SignIn
Kerala Kaumudi Online
Thursday, 23 July 2026 1.28 AM IST

മോഷണത്തിന് ലക്ഷ്യം 'ലേഡീസ് ഒണ്‍ലി'; കൈയില്‍ കിട്ടുന്ന സാധനം വില്‍ക്കുന്നത് പെരുമ്പാവൂരിലെ 'ഏജന്റ് ഭായിക്ക്'

jijo-babu
അറസ്റ്റിലായ പ്രതി ജിജോ ബാബു


കൊച്ചി: ബസിലും ബസ് സ്റ്റോപ്പുകളിലും കൃത്രിമ തിരക്കുണ്ടാക്കി സ്ത്രീകളുടെ മൊബൈല്‍ ഫോണുകള്‍ മാത്രം മോഷ്ടിക്കുന്നയാള്‍ പൊലീസ് പിടിയില്‍. മലയാറ്റൂര്‍ സ്വദേശി ജിജോ ബാബുവിനെയാണ് (39) തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് കിഴക്കേകോട്ടയില്‍ ബസ് കാത്തുനിന്ന കാഞ്ഞിരമ്മറ്റം സ്വദേശിനിയായ വീട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് പിടിവീണത്. നൂറിലധികം ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ജിജോ സമ്മതിച്ചു. 2012ലാണ് ഇതിനുമുമ്പ് പിടിയിലായത്. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.


ഫോണ്‍ മോഷണം പതിവായതോടെ കൊച്ചി സിറ്റി പൊലീസ് പ്രതിയെ ഏതുവിധേനയും പിടികൂടണമെന്ന തീരുമാനത്തിലായിരുന്നു. ഇതിനിടെ വൈകിട്ട് ഫോണ്‍ മോഷണം പോയെന്ന പരാതിയുമായി വീട്ടമ്മ ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനിലെത്തി. ഫോണ്‍ ബാഗിലിട്ട് ബസില്‍ കയറിയെന്നും പിന്നീട് കാണാതായെന്നും പറഞ്ഞതോടെ മോഷ്ടാവ് പൊലീസ് തിരയുന്ന ആള്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. പൊലീസ് കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പ്രതി അടുത്ത ഇരയെ ലക്ഷ്യമിട്ട് നില്‍ക്കുകയായിരുന്നു. മറ്റൊരു പരാതിയിലെ അന്വേഷണത്തിനിടെ സി.സി ടിവി ദൃശ്യത്തില്‍ ജിജോ കുടുങ്ങിയിരുന്നു. ഈ ദൃശ്യമാണ് അറസ്റ്റ് എളുപ്പത്തിലാക്കിയത്.


കൃത്രിമ തിരക്കുണ്ടാക്കി മോഷണം


ഹൈക്കോടതി ജംഗ്ഷന്‍, വൈറ്റില ഹബ്, കിഴക്കേകോട്ട തുടങ്ങിയ ജില്ലയിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ജിജോയും കൂട്ടാളികളും കൃത്രിമ തിരക്കുണ്ടാക്കി ഹാന്‍ഡ് ബാഗിലെ സിബ് തുറന്ന് മൊബൈല്‍ സൂത്രത്തില്‍ കൈക്കലാക്കുന്നു. സ്ത്രീകള്‍ മൊബൈല്‍ ഫോണുകള്‍ ബാഗില്‍ ഇടുന്നതിനാല്‍ എളുപ്പം മോഷ്ടിക്കാനാകുമെന്നും ഇതാണ് സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നതെന്ന് ജിജോ പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി.


ഫോണ്‍ വാങ്ങുന്ന ഭായ്


ജിജോ ബാബു മോഷ്ടിക്കുന്ന ഫോണുകള്‍ കളമശേരി ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളിയാണ് വാങ്ങിയിരുന്നത്. ഫോണുകള്‍ ഇയാള്‍ അന്യസംസ്ഥാനക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RABBER, KOCHI, LADYS ONLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY