
കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജ വിജയനാണ് വധു. വിവാഹശേഷമുള്ള ചിത്രവും ആനന്ദ് പങ്കുവച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
'നമ്മൾ ഒരിക്കലും അപരിചിതരാകേണ്ടവർ അല്ലായിരുന്നു. ഇന്ന്, നമ്മളൊന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോദരമായ യാത്രയ്‌ക്ക് തുടക്കം കുറിക്കുകയാണ്. അതേ, എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ ആൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങിലായിരുന്നു വിവാഹം. ഞങ്ങളുടെ വിവാഹവാർത്തയായി ഇതിനെ കണക്കാക്കണം. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു' - ആനന്ദ് മധുസൂദനൻ കുറിച്ചു.
പി ജയചന്ദ്രൻ ആലപിച്ച ഹിറ്റ് ഗാനം 'പൊടിമീശ മുളയ്‌ക്കണ കാലം' എന്ന ഗാനത്തിന് സംഗീതം നിർവഹിച്ചത് ആനന്ദ് മധുസൂദനനാണ്. പ്രേതം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. സൂരജ് ടോം സംവിധാനം ചെയ്‌ത വിശേഷം എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിർഹവിച്ചതും ആനന്ദ് തന്നെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |