
കലയെ കടലോളം സ്നേഹിച്ചൊരു പയ്യൻ. അവന്റെ കണ്ണുകളിൽ വേദിവെളിച്ചെങ്ങളുടെ തിളക്കവും നിറഞ്ഞിരുന്നു. സ്‌കൂൾ യുവജനോത്സവ സദസുകളിൽ നിന്നുയരുന്ന കൈയടികളുടെ മുഴക്കം കേൾക്കുമ്പോഴെല്ലാം ഒരുനാൾ ആ വേദിയിൽ നിൽക്കണമെന്ന മോഹം ഹൃദയത്തിൽ തിരയടിച്ചു. സീനിയർ ചേട്ടൻമാരോട് അവസരങ്ങൾ തേടി; സയൻസ് നാടകങ്ങളുടെ ഓഡിഷനുകളിൽ പലവട്ടം പരാജയപ്പെട്ടു. സ്വപ്നങ്ങളെ മങ്ങിച്ചെങ്കിലും അവയെ അണച്ചുകളയാൻ കഴിഞ്ഞില്ല.
സ്വന്തമായി നാടകങ്ങൾ എഴുതി. പക്ഷേ, കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ കഴിയുമോയെന്ന ആത്മസംശയം അവനെ പിന്തിരിപ്പിച്ചു. പതിയെ വേദിസ്വപ്നങ്ങൾ മനസിന്റെ ഒരുഭാഗത്ത് ഒതുങ്ങി; ശ്രദ്ധ മുഴുവൻ പഠനത്തിലേയ്ക്ക് തിരിഞ്ഞു. ജീവിതം മറ്റൊരു ദിശയിലേയ്ക്ക് ഒഴുകി. ആഗ്രഹിച്ചതുപോലെ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായി കടലിന്റെ അനന്തതയിലേക്ക് യാത്രതിരിച്ചു. തിരമാലകൾക്കിടയിലൂടെ ലോകം കണ്ട യുവാവിന്റെ ജീവിതം പച്ചപിടിച്ചുതുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കൊവിഡ് മഹാമാരി വഴിത്തിരിവായത്.
വീട്ടിലെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ദിവസങ്ങൾ, മറന്നുപോയ സ്വപ്നങ്ങളുടെ വാതിൽ വീണ്ടും തുറന്നു. ആലപ്പുഴ നൂറനാട് മുരുകാലയത്തിൽ എസ്. അഖിൽ എന്ന ഇരുപത്തെട്ടുകാരൻ ലക്ഷക്കണക്കിന് ഹൃദയങ്ങളെ ചിരിപ്പിക്കുന്ന 'അഖിൽ എൻആർഡി' എന്ന കണ്ടന്റ് ക്രിയേറ്ററായി മാറിയത് അങ്ങനെയായിരുന്നു. ഇന്ന് കോടിക്കണക്കിന് പ്രേക്ഷകരുടെ സ്‌നേഹം നേടിയ അദ്ദേഹം മലയാള സിനിമയിലും സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നു. ഒരിക്കൽ വേദിയിൽ കയറാൻ അവസരം നിഷേധിക്കപ്പെട്ട ബാലന്റെ ജീവിതം, കാലത്തിന്റെ മധുരമുള്ള മറുപടി!
പന്തളം എൻ.എസ്.എസ് കോളേജിലെ ബി.എസ്.സി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നോട്ടിക്കൽ സയൻസിന് ചേർന്നത്. ഉന്നം വച്ച ജോലി കൈക്കലാക്കി മൂന്ന് വർഷത്തോളം കടൽയാത്രകളുടെ ഭാഗമായി. അമേരിക്കൽ ക്രൂഡ് ഓയിൽ ടാങ്കർ ഷിപ്പിൽ കേഡറ്റ് ട്രെയിനിയായി തുടങ്ങി തേർഡ് ഓഫീസറായി പ്രവർത്തിക്കുമ്പോഴാണ് ലീവിൽ നാട്ടിലെത്തുന്നത്. അതായിരുന്നു അപ്രതീക്ഷിത വഴിത്തിരിവ്. കടലിൽ ജീവിതത്തോട് വിടചൊല്ലിയ അഖിലിനെ കാലം കണ്ടന്റുകളുടെ ക്യാപ്ടനാക്കി!
ക്വാറന്റൈനിലെ നേരമ്പോക്ക്
അവധിക്കാലം കഴിയുമ്പോഴാണ് കൊവിഡ് പടരുന്നതും ക്വാറന്റൈലിൽ അകപ്പെട്ടതും. സമയം പോകാൻ ഒരുവഴിയുമില്ല. മുമ്പ് ടിക് ടോക് വീഡിയോകൾ പതിവായി ചെയ്തിരുന്ന അഖിൽ രസത്തിനായി ഇൻസ്റ്റാഗ്രാമിലും യൂ ട്യൂബിലും കൈവച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള തമാശ വീഡിയോകളും 'കണ്ണാപ്പിമാരുടെ' ബൈക്ക് അഭ്യാസങ്ങളും പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. നാട്ടിൻ പുറത്ത് പതിവായി കാണുന്ന കഥാപാത്രങ്ങളും ചിരപരിചിതമായ ചുറ്റുപാടും പ്രേക്ഷകർ ഏറ്റെടുത്തു. ആലപ്പുഴയുടെ തെക്കേ അറ്റത്തെ ചെറിയ ഗ്രാമത്തിൽ നിന്ന് കൂട്ടുകാർക്കൊപ്പം അഭിനയിച്ച വീഡിയോകൾക്ക് കടൽ കടന്നും ലോകമെമ്പോടും കാണികളുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് തുടക്കം. മികച്ച ശമ്പളവും സാഹസികതയും അവസരങ്ങളും നിറഞ്ഞ മർച്ചന്റ് നേവി ഉദ്യോഗത്തെക്കാൾ, തന്റെ സന്തോഷങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ അഖിൽ തീരുമാനിച്ചു. അച്ഛൻ ഷൺമുഖൻപിള്ളയും അമ്മ അനിതയും സഹോദരി അഖിലയും പച്ചക്കൊടി വീശിയതോടെ മർച്ചന്റ് നേവി കുപ്പായം മടക്കി അലമാരയിലാക്കി. നാടായ നൂറനാടിനെ ചുരുക്കി എൻആർഡി എന്നാക്കി പേരിനൊപ്പം ചേർത്തു. ഒരോ ദിവസവും പുത്തൻ കണ്ടന്റുകൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങളുടേതായി. വീഡിയോകൾക്ക് കീഴിൽ വരുന്ന കമന്റുകളിൽ നിന്നുപോലും പുതിയ കണ്ടെന്റുകൾ പിറന്നു. ഇടംവലം കരുത്തായി കൂട്ടുകാരുടെ പടയും കൂടിയതോടെ ചിരിയും ചിന്തയും പകരുന്ന വീഡിയോകകളുടെ പ്രളയം. അടച്ചുപൂട്ടലിന്റെ കാലത്ത് ജീവിത സമ്മർദ്ദങ്ങളിൽ വിഷമിക്കുന്നവരുടെ മുഖത്തും മനസ്സിലും ചിരി ഉണർത്താൻ സാധിച്ചതോടെയാണ് 'അഖിൽ എൻആർഡി' എന്ന പേര് ശ്രദ്ധിക്കപ്പെട്ടത്. ജനങ്ങളുടെ പ്രോത്സാഹനം കൂടിയതോടെ ദിവസവും വീഡിയോകൾ. അവയ്ക്ക് ലക്ഷക്കണക്കിന് ഷെയറും ലൈക്കും. പുലർച്ചെ അഞ്ച് മണി മുതൽ അർദ്ധ രാത്രി വരെ കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ഒരുക്കിയത്. കുട്ടിക്കാലം മുതൽ ഒപ്പമുള്ള കൂട്ടുകാരുടെ കെമിസ്ട്രി ഹിറ്റായി. '' ഓരോ വീഡിയോയ്ക്ക് പിന്നിലും ഒരു സിനിമ എടുക്കുന്നതിന്റെ അതേ ഗൗരവത്തിലുള്ള മുന്നൊരുക്കങ്ങളുണ്ട്. ചുറ്റും നിരീക്ഷിച്ചാണ് കണ്ടന്റുകൾ കണ്ടെത്തുന്നത്. മറ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി മത്സരിക്കാനില്ല. സമകാലീന സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പടെ വീഡിയോയ്ക്ക് വിഷയമാക്കും'' അഖിൽ പറയുന്നു.
വിമർശനങ്ങളെ കൂസാതെ
തനിക്ക് സമൂഹത്തോട് പറയാനുള്ളത് വളരെ എളുപ്പത്തിൽ തുറന്നുപറയാനുള്ള പ്ലാറ്റ്ഫോമായാണ് സോഷ്യൽ മീഡിയയെ അഖിൽ കാണുന്നത്. ആക്ഷേപഹാസ്യ വിഡിയോകളിൽ ചിലതിന് വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. ചില വീഡിയോകൾ നീക്കം ചെയ്യേണ്ടതായും കമന്റ് ബോക്സ് അടച്ചുവയ്ക്കേണ്ടതായുമൊക്കെ വന്നിട്ടുണ്ട്. തന്റെ ശരിക്കൊപ്പം ഉറച്ചുനിൽക്കാമെന്ന് തീരുമാനിച്ചതോടെ വിമർശനങ്ങൾ നേരിട്ട് ബാധിക്കാതെയായി. പ്രായഭേദമന്യേ അഖിലിന് ആരാധകരുണ്ട്. യൂ ട്യൂബിൽ 48.8 ലക്ഷം സബ്സ്‌ക്രൈബേഴ്സും ഇൻസ്റ്റഗ്രാമിൽ 1.7 മില്യൺ ഫോളോവേഴ്സും ഫെയ്സ്ബുക്ക് 3.61ലക്ഷം ഫോളോവേഴ്സും!
നേരമ്പോക്കല്ല, ഇത് ജോലി
ജോലിക്ക് തിരിച്ചുപോകാതെ വീഡിയോകൾ ചെയ്തു തുടങ്ങിയതോടെ പല ഭാഗത്ത് നിന്നും ചോദ്യ ശരങ്ങൾ ഉയർന്നിരുന്നു. വിഡിയോ കണ്ട് ആർത്തു ചിരിക്കുന്നവർ പോലും നേരിൽ കാണുമ്പോൾ ജോലിക്ക് പോകുന്നില്ലേയെന്ന ചോദ്യമുയർത്തി. സോഷ്യൽമീഡിയ വിശാലമായ സാദ്ധ്യതയാണെന്ന് അഖിൽ കണ്ടെത്തി. സോഷ്യൽമീഡിയയുടെ സാദ്ധ്യതകളെ കുറിച്ച് പുതുതലമുറ തിരിച്ചറിയണം എന്നാണ് അഖിലിന്റെ ആഗ്രഹം. '' കടലോളം അവസരങ്ങളാണ് സോഷ്യൽ മീഡിയയിൽ. നമ്മുടെ ഇഷ്ടങ്ങളെ ചേർത്തുപിടിക്കാനും മികച്ച വരുമാനം നേടാനും ഒരേസമയം സാധിക്കും. സോഷ്യൽമീഡിയ ഇൻഫ്ളുവൻസറാകുന്നതും ജോലി തന്നെയാണ് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം. സാധാരണ ജോലിക്ക് പ്രതിദിനം എട്ട് മണിക്കൂറാണ് നീക്കിവയ്ക്കുന്നതെങ്കിൽ യൂ ട്യൂബർമാർ പലപ്പോഴും സമയ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്നവരാണ്. പുതിയ ജോലി എന്ന തരത്തിൽ സർക്കാരിന്റെ പിന്തുണ യൂ ട്യൂബർമാർക്ക് ലഭിക്കണമെന്ന ആഗ്രഹമുണ്ട്'' അഖിൽ പറയുന്നു.
താനേവരും വിഷയങ്ങൾ
കണ്ടന്റുകൾക്കായി കുത്തിയിരുന്നു ചിന്തിക്കുന്ന ശീലമില്ല അഖിലിന്. പലപ്പോഴും ആകസ്മികമായി വിഷയങ്ങൾ കിട്ടും. മനസിൽ എപ്പോഴും കണ്ടന്റെന്ന ചിന്തയുള്ളതിനാൽ നിരീക്ഷണവുമുണ്ട്. സമകാലീന സംഭവങ്ങൾ, സിനിമയിലെ തമാശകൾ, ട്രോളുകൾ അവ സംബന്ധിച്ച് പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളുമൊക്കെ ചേർത്താണ് പല വീഡിയോകളും ഒരുക്കുന്നത്. സമകാലീന വിഷയങ്ങളിൽ ജനങ്ങളുടെ പൊതുവികാരത്തിനൊപ്പം നിന്ന് വീഡിയോകൾ ചെയ്യും. വീട്ടിലും സുഹൃത്തുക്കൾക്കുമൊപ്പം സംസാരിക്കുമ്പോൾ അപ്രതീക്ഷതമായും ആശയങ്ങൾ വീണു കിട്ടും.
അഭിനേതാക്കളായി വീട്ടുകാരും
സ്ക്രിപ്റ്റ് റെഡിയായാൽ കഥാപാത്രങ്ങൾക്ക് യോജിക്കും തരത്തിൽ കുടുംബാംഗങ്ങളും കൂട്ടുകാരും ഞൊടിയിടയിൽ അഭിനേതാക്കളാവും. ഇവരാരും അഭിനയിക്കുന്നതാണെന്ന് തോന്നുകയേയില്ല. അച്ഛനും പെങ്ങളും ഭാര്യയുമെല്ലാം അഖിൽ വാർത്തെടുത്ത അഭിനേതാക്കളാണ്. പല വീഡിയോകളിലും അഭിനേത്രിയായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ച മേഘയാണ് ജീവിതസഖി. ഒരേ നാട്ടുകാരായിരുന്നെങ്കിലും നേരിട്ട് മിണ്ടാതെ ഇരുവരും പ്രണയിച്ചു. ഇൻസ്റ്റാഗ്രാം വഴി മൊട്ടിട്ടതായിരുന്നു അഖിൽ- മേഘ പ്രണയം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. വിവാഹം ഉറപ്പിച്ചകാലം മുതൽ അഖിലിന്റെ വീഡിയോകളിലും കട്ടയ്ക്ക് അഭിനയിച്ച് മേഘയുമുണ്ടായിരുന്നു. ഇതോടെ ഇരുവരും മാത്രമുള്ള നിരവധി വീഡിയോകളും പുറത്തിറക്കി.
ഹാപ്പി ലൈഫും സിനിമയും
ഒരിക്കൽ വിമർശിച്ചവരും തള്ളിപ്പറഞ്ഞവരും കളിയാക്കിയവരും ഇന്ന് ആരാധകരാണ്. ഇൻഫ്ളുൻസർമാർ വഴി സിനിമാ പ്രമോഷനുകൾ തുടങ്ങിയതോടെയാണ് അഖിലിന് മുന്നിൽ മലയാള സിനിമയുടെ വാതിലുകൾ തുറക്കുന്നത്. ഫഹദ് ഫാസിൽ അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയായ ആവേശത്തിൽ അവസരം ലഭിച്ചെങ്കിലും പോയില്ല. '' ആവേശം ചെയ്യാത്തതിൽ എനിക്ക് വലിയ സങ്കടംതോന്നി പിന്നീട്. ജീവിതത്തിൽ ചിലപ്പോഴൊക്കെ വലിയ ഭാഗ്യങ്ങൾ നമ്മളെ തേടി വരും, പക്ഷേ പലപ്പോഴും അത് തിരിച്ചറിയാനുള്ള പക്വത നമുക്കുണ്ടാകില്ല. 'ആവേശം' സിനിമയുടെ കാര്യത്തിൽ എനിക്കുണ്ടായതും അതുതന്നെയാണ്. എന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണ് അത്രയും വലിയൊരു സിനിമ കയ്യിൽ നിന്നും നഷ്ടമായത്. ഇത്രയും വലിയൊരു ചാൻസ് ആയിരുന്നല്ലോ ഞാൻ വേണ്ടെന്ന് വെച്ചത് എന്നോർത്ത് മനസ് വിങ്ങി'' - അഖിൽ പറയുന്നു. ആ കുറ്റബോധത്തിൽ പിന്നീട് നിരവധി സംവിധായകർക്ക് അങ്ങോട്ട് മെസേജ് അയച്ചു. ആ ശ്രമങ്ങളാണ് അഖിലിനെ സിനിമയിലേയ്ക്ക് എത്തിച്ചത്. ഹൊറർ - കോമഡി സിനിമയായ മഹാരാജ ഹോസ്റ്റൽ, ജയറാം ചിത്രമായ ആശകൾ ആയിരം എന്നിവയാണ് റിലീസായ ചിത്രങ്ങൾ.
റിഫ്രഷിംഗ് കോഴ്സ് പൂർത്തിയാക്കി മർച്ചന്റ് നേവിയിലേയ്ക്ക് മടങ്ങാൻ അഖിലിന് അവസരമുണ്ട്. അതുകൊണ്ട് ഇനിയൊരു തിരിച്ചുപോക്കിനെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല.
ഒരിക്കൽ വേദിയുടെ അരികിൽ നിന്ന് കൈയടികൾ സ്വപ്നം കണ്ട ബാലൻ, ഇന്ന് ലക്ഷക്കണക്കിന് കൈയടികളുടെ നടുവിൽ തന്റെ ജീവിതം ഏറ്റവും മനോഹരമായൊരു കഥയായി എഴുതിക്കൊണ്ടിരിക്കുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |