കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ അദ്ധ്യാപകൻ ഡോ. എം.കെ. റാമിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശേരി എസ്.സി / എസ്.ടി പ്രത്യേക കോടതി അനുവദിച്ചതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കർണാടകയിൽനിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത റാമിന്റെ അറസ്റ്റ്സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാത്തതിന്റെ പേരിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അസാധുവാക്കിയിരുന്നു. വിട്ടയയ്ക്കേണ്ടി വന്നതിനു പിന്നാലെയാണ് അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
അറസ്റ്റ് നടപടികളിലെ വീഴ്ചയുടെ പേരിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീർ കല്ലനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിയെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കണമെന്നും ജസ്റ്റിസ് എ.ബദറുദീൻ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് സംഭവിച്ചതെന്നും 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത വീഴ്ചയാണിതെന്നും കോടതി തുറന്നടിച്ചിരുന്നു. പിന്നാലെ, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.വി.വേണുഗോപാലിൽനിന്ന് അന്വേഷണച്ചുമതല മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന് കൈമാറി ആഭ്യന്തരവകുപ്പ് സംഘത്തെ പുനഃസംഘടിപ്പിച്ചിരുന്നു.
നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് അന്വേഷണസംഘത്തിന് റാം നൽകിയ മൊഴി. എസ്.പി.മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ എസ്.പി ജീവൻ ജോർജിനാണ് പുതിയ അന്വേഷണച്ചുമതല.
Dr. M.K. Ram, main accused in the Nithin Raj dental student death case, was re-arrested in Kannur after a special court granted permission. His earlier arrest had been invalidated due to procedural lapses, drawing strong judicial criticism against police. Ram was questioned, medically examined, and remanded by the court.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |