മുംബയ്: സെക്‌സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് കാമുകനെ കൊന്ന് ശുചിമുറിയിൽ ഉപേക്ഷിച്ച് യുവതി. മഹാരാഷ്‌ട്രയിലെ ഡോംബിവിലിക്ക് സമീപം കല്യാൺ ഈസ്റ്റിലെ വാടകവീട്ടിലാണ് കുറ്റകൃത്യം നടന്നത്. ഇരുവരും പശ്ചിമബംഗാൾ സ്വദേശികളാണ്.
37കാരനായ ഹമീദില്ലയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതിനുശേഷം കൊൽക്കത്തയിലേക്ക് കടന്നുകളഞ്ഞ ഹസീബയെ (35) കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകത്തിന് ശേഷം യുവതി ഫ്ലാറ്റുടമയ്‌ക്കയച്ച ശബ്‌ദസന്ദേശത്തെ തുടർന്നാണ് കൊലപാതകവിവരം പുറത്തറിയുന്നത്. വീട്ടുടമ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ടോയ്‌ലെറ്റിന്റെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ചാക്കിലാക്കിയ നിലയിൽ മൃതദേഹം കണ്ടത്.
രണ്ട് മാസം മുൻപാണ് കാമുകൻ തന്നെ പൂനെയിൽനിന്ന് കല്യാണിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും സെക്‌സ് റാക്കറ്റിന് വിൽക്കാനായിരുന്നു അയാളുടെ പദ്ധതിയെന്നും വീട്ടുടമയ്‌ക്കയച്ച ശബ്‌ദസന്ദേശത്തിൽ യുവതി പറയുന്നു. ആത്മരക്ഷാർത്ഥമാണ് കൊലപാതകം നടത്തിയതെന്നും സന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപാർട്‌മെന്റിൽനിന്ന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നെന്ന് താമസക്കാർ പൊലീസിനോട് പറഞ്ഞു. എന്നാൽ, ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിയെ പിടികൂടുന്നതിനായി കൊൽക്കത്തയിലേക്ക് തിരിച്ചിരിക്കുകയാണ് പൊലീസ് സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |