
തിരുവനന്തപുരം:സംസ്ഥാനത്തെ സിനിമ തിയേറ്ററുകളിൽ ലീഗൽമെട്രോളജി, ഭക്ഷ്യസുരക്ഷാ,സിവിൽസപ്ലൈസ് വകുപ്പുകളുടെ സംയുക്ത മിന്നൽപരിശോധനയിൽ 26 കേസുകളെടുത്തു. പിഴയായി 62,000 രൂപയും ചുമത്തി. അഞ്ച് കാരണംകാണിക്കൽ നോട്ടീസുകളും നൽകി.
കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവിലയാണെന്നും വിലവിവരം പ്രദർശിപ്പിക്കാറില്ലെന്നുമുള്ള പരാതികളിൽ മന്ത്രി അനൂപ്ജേക്കബിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
കോഴിക്കോട് രാമനാട്ടുകര സുരഭി തിയേറ്ററുകളിൽ പാക്കറ്റുകളിൽ നിർമ്മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിന് നോട്ടീസ് നൽകി. ചെറുവണ്ണൂർ ഫറോക്കിലെ മല്ലികപ്ലക്സ് തിയേറ്ററിൽ 60ഗ്രാം പോപ്‌കോണിൽ 7.5ഗ്രാം തൂക്കം കുറച്ചു വിറ്റതിനും കേസെടുത്തു.
പയ്യന്നൂർ അർച്ചന കോംപ്ലക്സിൽ നിന്നും 65ഗ്രാം രേഖപ്പെടുത്തി വിറ്റ പോപ്‌കോൺ 52ഗ്രാം മാത്രമായതിനാൽ കേസെടുത്തു. 10,000രൂപയാണ് പിഴ. ചെറുപുഴ എ.കെ.സിനിപാലസിൽ 60 ഗ്രാം പോപ്‌കോണിന് തൂക്കം 42ഗ്രാമായിരുന്നു. 5,000രൂപയാണ് പിഴ. ദേവ് സിനിമാസ് കണിച്ചാർ തിയേറ്ററിലും 50ഗ്രാം പോപ്‌കോണിലും 35ഗ്രാമായിരുന്നു.
ഉളിക്കൽ എസ്‌ജേസ്ജി തിയേറ്ററിൽ വെയിംഗ് മെഷീൻ മുദ്രചെയ്യാത്തതിനും കേസെടുത്തു.
കോട്ടയത്തെ ധന്യ,രമ്യ തിയേറ്ററിൽ 55ഗ്രാം പോപ്‌കോണിലും 48.6ഗ്രാമായിരുന്നു. 40ഗ്രാം പോപ്‌കോണിൽ 34.8 ഗ്രാമും. കേസെടുത്ത് 5000 രൂപ പിഴയീടാക്കി. അനുപമ തിയേറ്ററിലും കുമരകത്തെ വെൽവെറ്റ് വ്യൂ തിയേറ്ററിലും നോൺ സ്റ്റാൻഡേർഡ് അളവിൽ വിറ്റതിന് നോട്ടീസും നൽകി.
ആലുവ മാതാമാധുര്യതിയേറ്ററിൽ 30രൂപക്ക് 210 എം.എൽ.ചായ നൽകേണ്ടിടത്തു 130 എം.എൽ.മാത്രമായിരുന്നു. 120രൂപയുടെ 50ഗ്രാം പോപ്‌കോണിൽ 16ഗ്രാമും 150 രൂപയുടെ 80ഗ്രാം ചീസ് പോപ്‌കോണിൽ 70 ഗ്രാമുമായിരുന്നു. 25,000രൂപ പിഴയീടാക്കി.
ചെങ്ങന്നൂർ സീസിനിമാസ്, കൊല്ലം ചിന്നക്കട ഉഷ, പാലക്കാട് ചുണ്ണാമ്പുതറയിലെ സി.എൻ.സി.സിനിമാസ്, മലപ്പുറംകോട്ടക്കൽ ലീന തിയേറ്ററുകളിലും നടപടിയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |