SignIn
Kerala Kaumudi Online
Monday, 12 October 2026 2.57 AM IST

'ഡിജിപിയോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറയുന്നതുപോലെ'; രാജിവിവാദത്തിൽ തുറന്നടിച്ച് ശ്രീലേഖ

READ ENGLISH VERSION

sreelekha
ആർ ശ്രീലേഖ

തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുന്നതിനെപ്പറ്റി ആലോചിച്ച സാഹചര്യങ്ങൾ വിശദീകരിച്ച് ആർ ശ്രീലേഖ. കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഡിജിപി ആയിരുന്ന ആളോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറയുന്നതുപോലെയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. 'സസ്‌നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു കൗൺസിലറുടെ പ്രതികരണം.

'ശ്രീലേഖ പാർട്ടിയിൽനിന്ന് രാജിവച്ചിട്ടില്ല. ഭാരതീയ ജനതാപാർട്ടിയുടെ ഒരു അഭിമാനമുള്ള അംഗമായി ആജീവനാന്തം തുടരും. ഞാൻ വിശ്വസിക്കുന്ന ഏറ്റവും നല്ല ദേശീയ പാർട്ടിയാണ് ബിജെപി. ഞാൻ രാജിവയ്‌ക്കുന്നതിന്റെ കാരണം എന്നെ മേയറാക്കാത്തതാണെന്ന് ഒമ്പതുമാസം കഴിഞ്ഞിട്ടും പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമുണ്ടോ? കാരണം അതൊക്കെ പഴയ കാര്യമല്ലേ? ഞാൻ മറ്റൊരു പാർട്ടിയിലും പോകാൻ താൽപര്യപ്പെടുന്നയാളല്ല. ഞാനൊരു മോദി ഭക്തയാണ്.

ഏറെ സമ്മർദത്തിലൂടെയാണ് ഞാൻ പൊയ്‌ക്കൊണ്ടിരുന്നത്. ഞായറാഴ്‌ചപോലും വിശ്രമമില്ലാതെ ഞാൻ അലയുകയാണ്. എല്ലാ സ്ഥലങ്ങളിലും എന്തെങ്കിലും പരിപാടികളോ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോൾ ഞാനവിടേക്ക് ചെല്ലണമെന്ന് ആളുകൾ പറയാറുണ്ട്. അതനുസരിച്ച് ഞാനവിടേക്ക് എത്താറുമുണ്ട്. ഒരു പരിധിവിട്ടുകഴിയുമ്പോൾ നമുക്കുതന്നെ തോന്നും ഇതെന്നെക്കൊണ്ട് പറ്റുന്നില്ലെന്ന്. കുറേ പ്രശ്‌നങ്ങൾ ശാസ്‌തമംഗലം വാർഡിൽ ഉണ്ടായിട്ടുണ്ട്. അവിടെയൊരു അംഗണവാടിയില്ല, പ്രൈമറി ഹെൽത്ത് സെന്ററിന് ഒരു കെട്ടിടമില്ല, അവിടെയുള്ള വൃദ്ധരായവർക്ക് ഒരു കുത്തിവയ്‌പ്പെടുക്കണമെങ്കിൽ നന്ദൻകോട് വരെ പോകണം. അവിടെ പൊതുശൗചാലയത്തിനായി ഒരുപാട് കഷ്‌ടപ്പെട്ട് ഒരു സ്ഥലം ഒഴിപ്പിച്ചെടുത്തു. അതിനിതുവരെ അനുമതി കിട്ടിയിട്ടില്ല.

എന്റെ ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, വൈഫൈ, ടെലിഫോൺ കണക്ഷൻ എല്ലാം കേടായിക്കിടക്കുവാണ്. ഒരു കസേരയുള്ളത് പൊട്ടിപ്പൊളിഞ്ഞതാണ്. അതിൽ ഇരുന്നാൽ പിറകുവശമെല്ലാം വേദനിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ഞാൻ ഇത്രയും നാൾ ജോലി ചെയ്യുന്നതിനിടെ പന്ത്രണ്ടോ പതിമൂന്നോ കത്തുകൾ മേയർക്ക് കൊടുത്തിട്ടുണ്ട്. മേയർക്കതൊക്കെ ചെയ്യാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്. ഓരോരുത്തരായി ഓരോരോ റെക്കമെന്റേഷൻസ് അയച്ചുകൊണ്ടിരിക്കുവാണല്ലോ. അതിന്റെയൊക്കെ ഫയൽ അദ്ദേഹം മാർക്ക് ചെയ്‌ത് സെക്ഷനിലേക്ക് വിടും. പക്ഷേ ഈ സെക്ഷനിലിരിക്കുന്ന ക്ലർക്കുമാരും സൂപ്രണ്ടുമാരും ഓഫീസേഴ്‌സുമെല്ലാം കഴിഞ്ഞ 45 വർഷമായി ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയുടെ അനുയായികളായിരിക്കാം. ഒരു കൗൺസിലർ, അതും ഒരു ബിജെപി കൗൺസിലർ എഴുതിക്കൊടുക്കുന്ന പ്രൊപ്പോസൽ അതവിടെയങ്ങ് കിടക്കും. നമ്മളിതിന്റെ പിറകെ നടന്ന് ബുദ്ധിമുട്ടും'- ശ്രീലേഖ പറയുന്നു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാലതാമസം വരുന്നുണ്ടെന്നും അത് തന്നെ വലിയരീതിയിൽ വിഷമിപ്പിച്ചെന്നും ശ്രീലേഖ പറയുന്നു. അങ്ങനെയിരിക്കെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുമെന്ന് വ്യക്തമാക്കി മേയർക്ക് കത്തുനൽകിയെന്നും ശ്രീലേഖ വ്യക്തമാക്കി.

'അങ്ങനെയിരിക്കെ എനിക്ക് വയ്യാതായി. എന്റെ ബിപി വളരെയധികം കൂടി. കൗൺസിലറുടെ അറിയിപ്പുകൾ പങ്കുവയ്‌ക്കുന്ന വാട്‌സ് ആപ് ഗ്രൂപിലൂടെ ആളുകൾ വളരെ മോശമായി സംസാരിച്ചു. ആശുപത്രിയിലിരുന്നുകൊണ്ടാണ് ഞാൻ മേയർക്ക്‌ രാജിക്കത്ത് നൽകിയെന്ന കാര്യം ആ വാട്‌സ്‌ആപ് ഗ്രൂപിൽ പങ്കുവച്ചത്. അതേതുടർന്ന് പാർട്ടിയിലെ ഉന്നതനേതാക്കന്മാർ ആശുപത്രിയിലെത്തി എന്നെ സമാധാനിപ്പിച്ചു. അതുകൊണ്ട് ഞാനിപ്പോഴും കൗൺസിലർ സ്ഥാനത്ത് തുടരുകയാണ്'- ശ്രീലേഖ കൂട്ടിച്ചേർത്തു.

English Summary

R. Sreelekha considered resigning as a Thiruvananthapuram councillor due to heavy workload, delays in addressing ward issues, poor office facilities, and public criticism. She later continued after senior BJP leaders persuaded her to stay. She reaffirmed her loyalty to the BJP.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R SREELEKHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA