
പത്താം ക്ളാസിൽ വെറും 94 മാർക്ക് മാത്രം. പഠനത്തിൽ ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ് ഓട്ടോറിക്ഷയോടിച്ച് തുടങ്ങിയ ജീവിതം. പക്ഷേ, കാലംകാത്തുവച്ചത് മറ്റൊന്നായിരുന്നു. 49-ാം വയസിൽ ആദ്യമായെഴുതിയ ഗാനം കായംകുളം എരുവ വേലിയിൽവടക്കതിൽ അനി മങ്കിന്റെ തലവരമാറ്റി. 'തഴപ്പാട്ട്", പ്ളസ് വൺ മലയാളം ഭാഷാപഠന പാഠപുസ്തകത്തിലാണ് ഇടംപിടിച്ചത്.തഴപ്പായ തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി അനി മങ്ക് രചനയും സംവിധാനവും നിർവഹിച്ച 'നെയ്തെടുത്ത ജീവിതങ്ങൾ" എന്ന ഡോക്യുമെന്ററിയുടെ ആമുഖഗാനമാണ് ഇപ്പോൾ പഠനലോകത്തേയ്ക്ക് എത്തിയത്. ഡോക്യുമെന്ററി റീലീസ് ചെയ്യും മുന്നേ ഒന്നര മിനിറ്റ് ദൈർഖ്യമുള്ള പാട്ട് പുറത്തിറക്കി, ഹിറ്റായി. അപ്രതീക്ഷിതമായി പാഠപുസ്തകത്തിലും!
'കുളക്കരയിലെ കൈത പൂത്തപ്പോൾ
കാതുകുത്തിയ പെണ്ണേ…
കീറിച്ചുറ്റി നെയ്തെടുത്തൊരു
കനവു കണ്ടെടി പെണ്ണേ…
പൂത്തുനിന്ന കൈതപ്പൂക്കൾ
പുഞ്ചിരി തൂകി നിന്നേ..."
പാട്ട് ഇങ്ങനെ തുടങ്ങുന്നു.കുളക്കരയിൽ കൈതപ്പൂക്കൾ വിരിയുമ്പോൾ അവയുടെ സുഗന്ധം കാറ്റിൽ മാത്രമല്ല പടരുന്നത്. നാടിന്റെ ഓർമകളിലേയ്ക്കും അദ്ധ്വാനത്തിന്റെ കഥകളിലേയ്ക്കും സാവധാനം ഒഴുകിയെത്തും. കൈതോലകൊണ്ട് ജീവിതം നെയ്ത് തീർക്കുന്ന മനുഷ്യരുടെ കൈകളിൽ വിരിഞ്ഞ സ്വപ്നങ്ങൾക്കും അവരുടെ വിയർപ്പിനും ഭാഷയ്ക്കും സംഗീതം പകർന്ന തഴപ്പാട്ട് മൂന്നാം അദ്ധ്യായത്തിൽ സംസ്കാരവിനിമയമെന്ന പേരിൽ കുട്ടികൾ പഠിക്കുകയാണ്. കാലത്തിന്റെ തിരക്കിൽ മറഞ്ഞുപോകുന്ന ജനജീവിതത്തിന് ലഭിച്ച അംഗീകാരം കൂടിയാകുമ്പോൾ അനി മങ്കിനും ഉള്ളുനിറഞ്ഞ സന്തോഷം.
ഇരട്ടപ്പേരിനെ കൂടെക്കൂട്ടിയ
'അനി മോൻ"
അനി മോൻ എന്നാണ് യഥാർത്ഥപേര്. മങ്കെന്നത് അനിയുടെ പൂർവികരുടെ ഇരട്ടപ്പേരും. ആ പേര് സന്തോഷത്തോടെ സ്വന്തം പേരിനൊപ്പം ചേർത്തു. പത്താം ക്ളാസിൽ പഠിപ്പ് നിറുത്തി ഓട്ടോറിക്ഷയോടിച്ച് തുടങ്ങിയ അനി സിനിമാ ഭ്രമം മൂത്ത് വീഡിയോ കാസറ്റുകളുടെ വിതരണ ഏജന്റായി. എല്ലാ സിനിമകളും കാണാമെന്നതായിരുന്നു സന്തോഷം. കാസറ്റുകൾ ഇല്ലാതായതോടെ വിവിധ ജോലികൾ. അപ്പോഴും സിനിമാ ഭ്രമം വിട്ടില്ല. ഷോർട്ട് ഫിലിമിലൂടെയായിരുന്നു തുടക്കം. 11 ഷോർട്ട് ഫിലിമുകളും മൂന്ന് ഡോക്യുമെന്ററികളും പൂർത്തിയാക്കി. തഴപ്പായ തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'നെയ്തെടുത്ത ജീവിതങ്ങൾ" എന്ന ഡോക്യുമെന്ററിക്ക് ഓണാട്ടുകരയുടെ ആത്മാവുള്ള ഗാനമാണ് വേണ്ടിയിരുന്നത്. പലരെയും സമീപിച്ചു. പല വരികളും കേട്ടു. ഒന്നും മനസിൽ തട്ടിയില്ല. ഒടുവിൽ, പാട്ടെഴുത്തിനായി പേനയുന്തി. ജീവിതത്തിൽ ആദ്യമായി അനി മങ്ക് ഒരു പാട്ടെഴുതി. ആ പാട്ട് ഡോക്യുമെന്ററിയുടെ ആമുഖഗാനമായി പുറത്തിറങ്ങി, ജനഹൃദയങ്ങളിൽ ഇടം നേടി. ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിന് മുമ്പേ പാട്ട് ഹിറ്റായി. പിന്നെ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത മറ്റൊരു അത്ഭുതം. ആദ്യമായി എഴുതിയ ആ ഗാനം പ്ലസ് വൺ മലയാളം പാഠപുസ്തകത്തിന്റെ ഭാഗമായെത്തി. '' പാട്ടു ശ്രദ്ധയിൽപ്പെട്ട പാഠപുസ്തക കരിക്കുലം കമ്മിറ്റിയിൽ നിന്ന് വിളി വന്നു. വ്യക്തിവിവരങ്ങൾ തിരക്കി. ഒടുവിലാണ് അറിഞ്ഞത് ഈ വർഷത്തെ പാഠപുസ്തകത്തിൽ പാട്ടുൾപ്പെട്ടിട്ടുണ്ടെന്ന്. പത്താം ക്ളാസ് പോലും പാസാകാത്ത ഒരാളെഴുതിയ ഗാനം പ്ളസ് വണ്ണിൽ പഠിപ്പിക്കുകയെന്നതിന്റെ സന്തോഷം എങ്ങനെയാണ് പ്രകടിപ്പിക്കുക"" -തെളിഞ്ഞ ചിരിയോടെ അനി മങ്ക് പറയുന്നു.
'നെയ്തെടുത്ത ജീവിതങ്ങൾ"
ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ ആധികാരികതയാണ്. ഓണാട്ടുകരയുടെ ഭാഷാശൈലിയും പ്രാദേശിക വാക്കുകളും യാതൊരു കൃത്രിമത്വവുമില്ലാതെ അതേപടി പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരിക്കുന്നു. ആ ഭാഷയിൽ മണ്ണിന്റെ മണമുണ്ട്; മനുഷ്യരുടെ ആത്മബന്ധമുണ്ട്; പൈതൃകത്തിന്റെ ജീവസ്പന്ദനവുമുണ്ട്. ഡോക്യുമെന്ററി കാണുന്നവർക്ക് അത് ദൃശ്യാനുഭവം മാത്രമാകുന്നില്ല, ഒരു ദേശത്തിന്റെ ജീവിതത്തിലേയ്ക്കുള്ള യാത്രയാകുന്നു. വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കി, കേരള പി.എസ്.സി. പരീക്ഷയിലെ ചോദ്യങ്ങളിലും പരാമർശിക്കപ്പെട്ടതോടെ പൊതുവിജ്ഞാനത്തിന്റെ ഭാഗമായും മാറി. ഒരു ഡോക്യുമെന്ററി അക്കാദമിക ലോകത്തേയ്ക്കും മത്സരപ്പരീക്ഷകളിലേയ്ക്കും പ്രവേശിക്കുന്നത് അതിന്റെ സാമൂഹിക പ്രസക്തിയുടെയും തെളിവായി. കായംകുളം പുതുപ്പള്ളി സ്വദേശിനി എൺപത്തേഴുകാരി സാവിത്രിയമ്മയാണ് പാട്ടുപാടിയത്. തഴപ്പാട്ട് വൈറലായപ്പോൾ, കേട്ടവർക്ക് അത് ഒരു ഗായികയുടെ ശബ്ദമായി തോന്നിയില്ല; ജീവിതം മുഴുവൻ അദ്ധ്വാനിച്ച ഒരുതലമുറയുടെ ആത്മഗാനമായാണ് അനുഭവപ്പെട്ടത്. കാലം തേച്ചുമിനുക്കിയ അവരുടെ ശബ്ദത്തിലെ നിഷ്കളങ്കതയും അനുഭവങ്ങളുടെ ആഴവും അനേകരെ സ്പർശിച്ചു. അതോടെ ഡോക്യുമെന്ററിയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.ഡോക്യുമെന്ററി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കപ്പെട്ടു. പ്രാദേശിക ജീവിതങ്ങളെ ആഗോള പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ഭാഷയ്ക്ക് തടസമില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. കൈതയുടെയും തഴപ്പായയുടെയും കഥ ലോകത്തിന്റെ വിവിധ വേദികളിൽ മുഴങ്ങിയപ്പോൾ, നാടിന്റെ അദ്ധ്വാനചരിത്രം പുതുതലമുറ അറിഞ്ഞു. യന്ത്രവൽക്കരിക്കപ്പെടുന്ന ലോകത്തും ചില കൈകൾ ഇപ്പോഴും പാരമ്പര്യം നെയ്യുന്നുണ്ടെന്നും ചില ജീവിതങ്ങൾ ഇന്നും അദ്ധ്വാനത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ഭാഷയും സംസ്കാരവും തൊഴിലുമെല്ലാം ചേർന്നാണ് ജനതയുടെ സ്വത്വം രൂപപ്പെടുന്നതെന്നും തഴപ്പാട്ട് പഠിപ്പിക്കുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |