തിരുവനന്തപുരം: ശബരിമല തന്ത്രി സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്നുമുള്ള കണ്ഠരര് രാജീവരരുടെ ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിക്കും. അടുത്ത ദേവസ്വം ബോർഡ് യോഗം തീരുമാനമെടുത്ത് ഹൈക്കോടതിയെ അറിയിക്കും.
താഴമൺ കുടുംബമാണ് ശബരിമല തന്ത്രി സ്ഥാനം വഹിക്കുന്നത്. ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ബോർഡിന്റെ നിലപാട്. കണഠരര് മോഹനരെ തന്ത്രി സ്ഥാനത്തു നിന്നും മാറ്റിയപ്പോൾ അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം മകൻ മഹേഷ് മോഹനരെ തന്ത്രിയാക്കിയിരുന്നു. അതേ നിലപാട് രാജീവരരുടെ കത്തിലും സ്വീകരിക്കും. ഈ തീർത്ഥാടന കാലത്ത് ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ രാജീവരരുടെ മകൻ ബ്രഹ്മദത്തനാകും പങ്കെടുക്കുക. നവംബർ 16ന് തുടങ്ങുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തന്ത്രിയുടെ ചുമതലയും ബ്രഹ്മദത്തൻ നിർവഹിക്കും.
സബ് ഗ്രൂപ്പ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയ്ക്ക് അടുത്ത ദേവസ്വം ബോർഡ് യോഗം അംഗീകാരം നൽകും.വിജിലൻസ് വിഭാഗത്തിലേക്ക് ഉൾപ്പെടെ സ്ഥലം മാറ്റപ്പെട്ടവർക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥലം മാറ്റിയതിനു ശേഷമാണ് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഇവർക്ക് നിയമനം നൽകാനുള്ള പട്ടികയ്ക്കും ബോർഡ് യോഗം അംഗീകാരം നൽകിയേക്കും. ചില ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്ക് ഉൾപ്പെടെ മാറ്റമുണ്ടായേക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |