SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.59 AM IST

കരുവാറ്റ കൊലപാതകം : പ്രതികളുടെ കസ്റ്റഡി അപേക്ഷ 29ന് പരിഗണിക്കും

court

ആലപ്പുഴ: കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65)​ ചെറുമകളുടെ നിർദ്ദേശ പ്രകാരം കൊലപ്പെടുത്തിയ കേസിൽ കുറ്റവാളികൾക്കായുള്ള പൊലീസ് അപേക്ഷയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് 29 ന് തീരുമാനമെടുക്കും.

കേസിലെ രണ്ടു മുതൽ നാലു വരെ പ്രതികളെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹരിപ്പാട് സി.ഐയുടെ നേതൃത്വത്തിൽ സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം, പ്രതികൾക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകരുതെന്ന പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് തീരുമാനം 29ലേക്ക് മാറ്റിയത്. കേസിൽ തെളിവെടുപ്പ് നീണ്ടു പോകുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്. കുട്ടിക്കുറ്റവാളികൾ ഒബ്സർവേഷൻ ഹോമുകളിലാണ്. കുറ്റകൃത്യത്തിന്റെ ആസൂത്രണവും സ്വഭാവവും ക്രൂരതയും പരിഗണിച്ച് പ്രായപൂർത്തിയാകാത്തവരെന്ന പരിഗണനയില്ലാതെ ചോദ്യം ചെയ്യലും തെളിവെടുപ്പും അനുവദിക്കണമെന്ന് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വയോധികൻ കൊല്ലപ്പെട്ട കേസ് അപൂർവവും സങ്കീർണവുമായതിനാൽ സൂക്ഷ്മതയോടെയാണ് പൊലീസിന്റെ നീക്കം. അന്വേഷണത്തിലും തെളിവ് ശേഖരണത്തിലുമെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ട്. അന്വേഷണ വിവരങ്ങൾ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. കുറ്റാരോപിതർക്കുള്ള നിയമ പരിരക്ഷയുടെ പരിധിക്കുള്ളിൽ നിന്നുള്ള അന്വേഷണം ഉദ്യോഗസ്ഥരെയും സമ്മർദ്ദത്തിലാക്കി.15ന് രാത്രിയാണ് കൊല്ലപ്പെട്ടത്. 17ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. 24 മണിക്കൂറിനകം കുറ്റാരോപിതരെ പിടി കൂടുകയും . നാലരപ്പവൻ സ്വർണം കണ്ടെത്തുകയും ചെയ്തു. എന്നാൽ, കുറ്റാരോപിതർ പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരെ കരുതൽത്തടങ്കലിലാക്കി ഒരാഴ്ച പിന്നിട്ടിട്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാനോ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്താനോ പൊലീസിനു കഴിഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA