
തിരുവനന്തപുരം: മുൻതീരുമാനം തിരുത്തി ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും. ടെൻഡർ ക്ഷണിച്ചു. സർക്കാർ, സഹകരണ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം.
കഴിഞ്ഞ വർഷം ഏഴുകോടി രൂപയ‌്ക്കാണ് ദേവസ്വം ബോർഡ് തിരുവനന്തപുരം മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയത്. ഈ കരാർ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് ഇത്തവണ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് നെയ്യ് പുറത്തു നിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാലിതു തികഞ്ഞില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. സർക്കാരിന്റെ രൂക്ഷ വിമർശനവും ബോർഡിനു നേരെയുണ്ടാകും. ഇതൊഴിവാക്കാനാണ് മുൻതീരുമാനം തിരുത്തിയത്.
ശർക്കര സന്നിധാനത്ത് എത്തിക്കാനും ടെൻഡർ
കരാറുകാർ പമ്പയിലെത്തിക്കുന്ന ശർക്കര ബോർഡിന്റെ നിയന്ത്രണത്തിൽ സന്നിധാനത്ത് എത്തിക്കാനും ടെൻഡർ വിളിക്കും. കരാറെടുത്ത അന്നപൂർണ കമ്പനി കിലോഗ്രാമിന് 46.50 രൂപയ്‌ക്കാണ് ശർക്കര നൽകുന്നത്. തുലാം മാസ പൂജകൾക്കായി നടതുറക്കുമ്പോൾ അരവണ നിർമ്മാണത്തിനുള്ള എല്ലാ സാധനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 15,000 കിലോ ഉണക്കലരി ഇന്ന് പമ്പയിലെത്തും. നവീകരണത്തിന് ശേഷം അരവണ പ്ലാന്റിന്റെ പ്രവർത്തനം നാളെ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |