SignIn
Kerala Kaumudi Online
Saturday, 10 October 2026 11.04 PM IST

പുതിയ യൂട്യൂബ് ചാനലുമായി സൽമാൻ ഖാൻ; 'എ മുതൽ ഇസഡ് വരെ എല്ലാം ഇവിടെ' ആദ്യ വീഡിയോയിൽ കണ്ടന്റ് വ്യക്തമാക്കി താരം

salman-khan
യൂട്യൂബ് ചാനലിൽ ആദ്യം പങ്കുവച്ച വീഡിയോയിൽ നിന്ന്

ആരാധകരുമായി കൂടുതൽ അടുക്കാൻ സ്വന്തം യൂട്യൂബ് ചാനലുമായി ബോളിവുഡ് നടൻ സൽമാൻ ഖാൻ. 'ബീയിംഗ് സൽമാൻ ഖാൻ' എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുകയാണ് ലക്ഷ്യമെന്ന് താരം പറഞ്ഞു. അഭിനയത്തിലെ തന്റെ ശൈലികളും ശരീരഭാഷയും സംഭാഷണ അവതരണവുമെല്ലാം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സൽമാൻ.

ചാനലിൽ ആദ്യം പങ്കുവച്ച വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയിൽ സൽമാൻ ഖാന്റെ രണ്ട് കഥാപാത്രങ്ങളാണുള്ളത്. ഒരാൾ അഭിനയവും വ്യക്തിത്വവികസനവും പഠിപ്പിക്കുന്ന പരിശീലകൻ, മറ്റൊരാൾ വിദ്യാർത്ഥി. സൽമാന്റെ സിനിമകളിൽ ആരാധകർക്ക് ഏറെ പരിചിതമായ ശരീരഭാഷയും ചലനങ്ങളും സംഭാഷണശൈലിയും എങ്ങനെ അവതരിപ്പിക്കാമെന്നാണ് പരിശീലകൻ വിദ്യാർത്ഥിയെ പഠിപ്പിക്കുന്നത്. താരത്തിന്റെ തനതായ ശൈലികളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതാണ് വീഡിയോയുടെ പ്രത്യേകത.

പുതിയ ചാനലിന്റെ ലിങ്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയും സൽമാൻ പങ്കുവച്ചു. 'നമുക്ക് ആദ്യം മുതൽ തുടങ്ങാം. എന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ. എ മുതൽ ഇസഡ് വരെ എല്ലാം ഇവിടെ ലഭിക്കും' എന്നായിരുന്നു ആരാധകരോടുള്ള താരത്തിന്റെ സന്ദേശം. ചാനലിന് ഇതിനോടകം 36,300 സബ്സ്‌ക്രൈബർമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സിനിമകൾക്കും ടെലിവിഷൻ പരിപാടികൾക്കും പുറമേ ആരാധകരുമായി നേരിട്ട് സംവദിക്കാനുള്ള വേദിയായാണ് ബോളിവുഡ് താരങ്ങൾ യൂട്യൂബിനെ പ്രയോജനപ്പെടുത്തുന്നത്. വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ, സിനിമകളുടെ പിന്നാമ്പുറക്കാഴ്ചകൾ, രസകരമായ സംഭാഷണങ്ങൾ എന്നിവയിലൂടെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുക്കുകയാണ് ലക്ഷ്യം.

വരുൺ ധവാൻ, കൃതി സനോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര ജോനാസ്, കാർത്തിക് ആര്യൻ തുടങ്ങിയ താരങ്ങൾക്കും സ്വന്തം യൂട്യൂബ് ചാനലുകളുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോയായ 'ബിഗ് ബോസി'ന്റെ 20-ാം സീസണിന്റെ അവതാരകൻ കൂടിയാണ് സൽമാൻ. ചിത്രാംഗദ സിംഗ് സഹതാരമായെത്തുന്ന 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' ആണ് സൽമാന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.

English Summary

Bollywood actor Salman Khan has launched his official YouTube channel, “Being Salman Khan,” to connect with fans and share acting tips with aspiring performers. His first video features two versions of himself, demonstrating his signature body language, mannerisms and dialogue delivery in a humorous format.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALMAN KHAN, BEING SALMAN KHAN, YOUTUBE CHANNEL LAUNCH, BOLLYWOOD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY