാക്കിലും കർമ്മത്തിലും ജാഗ്രത നിലനിറുത്താൻ നമുക്കു സാധിക്കും. ആ ജാഗ്രത നമ്മുടെ മനസ്സിനെ ശുദ്ധമാക്കുകയും ബുദ്ധിയെ സൂക്ഷ്മമാക്കുകയും ചെയ്യും. സകല ദുഃഖങ്ങളെയും അതിജീവിക്കാനും ജീവിതലക്ഷ്യം കൈവരിക്കാനും അത് നമ്മെ പ്രാപ്തരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |