
കൊച്ചി: കാക്കനാട് സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ, വിദേശത്തേക്ക് ഫ്രോസൺ ഫുഡ് കയറ്റി അയയ്‌ക്കുന്ന ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി ലാഭം വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കിളിരൂർ-കവിയൂർ കേസുകളിലെ പ്രതി തിരുവല്ല സ്വദേശി ലതാ നായർ (60), മലപ്പുറം പള്ളിക്കൽ സ്വദേശി സുനിൽ കുമാർ (48), തമിഴ് നാട് തിരുനൽവേലി സ്വദേശി നിത്യ ചൈതന്യ സ്വാമി എന്നറിയപ്പെടുന്ന അനിൽ കുമാർ (55), ചിറയിൻകീഴ് സ്വദേശി സിന്ധു ദിലീപ് കുമാർ (52) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ദിലീപ് കുമാറിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
തിരുവനന്തപുരം ഉച്ചക്കട സ്വദേശിയായ 33കാരന്റെ പരാതിയിലാണ് നടപടി. ഫ്രോസൺ ഫുഡ്‌സ് കമ്പനിയുടെ ഡയറക്ടർ എന്ന വ്യാജേനയാണ് പ്രതികളിലൊരാളായ സുനിൽ കുമാറും സംഘവും തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരനെ സമീപിച്ചത്. കാക്കനാടും പരിസരത്തും വച്ച് പലവട്ടം ചർച്ചകൾ നടത്തിയ പ്രതികൾ തവണകളായി 37 ലക്ഷം രൂപ വാങ്ങിയെടുക്കുകയുകയായിരുന്നു. പണം തിരികെ നൽകാതായതോടെ പരാതിക്കാരൻ പ്രതികളെ സമീപിച്ചപ്പോൾ വ്യാജ ഡി.ഡി നൽകി. സുനിൽകുമാർ പണം കമ്പനിയിൽ എത്തിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ 33കാരൻ എ.ഡി.ജി.പിയെ സമീപിക്കുകയായിരുന്നു.
ഇന്ദു മേനോൻ എന്ന പേരിലാണ് ലതാ നായർ പരാതിക്കാരനെ പരിചയപ്പെട്ടത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പ്രതികളുടെ പങ്കിനെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
തൃക്കാക്കര എസ്.ഐമാരായ ആന്റണി ക്ലീറ്റസ്, അനന്ദു, എസ്.സി.പി.ഒമാരായ ബൈജു, ഗുജ്രാൾ, വനിതാ സി.പി.ഒ ഷബ്‌ന കെ. കമാൽ എന്നിവരടങ്ങിയ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |