
എസ്. ജാനകി എന്ന ജാനകിഅമ്മയുടെ പാട്ടുകളും ശബ്ദവും മലയാളിയുടെ മനസിൽ മായാതെ പതിഞ്ഞിരിക്കുന്നു. ഒരേ സമയം തന്നെ കൊച്ചുകുട്ടിയുടെ ശബ്ദത്തിലും കാമുകിയുടെ ശബ്ദത്തിലും റൊമാന്റിക്കായും ഗഹനമായും സ്ത്രീ ശബ്ദത്തിന്റെ ഉച്ചസ്ഥായിയിലും ഒരേപോലെ ഒരേ റേഞ്ചിൽ പാടാൻ കഴിയുന്ന ഇന്ത്യയിലെ ഏക ഗായികയായിരുന്നു അവർ.
ലതാ മങ്കേഷ്കർ ഇന്ത്യയിലെ ഏറ്റവും വലിയ ഗായികയാണ്. അവർക്ക് അവരുടേതായ ശൈലിയുണ്ട്. ആശാഭോസ്ലെയ്ക്ക് അവർക്ക് യോജിച്ച പാട്ടുകളുണ്ട്. ഇളയരാജ പറഞ്ഞത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആശാഭോസ്ലെയെന്നാണ്. എന്നാൽ എങ്ങനെയും പാടാവുന്ന ശബ്ദം കൊണ്ട് മായിക വിദ്യ കാണിച്ചിട്ടുള്ള ആളാണ് ജാനകിയമ്മ. അതാണ് ജാനകിയമ്മയുടെ ഏറ്റവും വലിയ പ്രത്യേകതയും. ഇരുപതോളം ഭാഷകളിൽ പാടിയതെത്ര ഗാനങ്ങൾ. ജർമ്മൻ ഭാഷയിൽ പോലും. ഞാൻ ആ പാട്ട് കേട്ടിട്ടില്ല. ഇന്ത്യയിൽ ഇങ്ങനെ ഒരു ഗായികയുണ്ടോ? യെസ് ജാനകി എന്ന് പറഞ്ഞാൽ പിന്നെ നോ ജാനകി എന്ന് പറയാനില്ല എന്ന ഗായിക.
'ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി തെന്നലായി മാറി" എന്ന ശ്രീകുമാരൻ തമ്പിസാറിന്റെ മനോഹരമായ ഗാനം ഒരിക്കലും മറക്കാനാവില്ല. വയലാർ - ദേവരാജൻ - യേശുദാസ് എന്ന് പറയാമെങ്കിൽ ഭാസ്കരൻ - ബാബുരാജ് - എസ്.ജാനകി എന്നും പറയാം. ബാബുരാജ് എന്ന സംഗീതജ്ഞന്റെ സൃഷ്ടിക്ക് പിന്നിൽ ജാനകി അമ്മയുടെ ശബ്ദവുമുണ്ട്. വട്ടപ്പൊട്ടും ഉയർന്ന ശരീരവും... ജാനകി അമ്മ ഇങ്ങനെ വന്നിരിക്കുന്ന കാഴ്ച മറക്കാനാവില്ല. എന്റെ പാട്ടുകളും പാടിയിട്ടുണ്ട്. ചെറുപ്പക്കാരായ സംഗീതജ്ഞർ പാട്ടു പറഞ്ഞു കൊടുക്കുമ്പോൾ പോലും വിനയത്തോടെ കേൾക്കാനും പഠിക്കാനും അവർക്ക് ഒരു മടിയുമുണ്ടായിട്ടില്ല.
ഒറ്റ മാത്രയിൽ വരികളും ഈണവും ഗ്രഹിക്കുന്ന ബ്ലോട്ടിംഗ് പേപ്പർ പോലെയാണ് ജാനകി അമ്മ. ക്ളാസിക്കൽ സംഗീതം പഠിക്കാതെയാണ് അവർ നമ്മളെ അത്ഭുതപ്പെടുത്തിയത്. ക്ഷണം നേരംകൊണ്ട് ഗാനങ്ങൾ നമ്മളിലേക്ക് സംവേദിപ്പിക്കാൻ അവർക്ക് സാധിച്ചുവെന്നതാണ് ഏറ്റവും വലിയ കഴിവ്.
ശൃംഗാരവേലനെ ദേവാ......
സുബ്ബയ്യാനായിഡുവിന്റെ സംഗീതത്തിൽ കൊഞ്ചും ചിലങ്കൈ എന്ന സിനിമയിലെ 'ശൃംഗാരവേലനെ ദേവാ" എന്ന പാട്ട് മാത്രം മതി ജാനകിയെ അവിസ്മരണീയയാക്കാൻ. ഇന്നും പുതിയ തലമുറയിലെ പാട്ടുകാർ പോലും ആ ഗാനത്തിന് മുന്നിൽ പതറിപ്പോകും. ഈ ഗാനം പാടാൻ ആദ്യം ചെന്നത് ലീലയാണ്. നാഗസ്വരത്തിനെ ഹൈപിച്ചിനെ പിന്തുടർന്ന് ആ താരതമ്യത്തിൽ പാടികേൾപ്പിക്കാൻ പറ്റില്ലെന്നായിരുന്ന അവരുടെ മറുപടി. ആരെക്കൊണ്ട് പാടിക്കാനാകും എന്ന ചോദ്യമുയർന്നപ്പോൾ ലീലച്ചേച്ചി രണ്ടാമതൊന്ന് ചിന്തിക്കാതെ പറഞ്ഞ പേര് എസ്. ജാനകിയുടേതായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |