SignIn
Kerala Kaumudi Online
Monday, 12 October 2026 1.49 AM IST

സമ്പന്ന കുമാരൻ കവർന്നത് 3 ജീവൻ; മദ്യലഹരിയിൽ കാറുമായി പാഞ്ഞു, സ്കൂട്ടറിലിടിച്ചു

READ ENGLISH VERSION

car
അപകടമുണ്ടാക്കിയ കാർ വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു

മരിച്ചത് സുഹൃത്തുക്കൾ, 19കാരൻ പിടിയിൽ

നെടുമ്പാശേരി: മൂന്ന് ബാറുകളിൽ കയറി അമിതമായി മദ്യപിച്ചശേഷം ആഡംബരക്കാറുമായി റോഡ‌ിലൂടെ പാഞ്ഞ 19കാരനായ സമ്പന്ന പുത്രൻ കവർന്നത് മൂന്ന് ജീവനുകൾ. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. ഒരു സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്.

വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക (കുക്കു- 21), പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ.പ്രദീപ്കുമാറിന്റെ മകൾ ഗോപിക (22), കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.

കാക്കനാട് ഗോൾഡ് ടവറിൽ താമസിക്കുന്ന ആലപ്പുഴ ആലിശേരി സജീവ് ജമാൽ മൻസിലിൽ സുഹൈൽ സജീവിനെ പൊലീസ് അറസ്റ്റുചെയ്തു. മനഃപൂർമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. വിമാനത്താവളത്തിനടുത്ത് സുവർണോദ്യാനം ബയോളജിക്കൽ പാർക്കിനുസമീപം ഇന്നലെ പുലർച്ചെ 1.40നായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന ആലപ്പുഴ കൊമ്മാടി പാലപ്പറമ്പിൽ വീട്ടിൽ നിനവും (22) അറസ്റ്റിലായി. മറ്റ് സുഹൃത്തുക്കളായ ജോയലിനും അമീനുമെതിരെ കേസെടുക്കും. 'ഇഹ ഡിസൈൻസ്" വസ്ത്ര സ്ഥാപനത്തിന്റെ ചെയർമാൻ സജീവിന്റെയും സ്ഥാപനത്തിന്റെ എം.ഡിയായ പുഞ്ചപ്പാടത്ത് നൂഹയുടേയും മകനാണ് സുഹൈൽ. കാക്കനാട് രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്.

സ്‌കൂട്ടറിന് പിന്നിൽ അതിവേഗത്തിൽ പാഞ്ഞെത്തിയ മിനികൂപ്പർ ഇടിക്കുകയായിരുന്നു. മൂന്നുപേരും റോഡിൽ തലയടിച്ചു വീണ് തത്ക്ഷണം മരിച്ചു. സ്‌കൂട്ടറുമായി 100 മീറ്റർ മുന്നോട്ടു പോയ കാർ കോൺക്രിറ്റുതിട്ട ഇടിച്ചു തകർത്താണ് നിന്നത്.

മരിച്ച മൂന്നുപേരും എറണാകുളത്ത് ലോജിസ്റ്റിക്‌സ് കോഴ്‌സ് വിദ്യാർത്ഥികളാണ്. തൃക്കാക്കര സുക്കോയോ പ്രീമിയം ക്രാഫ്റ്റ്ഷോപ്പിൽ പാർട്ട്ടൈമായി ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് നെടുമ്പാശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഗോപികയുടെ അമ്മ സജിത. സഹോദരങ്ങൾ: അഭിജിത്, ദീപിക. ഇയ്യാസിന്റെ മാതാവ്: റുഖിയ. സഹോദരി: ഇസ്തി​ഫ. ദേവികയുടെ മാതാവ്: സരിത. സഹോദരൻ: ദേവാനന്ദ്.

'എല്ലാ വാപ്പ നോക്കിക്കോളും"

എയർപോർട്ടിൽ വന്നിറങ്ങുന്ന സുഹൃത്തിനെ കാണാൻ പോവുകയായിരുന്നു എന്നാണ് സുഹൈലിന്റെ മൊഴി. അപകടശേഷം ഓടിക്കൂടിയ നാട്ടുകാരോട് 'കേസ് വാപ്പ നോക്കിക്കോളും" എന്നുപറ‌ഞ്ഞ് തട്ടിക്കയറി. അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ അപകടത്തിൽ മരിച്ച ഇയ്യാസിന്റെ സുഹൃത്തുക്കൾ സുഹൈലിനെ കൈയേറ്റം ചെയ്തു.

ബാറുകൾക്കെതിരെ

കേസെടുക്കും

19കാരന് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ കേസെടുക്കാൻ മന്ത്രി എം.ലിജു നിർദ്ദേശം നൽകി. നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം എന്നതുകൊണ്ടാണിത്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCDIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA