SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.32 PM IST

'പൊലീസും  റാമും  തമ്മിൽ  ഗൂഢാലോചന  നടന്നിട്ടുണ്ടോയെന്ന്  സംശയം'; പണത്തിന്  മീതെ  പരുന്തും  പറക്കില്ലെന്ന് ഹൈക്കോടതി

dr-ram
നിതിൻ രാജ് കേസിൽ അറസ്റ്റിലായ ഡോ.റാം

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ ഡോ. റാമിന് ജാമ്യം ലഭിച്ചതിലെ വീഴ്‌ചകളിൽ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് ഹൈക്കോടതി. പൊലീസ് തീരെ അശ്രദ്ധമായി പെരുമാറിയെന്ന് വിമർശിച്ച കോടതി പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കുകയായിരുന്നോയെന്നും ചോദിച്ചു.

'ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റാമും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റാം കീഴടങ്ങാൻ പൊലീസ് കാത്തിരിക്കുകയായിരുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ല. പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ ഉള്ളത്. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അറിയാത്തവിധമാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.

ഒരു ഡിവൈഎസ്‌പി നേതൃത്വം കൊടുത്ത അന്വേഷണത്തിൽ ഇത്തരം വീഴ്‌ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ല. ഈ ജോലി ചെയ്യാൻ അദ്ദേഹത്തിനർഹതയില്ല. അന്വേഷണസംഘത്തെ മാറ്റി തലയൂരാൻ സർക്കാരിനാവില്ല. സംസ്ഥാനത്ത് എന്താണ് നടക്കുന്നത്. ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ പരാജയമാണ്. പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് നന്നായറിയാം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. സാധാരണക്കാരന് നീതി ഉറപ്പാക്കാനാണ് പൊലീസ്'- കോടതി വ്യക്തമാക്കി.

അറസ്റ്റിന്റെ കാരണവും സാഹചര്യവും വ്യക്തമാക്കി പ്രതിയുടെ ബന്ധുക്കൾക്കടക്കം നോട്ടീസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അനധികൃത അറസ്റ്റായി കോടതി കണക്കാക്കും. എന്നാൽ ഇതൊന്നും അന്വേഷണസംഘം പാലിച്ചില്ല. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാനും വൈകിയിരുന്നു. തുടർന്നാണ് റാമിന് ജാമ്യം ലഭിച്ചത്.

അതേസമയം, ഡോ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന് വീഴ്‌ച പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ നടപടിയുണ്ടാകും. കേസിൽ ആദ്യംമുതൽ പൊലീസ് ഇരയോടൊപ്പമാണ്. നിതിന്റെ മാതാപിതാക്കൾ പറഞ്ഞതിനനുസരിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

English Summary

The Kerala High Court sharply criticized the police and state government over procedural lapses that led to bail for Dr. Ram, arrested in the death of dental student Nithin Raj. The court questioned possible collusion, condemned failures to follow Supreme Court arrest guidelines, and said the investigation reflected serious negligence that undermined public trust in law enforcement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN RAJ DEATH, DR RAM BAIL, KERALA HIGH COURT, NITHIN RAJ CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA