
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമപരിരക്ഷയ്‌ക്കെതിരെ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സത്യവാങ്മൂലം സമർപ്പിക്കണം.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായ പ്രവൃത്തികളുടെ പേരിൽ കമ്മിഷണർമാർക്കെതിരെ സിവിൽ, ക്രിമിനൽ കോടതി നടപടികൾ പാടില്ലെന്ന 2023ലെ നിയമത്തിലെ വ്യവസ്ഥയെയാണ് ചോദ്യംചെയ്യുന്നത്. ജഡ്‌ജിമാർക്കില്ലാത്ത നിയമ പരിരക്ഷയാണെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
അതിനിടെ, സമരത്തിനിടെ ഡൽഹി പൊലീസ് വനിതാ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചെന്ന് സുപ്രീംകോടതിയിൽ ഹർജിയെത്തി. ഇക്കാര്യം ഇന്നലെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിനു മുന്നിൽ നെറ്റ്‌വർക്ക് ഒഫ് വിമൻ ഇൻ മീഡിയ ഇന്ത്യ സംഘടന പരാമർശിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നാളെ നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു. മാദ്ധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തരുതെന്ന് കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു. അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് മാദ്ധ്യമപ്രവർത്തകൻ അമാൻ രസ്തോഗി കോടതിയലക്ഷ്യഹർജി സമർപ്പിച്ചു. അഭിഭാഷകർക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന് ലായേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ അറിയിച്ചു.
'ഇന്ത്യ' മുന്നണിയുടെ
ഹർജിയിൽ 14 ന്യൂനത
'ഇന്ത്യ' മുന്നണി നേതാക്കൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 ന്യൂനതകൾ കണ്ടെത്തി. ഫീസിൽ 200 രൂപയുടെ കുറവുമുണ്ട്. ഖാർഗെയുടെ തിരിച്ചറിയൽ കാർഡ് വ്യക്തമല്ല. ഹർജിക്കൊപ്പം വയ്ക്കേണ്ട രേഖകളുമില്ല. ന്യൂനതകൾ പരിഹരിക്കുന്ന മുറയ്‌ക്ക് നാളെ പരിഗണിക്കും. എസ്.ഐ.ആറുമായി ബന്ധപ്പെട്ട കമ്മിഷഷനിലെ രേഖകൾ വിളിച്ചുവരുത്തി കോടതി പരിശോധിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇ.സി.ഐ നെറ്ര് ഡേറ്രാബേസ് സംബന്ധിച്ച് റിട്ട. സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച സുപ്രീംകോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധി അടക്കം എത്തിയപ്പോൾ മുദ്രാവാക്യമുയർന്നത് കോടതി പരിശോധിക്കും. പല ഹർജികളും ഇന്നലെ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും ബെഞ്ചിലെ ജഡ്‌ജി വി.മോഹനയ്‌ക്ക് പനി ബാധിച്ചതിനാൽ നാളത്തേക്ക് മാറ്റി.
കേന്ദ്രത്തിന്റെ
നിലപാട് തേടി
ഗതാഗതത്തെയും വ്യാപാരത്തെയും ബാധിക്കാത്ത വിധം പ്രതിഷേധങ്ങൾ നിയന്ത്രിക്കണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര നിലപാട് തേടി. വ്യാപാരികളാണ് ഹർജിക്കാർ. അതേസമയം, ഒക്ടോബർ 10ലെ പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത് ചോദ്യംചെയ്‌ത ഹർജി പരിഗണിക്കുന്നത് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |