SignIn
Kerala Kaumudi Online
Sunday, 11 October 2026 11.25 PM IST

'എല്ലാം എന്റെ  വാപ്പ  നോക്കിക്കോളും'; മൂന്നുപേരെ കൊന്നത് പ്രമുഖ വസ്‌ത്രവ്യാപാരികളുടെ മകൻ, പൊലീസിനോടും അഹങ്കാരം

READ ENGLISH VERSION
suhail-sajeev
സുഹൈൽ സജീവ്, അപകടമുണ്ടാക്കിയ വാഹനം

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ സ്‌കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക്ക് സ്ഥാപനത്തിൽ പാർട്ട്‌ ടൈം ജോലി ചെയ്‌തിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. മൂന്നുപേർക്കും 21 വയസ് മാത്രമാണ് പ്രായം.

ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച ശേഷം പതിവുപോലെ മടങ്ങുംവഴിയായിരുന്നു അപകടം. ഇവരെ പിന്തുടർന്ന് മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളുണ്ടായിരുന്നു. സന്തോഷത്തോടെ മടങ്ങിയ മൂന്ന് സുഹൃത്തുക്കൾ നിമിഷങ്ങൾക്കകം കൺമുന്നിൽ മരിച്ചുകിടക്കുന്ന കാഴ്‌ച കണ്ടതിന്റെ ഞെട്ടലിലാണ് മറ്റുള്ളവർ. മൂന്നുപേരുടെയും മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കാറിന്റെ അമിതവേഗതയാണ് അപകടകാരണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറോടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യയ്‌ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. സുഹൈലിന്റെ ശരീരത്തിൽ അമിതമായ അളവിൽ മദ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റ് ലഹരികൾ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ഇന്നലെ ഉച്ച മുതൽ സുഹൈൽ മൂന്ന് ബാറുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കയറി മദ്യപിച്ചതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.

വിമാനത്താവളത്തിലിറങ്ങിയ സുഹൃത്തിനെ കൂട്ടാനായാണ് സുഹൈൽ സജീവ് നെടുമ്പാശേരിയിലെത്തിയത്. അപകടമുണ്ടാക്കിയ ശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ സുഹൈൽ നാട്ടുകാരോടടക്കം തട്ടിക്കയറി. 'എന്റെ വാപ്പ എല്ലാം നോക്കിക്കോളും' എന്നാണ് മൂന്ന് നിരപരാധികളുടെ മരണത്തിനിടയാക്കിയ ശേഷം അഹങ്കാരത്തോടെ സുഹൈൽ പറഞ്ഞത്. 220 കിലോമീറ്ററോളം വേഗതയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാൾ മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്ന സുഹൈലിന്റേത് കൊടുംക്രിമിനലുകളുടേത് പോലുള്ള പ്രവൃത്തിയാണെന്ന് പൊലീസ് പറയുന്നത്.

ആലപ്പുഴ ആലുശേരി സ്വദേശികളും ബിസിനസുകാരുമായ സജീവ് ജമാലിന്റെയും നൂഹാ സജീവിന്റെയും മകനാണ് സുഹൈൽ സജീവ് (18). ആലപ്പുഴയിലും കൊച്ചിയിലുമുള്ള പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമകളാണിവർ. ഇൻസ്റ്റഗ്രാമിലടക്കം ദശലക്ഷം ഫോളോവേഴ്‌സുള്ള ഇഹയുടെ പേജിൽ വീഡിയോകൾ ചെയ്യുന്നത് നൂഹയും സുഹൈലും ചേർന്നാണ്. രാജഗിരി കോളേജിൽ ബി.കോം വിദ്യാർത്ഥിയാണ് സുഹൈൽ. കാക്കനാടുള്ള ഗോൾഡ്‌ ടവർ എന്ന ഫ്ലാറ്റിലാണ് നിലവിൽ കുടുംബം താമസിക്കുന്നത്.

ചോദ്യംചെയ്യലിൽ അഹങ്കാരത്തോടെയാണ് സുഹൈൽ സജീവ് സംസാരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഇന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വളരെ കർശനമായ നടപടി തന്നെ ഇയാൾക്കെതിരെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പും സുഹൈലിനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം.

English Summary

Three 21-year-olds, Devika, Gopika, and Ijas, died after a Mini Cooper allegedly speeding into their scooter in Athani, Nedumbassery. Police have registered a culpable homicide case against the 18-year-old driver, Suhail Sajeev. Investigators suspect drunk driving and possible drug use, and have stated that strict legal action will be taken.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY ACCIDENT, MINI COOPER ACCIDENT KERALA, SUHAIL SAJEEV ACCIDENT, NEDUMBASSERY ACCIDENT NEWS, IHA DESIGNS SON ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA