SignIn
Kerala Kaumudi Online
Saturday, 06 June 2026 6.31 AM IST

സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ, ഇല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും

READ ENGLISH VERSION
students

വേനലവധിക്കു ശേഷം വീണ്ടും സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ദിനചര്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നേരത്തെ എഴുന്നേല്‍ക്കല്‍, പഠനം കളി, യാത്ര തുടങ്ങിയവയൊക്കെ കുട്ടികളുടെ ശരീരത്തിനും മനസ്സിനും കൂടുതല്‍ പോഷകങ്ങള്‍ ആവശ്യമായ പ്രവര്‍ത്തികളാണ്. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.

കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പാല്‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂട്ടുന്നു. കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. പാല്‍ ഉല്‍പ്പന്നങ്ങളായ തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍ എന്നിവയും തിരഞ്ഞെടുക്കാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.

കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ഇട്ടിട്ടുള്ള ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം. ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. ജങ്ക് ഫുഡ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. ചുവന്ന ഇറച്ചികളുടെ ഉപയോഗം നിയന്ത്രിക്കണം. സംസ്‌ക്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല. കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom,TVM

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, FOOD, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY