SignIn
Kerala Kaumudi Online
Sunday, 11 October 2026 2.16 AM IST

മലയാള സിനിമാലോകത്ത് ഉദിച്ച കൊറിയൻ താരം ആമി ജങ്

aami-jung

​​​​​കേരളത്തിൽ പറന്നിറങ്ങുമ്പോൾ കൺഫ്യൂഷൻ തീരെ ഇല്ലായിരുന്നു കൊറിയൻ താരം അമി ജങിന്. സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന 'ഒരു കൊറിയൻ കൺഫ്യൂഷൻ" മലയാള സിനിമാലോകത്തേക്ക് വരാൻ ടിക്കറ്റ് നൽകി. കൊറിയൻ സിനിമകളിലും വെബ് സീരിസുകളിലും അഭിനയിച്ച അമി ജങ് ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്.മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി മേനക സുരേഷ് ഏറെനാളിന് ശേഷം തിരിച്ചുവവരവ് നടത്തുന്ന ചിത്രത്തിലൂടെയാണ് അമിയുടെ ചുവടുവയ്പ്. തൊടുപുഴയ്ക്കടുത്ത് അറക്കുളത്ത് 'ഒരു കൊറിയൻ കൺഫ്യൂഷന്റെ ലൊക്കേഷനിൽ ആണ് അമിയെ കണ്ടത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ ആവേശത്തിൽ അമി ജങ് സംസാരിച്ചു.

മലയാളത്തിലേക്ക് വരാൻ എങ്ങനെ അവസരം ലഭിച്ചു

കാസ്റ്റിംഗ് ഏജൻസി വഴിയാണ് 'ഒരു കൊറിയൻ കൺഫ്യൂഷന്റെ" ടീം സമീപിക്കുന്നത്. ഇന്ത്യ എന്ന് കേട്ടപ്പോൾ തന്നെ ഒാകെ പറഞ്ഞു. ഇന്ത്യയിൽ വരണമെന്നും അഭിനയിക്കണമെന്നും ആഗ്രഹം തോന്നി. എന്നാൽ കേരളത്തെക്കുറിച്ചോ മലയാള സിനിമയേക്കുറിച്ചോ കേട്ടിട്ടില്ല. കഥയും കഥാപാത്രവും അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടം തോന്നി. കേട്ടറിഞ്ഞ മഴ പ്രതീക്ഷിച്ചാണ് കേരളത്തിൽ വന്നത്. പക്ഷേ, വന്നപ്പോൾ മുതൽ നല്ല വെയിൽ . മഴ കുറവായിരുന്നു. ഉയ‌ർന്ന ചൂട് ചെറിയ ബുദ്ധിമുട്ടാണ്.

മലയാള സിനിമകൾ കാണാറുണ്ടോ

ഇതുവരെ കണ്ടില്ല.എന്നാൽ ബോളിവുഡ് സിനിമകൾ കണ്ടിട്ടുണ്ട്. ലഞ്ച് ബോക്സ്, ത്രീ ഇഡിയറ്റ്സ് എന്നീ ചിത്രങ്ങൾ വളരെ ഇഷ്ടപ്പെട്ടു. ത്രീ ഇഡിയറ്റ്സ് കൊറിയയിൽ വളരെ പ്രശസ്തമാണ്. ഇന്ത്യൻ സിനിമയിൽ അഭിനയിക്കുമ്പോൾ ഭാഷ പ്രശ്നമാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. നന്നായി കൊറിയൻ ഭാഷ സംസാരിക്കുന്ന രണ്ട് പേ‌ർ ലൊക്കേഷനിലുണ്ട്.സിനിമയിൽ കൊറിയൻ സംഭാഷണം എഴുതുന്നത് പൂ‌ർണ കൃഷ്ണനും പരിഭാഷകയും വിദ്യാർത്ഥിയുമായ നവ്യ നായരും ചേർന്നാണ് . കൊച്ചിയിൽ വിമാനമിറങ്ങി നേരെ വന്നത് തൊടുപുഴയിലേക്കാണ്. ഇവിടത്തെ പച്ചപ്പ് വളരെ മനോഹരം.

മലയാളം പഠിക്കാൻ സാധിച്ചോ

ഭയങ്കര ബുദ്ധിമുട്ടാണ് . 'എന്റെ മഗ് എവിടെ" എന്ന വാക്കാണ് ആദ്യമായി പഠിച്ചത്. ലൊക്കേഷനിൽ ഉള്ളവർ ഓരോ വാക്കുകളായി പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സഞ്ജീവ് ശിവന്റെ ഭാര്യ ദീപ്തി ആമി പറയുന്ന മലയാളം വാക്കുകൾ ഫോണിൽ ചിത്രീകരിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

സിനിമയുടെ ചിത്രീകരണ രീതിയിൽ വ്യത്യാസം തോന്നിയോ

വലിയ മാറ്രം തോന്നിയില്ല. ഇവിടെ കുറച്ച് കൂടി സൗഹൃദാന്തരീക്ഷം കാണാം. എന്നെ കംഫ‌‌ർട്ടാക്കാൻ എല്ലാവരും എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇനിയും വിളിച്ചാൽ വരും. സൗത്ത് കൊറിയൻ തലസ്ഥാനമായ സോൾ ആണ് നാട് . കുട്ടിക്കാലത്ത് ബന്ധുക്കളുടെ മുന്നിൽ അഭിനയിച്ച് കാണിക്കാൻ ഇഷ്ടമായിരുന്നു. സ്കൂൾ നാടകത്തിൽ അഭിനയിച്ചു. നാടകത്തിലൂടെ സിനിമയിൽ . നാല്പത് വർഷത്തിലേറെയായി സിനിമയിലെത്തിയിട്ട്. ഈ യാത്രയിൽ മലയാള സിനിമയും.

കേരള ഭക്ഷണം ഇഷ്ടപ്പെട്ടോ
എരിവേറിയ ഭക്ഷണമാണെന്ന് പലരും പറഞ്ഞിരുന്നു. അതിനാൽ ആവശ്യമായ ഗുളികയും മരുന്നുമെല്ലാമെടുത്താണ് വന്നത്. എന്നാൽ ഇവിടെ വന്ന് ഭക്ഷണം കഴിച്ചപ്പോൾ ഒരു കുഴപ്പവും തോന്നിയില്ല. ആദ്യം കൈകൊണ്ട് കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ ശീലമായി. ലൊക്കേഷനിലെ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. നാടൻ ചിക്കൻ കറി ഇഷ്ടപ്പെട്ടു. അച്ചാ‌ർ കഴിച്ചപ്പോൾ കൊറിയൻ വിഭവമായ കിംചിയുമായി സാമ്യം തോന്നി.

ഇവിടത്തെ യുവാക്കൾക്കിടയിൽ കെ. പോപ്പ് തരംഗമാണെന്ന് അറിയാമോ

അറിയില്ലായിരുന്നു. കെ. പോപ്പ് സംഗീതത്തിനും ബി.ടി.എസ് ഉൾപ്പെടെ ബാൻഡുകൾക്കും കൊറിയൻ സിനിമകൾക്കും വെബ്സീരിസുകൾക്കും ഇത്രയധികം ആരാധകരുണ്ടെന്നത് അതിശയിപ്പിക്കുന്നു. ധാരാളം മലയാളി യുവാക്കൾ കൊറിയൻ ഭാഷ പഠിക്കാനും കൊറിയൻ ഭക്ഷണ രീതികൾ പിന്തുടരുന്നുണ്ടെന്നും കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, AMI JUNG, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA