
തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനം ഇരട്ടിയാക്കാം. പീക്ക് സമയ വൈദ്യുതി ദൗർലഭ്യത്തിന് ഒരളവ് പരിഹാരം കാണാം. രാജ്യത്തെ വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയാകാം. ഇങ്ങനെ നേട്ടങ്ങളേറെയുണ്ടെങ്കിലും ഇടുക്കി രണ്ടാം വൈദ്യുതി നിലയ പദ്ധതിയോട് മുഖം തിരിച്ച് കെ.എസ്.ഇ.ബി. 2,670 കോടിയായിരുന്നു പദ്ധതിച്ചെലവ്. വിശദ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസിനെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. നിലവിലെ ഇടുക്കിയുടെ ഉത്പാദനശേഷി 780ൽ നിന്ന് 1580 മെഗാവാട്ടായായി വർദ്ധിപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.
പെരിയാറിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയായതിനാൽ നീരൊഴുക്കിന്റെ അളവ് നിശ്ചിതതോതിൽ ഓരോ കാലത്തും നദിയിൽ നിലനിറുത്തണമെന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടെ ഇളവാവശ്യമുണ്ട്. 2022ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. പക്ഷേ 14 പ്രധാന അനുമതികൾ ലഭിച്ചിട്ടില്ല. തുടർനടപടികൾക്ക് ആരും ഉത്സാഹം കാണിച്ചതുമില്ല. ഇടുക്കി പദ്ധതിയുടെ സുവർണ ജൂബിലി ഉപഹാരമായി 2026 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്യാമെന്നായിരുന്നു 2022ലെ പ്രഖ്യാപനം.
പ്രതിദിനം അഞ്ച് കോടി ലാഭം
നിലവിൽ പ്രതിവർഷം വൈദ്യുതി ഉത്പാദനം ശരാശരി 2,500 ദശലക്ഷം യൂണിറ്റ്. 900 മുതൽ 1,000 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിക്കുന്നത് വൈകിട്ട് ആറര മുതൽ രാത്രി പത്തരയ്ക്ക് ഇടയിലാണ്. പുതിയ പദ്ധതിയോടെ പീക്ക് സമയത്ത് കൂടുതൽ ഉത്പാദിപ്പിക്കാം. അഞ്ച് കോടിയെങ്കിലും പ്രതിദിനം ലാഭവുമുണ്ടാകും. പ്രളയമുണ്ടായാൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യവും ഒഴിവാക്കാം.
കൂടുതൽ കരാറിന് കെ.എസ്.ഇ.ബി
എസ്.ഷാജിലാൽ
തിരുവനന്തപുരം: അടുത്ത വർഷത്തെയടക്കം ആവശ്യകത മുന്നിൽകണ്ട് കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകൾക്കായി നടപടി തുടങ്ങി കെ.എസ്.ഇ.ബി. ജനുവരി മുതൽ മേയ് വരെ ഹ്രസ്വകാല കരാറുകൾക്കും ജൂൺ മുതൽ 5 വർഷത്തേക്ക് മദ്ധ്യകാല കരാറിനുമാണ് ശ്രമം. ഹ്രസ്വകാല കരാറുകൾ വഴി 300 മുതൽ 1300 മെഗാവാട്ട് വരെയാണ് വാങ്ങുക. മദ്ധ്യകാല കരാറിലൂടെ 500 മെഗാവാട്ട് 5 വർഷത്തേക്ക് ലഭ്യമാക്കാനാണ് ശ്രമം. ഈ മാസത്തെ പ്രതിസന്ധി ഒഴിവാക്കാൻ ഹിമാചൽ പ്രദേശിൽ നിന്നുള്ള 900 മെഗാവാട്ട് വൈദ്യുതി നവംബർ മുതൽ മേയ് വരെ വാങ്ങുന്നതിനുള്ള സർക്കാർ അനുമതി ഉടൻ ലഭിച്ചേക്കും. യൂണിറ്റിന് 12.50 രൂപയ്ക്കാണ് നിലവിൽ ഹിമാചൽ വൈദ്യുതി നൽകുന്നത്. നിരക്ക് കഴിയുന്നത്ര കുറയ്ക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.വില അല്പം കൂടിയാലും പവർകട്ട് ഒഴിവാക്കാൻ കഴിയുന്നത്ര വൈദ്യുതി സാദ്ധ്യമായ മാർഗങ്ങളിൽ നിന്ന് വാങ്ങണമെന്നാണ് സർക്കാർ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |