നാളെ സഭയിൽ അടിയന്തര പ്രമേയത്തിന് നീക്കം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ തനിച്ചുള്ള പോരാട്ടത്തിന് സി.പി.ഐ . പാർട്ടിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടക്കുന്ന നാളെ, സഭയിൽ അടിയന്തര പ്രമേയം കൊണ്ടു വരാനാണ് നീക്കം.പ്രതിപക്ഷ ഉപ നേതാവ് പദവിയിൽ നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.
ഈ ആവശ്യത്തിൽ തീരുമാനമുണ്ടാകുന്നത് വരെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ
പങ്കെടുക്കേണ്ടതില്ലെന്ന് സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം ഇന്നലെ തുടങ്ങിയെങ്കിലും
പാർലമെന്ററി പാർട്ടി യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. സി.പി.ഐ പാർലമെന്ററി പാർട്ടി നേതാവ് കെ.രാജനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. പി.എം. ശ്രീ പദ്ധതി ഉപേക്ഷിക്കുക, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്ത്രീ സുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിയമസഭാ മാർച്ച് .ഇതിൽ കൂടുതൽ പ്രാധാന്യമുള്ള വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം. പ്രമേയത്തിന് അനുമതി നൽകാത്ത പക്ഷം സി.പി.ഐ സഭ വിട്ടിറിങ്ങും. ഇക്കാര്യത്തിൽ സി.പി.എമ്മിൻ്റെ പിന്തുണ ആവശ്യപ്പെടില്ല.
പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ സി.പി.എമ്മിനോടോ, മുന്നണി നേതൃത്വത്തോടോ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന സി.പി.ഐ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. പുറത്തു നടക്കുന്ന സമരം സഭയ്ക്കുള്ളിലും ചർച്ചയാക്കും. അതോടൊപ്പം, ഉപ നേതാവ് പദവിയിൽ സമ്മർദ്ദം ശക്തമാക്കും. മുന്നണി നേതൃത്വം മുൻകൈയെടുത്ത് പ്രശ്നത്തിന് പരിഹാരം കാണട്ടെയെന്ന നിലപാടിലാണ് സി.പി.ഐ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |