SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.16 AM IST

മുതിർന്ന പൗരന്മാരെ ഇറക്കി വിട്ടാൽ 3 വർഷം തടവ്

niyamasabha

തിരുവനന്തപുരം: മുതിർന്ന പൗരന്മാരെ ബന്ധുക്കളോ മറ്റാരെങ്കിലുമോ വീട്ടിൽ നിന്നിറക്കി വിടുന്നതിന് മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവും ,അര ലക്ഷം രൂപ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന (പരിചരണവും അവകാശസംരക്ഷണവും) ബിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.

മുതിർന്ന പൗരന്മാരുടെ പരിചരണ കേന്ദ്രങ്ങളുടെ നിലവാരവും സുതാര്യതയും ,അവയുടെ രജിസ്ട്രേഷൻ, നിയന്ത്രണം, നിരീക്ഷണം എന്നിവയും സാദ്ധ്യമാക്കും. ആരോഗ്യകരവും ഊർജ്ജസ്വലവുമായ വാർദ്ധക്യം ഉറപ്പാക്കും.മുതിർന്ന പൗരന്മാർ ആഗ്രഹിക്കുന്നിടത്തോളം കാലം സ്വന്തം വീട്ടിൽ കഴിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കും. ഭക്ഷ്യസുരക്ഷ, ആരോഗ്യ പരിരക്ഷ, പാർപ്പിടം, ഇൻഷ്വറൻസ് പദ്ധതികൾ, ചൂഷണത്തിനും പീഡനത്തിനുമെതിരായ സംരക്ഷണം എന്നിവ ഉറപ്പാക്കും. പൊതു കെട്ടിടങ്ങളും പൊതു സൗകര്യങ്ങളും സേവനങ്ങളും പൊതു ഇടങ്ങളും മുതിർന്ന പൗരന്മാർക്ക് സൗകര്യപ്രദമായ വിധം നിർമ്മിക്കും.മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ അവകാശങ്ങൾ നടപ്പാക്കാൻ ലീഗൽ സർവ്വീസസ് അതോറിറ്റികളും, സംസ്ഥാന വയോജന കമ്മീഷനും മുഖേന നിയമ സഹായത്തിന് അവകാശമുണ്ടായിരിക്കും.

ബില്ലിലെ മറ്റ്

വ്യവസ്ഥകൾ

ചലന സഹായ ഉപകരണങ്ങൾ , ശ്രവണ സഹായികൾ, കണ്ണടകൾ, മലമൂത്ര നിയന്ത്രണ ഉത്പന്നങ്ങൾ ഉൾപ്പെടെ പ്രാപ്യവും ന്യായവുമായ വിലയിൽ ലഭിക്കുന്നതിന് അവകാശം.

 മുതിർന്ന പൗര സംരക്ഷണ യൂണിറ്റുകളുടെ പ്രവർത്തനം സംസ്ഥാന , ജില്ലാതല സംവിധാനങ്ങളിലാവും.മുതിർന്ന പൗര വകുപ്പ് ഡയറക്ടർ/ ചെയർപേഴ്സൺ (എക്സ് ഒഫീഷ്യോ), അഡീഷണൽ ഡയറക്ടർ/കോ ചെയർപേഴ്സൺ, ലോ ഓഫീസർ, സാമൂഹിക പ്രവർത്തകൻ, ടെക്നിക്കൽ അസിസ്റ്റന്റ് (അംഗങ്ങൾ) എന്നിവരുൾപ്പെട്ടതാവും സംസ്ഥാനതല സമിതി. ജില്ലാ തല സമിതിയുടെ ചെയർപേഴ്സൺ ജില്ലാ കളക്ടർ. ജില്ലാ പൊലീസ് മേധാവി,തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി, മുതിർന്ന പൗര വകുപ്പ് ജില്ലാ ഓഫീസർ എന്നിവർ അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA